ആസ്വാദകമനം നിറച്ചു; അരനൂറ്റാണ്ടിലേറെ

ചെങ്ങന്നൂർ മഹാദേവർ ക്ഷേത്രത്തിലെ ഉത്സവത്തിന് ശിവശങ്കരപണിക്കർ 
നാഗസ്വരം വായിക്കുന്നു (ഫയൽ ചിത്രം)


  ചെങ്ങന്നൂർ നാഗസ്വരത്തിന്റെ കലാലോകത്ത്‌ തന്റേതായ സ്ഥാനമുറപ്പിച്ച ടി ആർ ശിവശങ്കരപണിക്കരുടെ (100) വിടവാങ്ങലോടെ നാടിന്‌ നഷ്‌ടമായത്‌ അരനൂറ്റാണ്ടിലേറെക്കാലം ആസ്വാദകരുടെ മനംനിറച്ച കലാകാരനെ.  ചെങ്ങന്നൂർ കീഴ്ചേരിമേൽ കിഴക്കേനട കടയ്ക്കിലേത്ത്  രാഘവപണിക്കർ– ജാനകിയമ്മ ദമ്പതികളുടെ ആറു മക്കളിൽ മൂത്തയാളായാണ് ജനനം. കുട്ടിക്കാലം മുതൽ ശാസ്ത്രീയ സംഗീതത്തിൽ താത്പര്യം പ്രകടിപ്പിച്ച പണിക്കർ കിഴക്കേനട യു പി സ്കൂളിൽ അഞ്ചാംതരം വിജയിച്ചതോടെ അച്ഛൻ സംഗീതാധ്യാപകനായ ശബരിമല മുൻ മേൽശാന്തി ഗോപാലകൃഷ്ണ പോറ്റിയുടെ കീഴിൽ ശാസ്ത്രീയ സംഗീതം അഭ്യസിക്കാൻ അയച്ചു. നാലുവർഷത്തെ സംഗീത പഠനത്തോടെ പണിക്കർക്ക് താത്പര്യമേറിയത്‌ നാഗസ്വരത്തിൽ. തമിഴ്നാട്ടിലെത്തി വേദാരണ്യ വേദമൂർത്തി, അറപ്പുക്കോട്ട ഗണേശപിള്ള തുടങ്ങിയ ഗുരുക്കന്മാരുടെ കീഴിൽ നാഗസ്വരം അഭ്യസിച്ചു. തിരികെയെത്തിയതോടെ ശിവശങ്കരപണിക്കരുടെ നാഗസ്വര കച്ചേരി ആസ്വാദകർ ഏറ്റെടുത്തു. ചെങ്ങന്നൂർ മഹാദേവർ ക്ഷേത്രത്തിലെ നാഗസ്വരം വായനക്കാരനായി കുറച്ചുനാൾ ജോലിയെടുത്തെങ്കിലും അത്‌ കച്ചേരികളുടെ തിരക്കുമൂലം ഉപേക്ഷിച്ചു.  സംഗീതരംഗത്തെ പ്രശസ്തരുമായി പണിക്കർ അടുത്തബന്ധം നിലനിർത്തി. കിഴക്കേ നടയിലെ വീടിനുസമീപത്തെ നാടകക്യാമ്പിൽ പരിശീലനത്തിനെത്തിയ അഗസ്റ്റിൻ ജോസഫുമായും പിന്നീട്‌ മകൻ കെ ജെ യേശുദാസുമായും സൗഹൃദം കാത്തുസൂക്ഷിച്ചു.   Read on deshabhimani.com

Related News