ഡോക്ടർ ദമ്പതികളുടെ 7.5 കോടി തട്ടിയ കേസിൽ 
രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ

നിർമൽ ജയിൻ


  ആലപ്പുഴ ചേർത്തലയിലെ ഡോക്ടർ ദമ്പതിമാർക്ക് ഓൺലൈൻ ഷെയർ ട്രേഡിങ്‌ തട്ടിപ്പിലൂടെ 7.5 കോടി നഷ്ടപ്പെട്ട കേസിലെ പ്രധാന പ്രതികളിലൊരാൾകൂടി അറസ്റ്റിൽ. രാജസ്ഥാൻ പാലി സ്വദേശി നിർമൽ ജയിനിനെയാണ്‌ (22) അറസ്റ്റ്‌ ചെയ്തത്‌. ഓൺലൈൻ തട്ടിപ്പ് നടത്തുന്ന ചൈനീസ് കമ്പനിയുടെ ഇന്ത്യയിലെ മുഖ്യകണ്ണികളിലൊരാളാണ്  നിർമൽ. കമ്പനിയുമായി നേരിട്ട് ബന്ധമുള്ള ഭഗവാൻ റാം എന്നയാളെ കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു.  ഇയാളുടെ അറസ്റ്റിന് ശേഷം നിർമൽ ഒളിവിലായിരുന്നു.    ദിവസങ്ങളോളം രാജസ്ഥാനിലെ വിവിധ പ്രദേശങ്ങളിൽ അന്വേഷിച്ച ശേഷം പാലി ജില്ലയിലെ ജോജാവാർ എന്ന സ്ഥലത്തെ ഒളിസങ്കേതത്തിലാണ്‌ നിർമലിനെ കണ്ടെത്തിയത്. ജില്ലാ പൊലീസ് മേധാവി എം പി മോഹനചന്ദ്രന്റെ മേൽനോട്ടത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി എ സുനിൽരാജിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ എസ്ഐ ടി ഡി നെവിൻ, എസ്ഐ മോഹൻ കുമാർ, എഎസ്ഐ വി വി വിനോദ്, എസ്‌സിപിഒ രഞ്ജിത്, സിപിഒ സിദ്ദീഖുൽ അക്ബർ എന്നിവരാണ്‌  പ്രതിയെ പിടികൂടിയത്‌.     2022 മുതൽ ഇത്തരം കുറ്റകൃത്യംചെയ്യുന്ന നിർമൽ ജയിൻ ആദ്യമായാണ് അറസ്റ്റിലാകുന്നത്. ഇയാൾക്ക് പത്ത്‌ ബാങ്കുകളിൽ അക്കൗണ്ടുകളുണ്ട്‌.  ക്രിപ്റ്റോ വാലറ്റുകളുണ്ടെന്നും ബാങ്കുകളുടെ പേരിൽ നിരവധി വ്യാജ ഇ-മെയിൽ ഐഡി ഉണ്ടാക്കിയിട്ടുണ്ടെന്നും അന്വേഷകസംഘം കണ്ടെത്തി. ജില്ലാ ക്രൈംബ്രാഞ്ചിലെ എസ്ഐമാരായ അഗസ്റ്റ്യൻ വർഗ്ഗീസ്, സജി കുമാർ(സൈബർ സെൽ), എ സുധീർ, എസ്‌സിപിഒ ബൈജു മോൻ, സിപിഒ ആന്റണി ജോസഫ് എന്നിവരുമുൾപ്പെടുന്ന സംഘമാണ് ഈ കേസ്‌ അന്വേഷിക്കുന്നത്. Read on deshabhimani.com

Related News