ഒ എൻ കെ ജങ്‌ഷനിൽ അടിപ്പാത ഉടൻ നിർമിക്കണം



കായംകുളം ദേശീയപാത അതോറിറ്റി നൽകിയ ഉറപ്പനുസരിച്ച്‌ ഒ എൻ കെ ജങ്‌ഷനിലെ അടിപ്പാത നിർമാണം ഉടൻ ആരംഭിക്കണമെന്ന് സിപിഐ എം കായംകുളം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. കായംകുളത്ത് മേൽപ്പാലവും അടിപ്പാതയും നിർമിക്കുന്നതുമായി ബന്ധപ്പെട്ട് ആലപ്പുഴ എംപി നൽകിയ വാഗ്ദാനം പാലിക്കാതെ ജനങ്ങളെ വഞ്ചിച്ചു. എംപി ആയിരിക്കെ എ എം ആരിഫും യു പ്രതിഭ എംഎൽഎയും നഗരസഭയും നടത്തിയ ശരിയായ ഇടപെടലുകളെക്കുറിച്ച്‌ ജനങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാക്കിയ യുഡിഎഫുകാർ ജനങ്ങൾക്ക് നൽകിയ എല്ലാ വാഗ്ദാനങ്ങളും ലംഘിച്ചു. പാത നിർമാണത്തിന്റെ ഭാഗമായി ഇരുവശങ്ങളിലും താമസിക്കുന്ന ജനങ്ങളും വ്യാപാരികളും വലിയ ദുരിതം നേരിടുന്നു. വെള്ളക്കെട്ട്‌ രൂപപ്പെട്ട്‌ നൂറുകണക്കിന് വീടുകളിൽ താമസിക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകുന്നു. ഇതിന്‌ ശാശ്വതപരിഹാരം കാണാൻ ഡ്രൈനേജ് സംവിധാനം ഒരുക്കണം. ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ദേശീയപാത അതോറിറ്റിയോടും കേന്ദ്ര സർക്കാരിനോടും സമ്മേളനം ആവശ്യപ്പെട്ടു. പട്ടണത്തിലെ ഗതാഗതക്കുരുക്ക്‌ പരിഹരിക്കാൻ കെഎസ്ആർടിസി ജങ്‌ഷൻ മുതൽ പ്രതാംഗമൂട് ജങ്‌ഷൻ വരെ ഫ്ളൈ ഓവർ നിർമിക്കുക, കായംകുളം വനിതാ പോളിടെക്‌നിക് എൻജിനിയറിങ്‌ കോളേജായി ഉയർത്തുക, കായംകുളം റെയിൽവേ സ്റ്റേഷനിലെ ആർഎംഎസ് ഓഫീസ് നിർത്തലാക്കാനുള്ള നീക്കം കേന്ദ്ര സർക്കാർ ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.  കദീശാ ഓഡിറ്റോറിയത്തിലെ പിഎച്ച് ജാഫർകുട്ടി നഗറിൽ നടന്ന പ്രതിനിധി സമ്മേളനം വെള്ളിയാഴ്‌ച സമാപിച്ചു. ചർച്ചയ്ക്ക് ഏരിയാ സെക്രട്ടറി പി അരവിന്ദാക്ഷൻ, ജില്ലാ സെക്രട്ടറി ആർ നാസർ എന്നിവർ മറുപടി പറഞ്ഞു. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സജി ചെറിയാൻ സംസാരിച്ചു. എസ് നസിം ക്രഡൻഷ്യൻ റിപ്പോർട്ട് അവതരിപ്പിച്ചു. പുതിയ ഏരിയ കമ്മിറ്റിയെയും സെക്രട്ടറിയെയും ജില്ലാ സമ്മേളന പ്രതിനിധികളായി 34 പേരെയും തെരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കെ പ്രസാദ്, കെ എച്ച് ബാബുജാൻ, എ മഹേന്ദ്രൻ, എം സത്യപാലൻ, ജി ഹരിശങ്കർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി ഗാനകുമാർ, എൻ ശിവദാസൻ എന്നിവർ പങ്കെടുത്തു. പി ശശികല നന്ദി പറഞ്ഞു. സമ്മേളനത്തിന്‌ സമാപനംകുറിച്ച്‌ 16ന് ചുവപ്പുസേനാ മാർച്ചും ബഹുജന റാലിയും പൊതുസമ്മേളനവും നടക്കും. പകൽ മൂന്നിന് പരേഡും റാലിയും ജിഡിഎം ഗ്രൗണ്ടിൽ നിന്നാരംഭിക്കും. വൈകിട്ട്‌ നാലിന് എം ആർ രാജശേഖരൻ നഗറിൽ (എൽമെക്സ് ഗ്രൗണ്ട്) നടക്കുന്ന പൊതുസമ്മേളനം എം എം മണി എംഎൽഎ ഉദ്ഘാടനംചെയ്യും. സ്വാഗതസംഘം ചെയർപേഴ്സൺ പി ശശികല അധ്യക്ഷയാകും.   ബി അബിൻഷാ കായംകുളം ഏരിയ സെക്രട്ടറി കായംകുളം സിപിഐ എം കായംകുളം ഏരിയ സെക്രട്ടറിയായി ബി അബിൻഷായെ സമ്മേളനം തെരഞ്ഞെടുത്തു. 21 അംഗ ഏരിയ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. കമ്മിറ്റി അംഗങ്ങൾ: എസ് നസിം, എസ് സുനിൽകുമാർ, യു പ്രതിഭ എംഎൽഎ, ജി ശ്രീനിവാസൻ, കെ പി മോഹൻദാസ്, പി ശശികല, എസ് ആസാദ്, എസ് പവനനാഥൻ, ടി യേശുദാസ്, എം നസീർ, ഐ റഫീക്ക്, വി പ്രഭാകരൻ, എസ് ഗോപിനാഥൻപിള്ള, പി സുരേഷ്‌കുമാർ, എസ് കേശുനാഥ്, സി എ അഖിൽകുമാർ, കെ ബി പ്രശാന്ത്, കെ ശിവപ്രസാദ്, സി അജികുമാർ, വി മുരളീധരൻ. Read on deshabhimani.com

Related News