നാവിലും കപ്പലോടിക്കും ശാസ്‍‍ത്രമേള

സംസ്ഥാന സ്‍കൂൾ ശാസ്‍ത്രമേളയ്‍ക്കായി ഒരുങ്ങിയ ഭക്ഷണശാല 
ലജ്നത്തുൽ മുഹമ്മദിയ സ്‍കൂളിൽ പഴയിടം മോഹനൻ നമ്പൂതിരി ഉദ്ഘാടനംചെയ്യുന്നു


ആലപ്പുഴ   ആലപ്പുഴയുടെ തനിനാടൻ മീൻകറി മുതൽ ഫ്രൈഡ് റൈസ് വരെ രുചി വൈവിധ്യങ്ങളുടെ നീണ്ടനിരയാണ് സംസ്ഥാനസ്‌കൂൾ ശാസ്ത്രമേളക്കെത്തുന്നവരുടെ മനസ്സ് നിറക്കാൻ പാചകപ്പുരയിൽ ഒരുങ്ങുന്നത്. പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് ഇക്കുറിയും രുചിയുടെ കലവറ സജ്ജമായത്. ഇത്തവണ ആദ്യമായാണ് സംസ്ഥാനശാസ്ത്രമേളക്ക് മാംസഭക്ഷണം തയ്യാറാക്കുന്നതെന്ന് പഴയിടം മോഹനൻ നമ്പൂതിരി പറഞ്ഞു.  ലജ്‌നത്തുൽ മുഹമ്മദിയ്യ ഹയർസെക്കൻഡറി സ്‌കൂളിലാണ് പാചകപ്പുര. വ്യാഴം പകൽ 3.30ഓടെ പാചകപ്പുര പ്രവർത്തനം ആരംഭിച്ചു. മേളക്കെത്തുന്ന 15000ത്തിലധികം പേർക്കാണ് ഇവിടെ നിന്ന് ഭക്ഷണം തയ്യാറാക്കുന്നത്. ആദ്യ രണ്ട് ദിവസങ്ങളിൽ 5000 പേർക്കും ബാക്കി രണ്ട് ദിവസങ്ങളിൽ 3000 പേർക്ക് വീതവും ഭക്ഷണം നൽകേണ്ടി വരുമെന്നാണ് ഫുഡ്കമ്മിറ്റിയുടെ കണക്കുകൂട്ടൽ. 45പേരാണ് പഴയിടത്തിന്റെ പാചകസംഘത്തിലുള്ളത്. പ്രാതലും രാത്രി ഭക്ഷണവും ലജ്‌നത്തിലെ ഭക്ഷണപ്പന്തലിലാണ് ലഭിക്കുക. എന്നാൽ ഉച്ചഭക്ഷണവും വൈകിട്ടത്തെ ചായയും പ്രധാന ഭക്ഷണപ്പന്തലിനൊപ്പം മറ്റ് മൂന്ന് വേദികളിലെ ഭക്ഷണപ്പന്തലുകളിലും വിതരണം ചെയ്യും.  മേളയുടെ ആദ്യദിനം അമ്പലപ്പുഴ പാൽപ്പായസം അടങ്ങിയ സദ്യയാണ് മേളക്കെത്തുന്നവരുടെ മനവും വയറും നിറക്കുക. കൂടാതെ സാമ്പാറ്, മോരുകറി, തോരൻ, അച്ചാർ, കൂട്ടുകറി, മോര് എന്നിവയുമുണ്ട്.  രണ്ടാമത്തെ ദിനം ഊണിനൊപ്പം ആലപ്പുഴയുടെ തനിനാടൻ മീൻ രുചിയുണ്ട്. കൂടാതെ സാമ്പാറ്, അവിയൽ, പുളിശ്ശേരി, രസം, തോരൻ, പപ്പടം, അച്ചാർ എന്നിവയുമുണ്ട്. ഫിഷറീസ് മന്ത്രിയും ശാസ്ത്രമേള സംഘാടകസമിതി ചെയർമാനുമായ സജി ചെറിയാന്റെ പ്രത്യേക നിർദ്ദേശപ്രകാരം മത്സ്യഫെഡിൽ നിന്നാണ് ആവശ്യമായ മൽസ്യം എത്തിക്കുന്നത്. മൂന്നാം ദിനം  ഊണിനൊപ്പം ചിക്കൻ കറിയുണ്ട്. അവസാന ദിവസം ഫ്രൈഡ് റൈസും ചിക്കൻ കറിയുമാണ് സ്‌പെഷ്യൽ.  വൈകിട്ടത്തെ ചായക്കൊപ്പം കൊഴുക്കട്ട, വട്ടയപ്പം, കിണ്ണത്തപ്പം, പഴംപൊരി തുടങ്ങിയ നാടൻ വിഭവങ്ങളാണ് ലഘു പലഹാരം. പ്രാതലിന് ഇഡലി-–-സാമ്പാർ, ഉപ്പുമാവ്-–-കടല, പുട്ട്- –-കടല എന്നിവയാണ് മെനുവിലുള്ളത്. ഇതിനൊപ്പം മുട്ട പുഴുങ്ങിയതോ പഴം പുഴുങ്ങിയതോ കൂടി ലഭിക്കും. രാത്രി ഭക്ഷണത്തിൽ ചോറിനൊപ്പം ചപ്പാത്തിയുമുണ്ട് മെനുവിൽ. കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ നേതൃത്വത്തിലുള്ള ഫുഡ് കമ്മിറ്റിയുടെ ചെയർമാൻ ജില്ലാ പഞ്ചായത്തംഗം ജോൺതോമസാണ്. ബി ബിജുവാണ് കൺവീനർ.   Read on deshabhimani.com

Related News