രണ്ടാം കുട്ടനാട് പാക്കേജ് അടിയന്തരമായി നടപ്പാക്കുക

സിപിഐ എം കുട്ടനാട് ഏരിയ സമ്മേളനത്തിന്റെ പൊതുസമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം സി ബി ചന്ദ്രബാബു ഉദ്‌ഘാടനംചെയ്യുന്നു


  മങ്കൊമ്പ് കുട്ടനാടിന്റെ സമഗ്രപുരോഗതിക്കായി എൽഡിഎഫ് സർക്കാർ ആവിഷ്‌കരിച്ച രണ്ടാം കുട്ടനാട് പാക്കേജിലെ പദ്ധതി പ്രവർത്തനങ്ങൾ ത്രിതല പഞ്ചായത്ത് സംവിധാനങ്ങളെ ഉൾപ്പെടുത്തി നടപ്പാക്കണമെന്ന് സിപിഐ എം കുട്ടനാട്‌ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. കഴിഞ്ഞ എൽഡിഎഫ്  സർക്കാർ 149 കോടി രൂപ അനുവദിച്ച കുട്ടനാട് താലൂക്കാശുപത്രി നിർമാണം അടിയന്തരമായി ആരംഭിക്കുക, കുട്ടനാട്‌ കുടിവെള്ള പദ്ധതി പ്രവർത്തനം പൂർത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. സമ്മേളനത്തിന്‌ സമാപനം കുറിച്ച്‌ വെള്ളിയാഴ്‌ച വൈകിട്ട്‌ ബഹുജന പ്രകടനവും ചുവപ്പുസേനാ മാർച്ചും  പൊതുസമ്മേളനവും നടന്നു. രാവിലെ ഏരിയ സെക്രട്ടറി ജി  ഉണ്ണികൃഷ്ണൻ, ജില്ലാ സെക്രട്ടറി ആർ നാസർ എന്നിവർ ചർച്ചകൾക്ക് മറുപടി പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കെ രാഘവൻ, കെ പ്രസാദ്, ജില്ലാ കമ്മിറ്റി അംഗം കെ കെ അശോകൻ എന്നിവർ പങ്കെടുത്തു. സ്വാഗതസംഘം ചെയർമാൻ കെ ആർ പ്രസന്നൻ നന്ദി പറഞ്ഞു. പുതിയ ഏരിയ കമ്മിറ്റിയെയും സെക്രട്ടറിയെയും ജില്ലാ സമ്മേളന പ്രതിനിധികളായി 18 പേരെയും തെരഞ്ഞെടുത്തു. ജോസ് തോമസ് ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. മാമ്പുഴക്കരി സത്യവ്രത സ്‌മാരകത്തിനു സമീപത്തുനിന്ന് ആരംഭിച്ച പ്രകടനത്തിൽ നൂറുകണക്കിനാളുകൾ അണിനിരന്നു. വാദ്യമേളങ്ങളും ഉണ്ടായി. കോടിയേരി ബാലകൃഷണൻ നഗറിൽ (രാമങ്കരി ലോക്കൽ കമ്മിറ്റി ഓഫീസിന് സമീപം) പൊതുസമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം സി ബി ചന്ദ്രബാബു  ഉദ്ഘാടനംചെയ്‌തു. ജി ഉണ്ണികൃഷ്‌ണൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം കെ കെ അശോകൻ, കെ മോഹൻലാൽ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി സി പി ബ്രീവൻ സ്വാഗതവും രാമങ്കരി ലോക്കൽ സെക്രട്ടറി ഡി സലിംകുമാർ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News