മാരാരിക്കുളം രക്തസാക്ഷി സ്‌മാരകം മുഖ്യമന്ത്രി ഉദ്ഘാടനംചെയ്‌തു
കഞ്ഞിക്കുഴി മാരാരിക്കുളം രക്തസാക്ഷി സ്‌മാരകം (സിപിഐ എം കഞ്ഞിക്കുഴി ഏരിയ കമ്മിറ്റി ഓഫീസ്) മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്‌തു. ദേശീയപാത വികസനത്തിന്റെ ഭാഗമായി എസ് എൽ പുരം ജങ്‌ഷനിലെ ഏരിയ കമ്മിറ്റി ഓഫീസ് ഭാഗികമായി പൊളിച്ചുനീക്കിയതിനാൽ എസ്എൽ പുരത്തുതന്നെ ദേശീയപാതയോരത്ത് ഏരിയാ കമ്മിറ്റി വാങ്ങിയ ഭൂമിയിലാണ് പുതിയ ആസ്ഥാനമന്ദിരം നിർമിച്ചത് . ആസ്ഥാനമന്ദിരത്തിന് മുൻവശം രൂപകൽപ്പനചെയ്‌ത മാരാരിക്കുളം രക്തസാക്ഷി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തിയശേഷം കൊടിമരത്തിൽ പിണറായി വിജയൻ പതാക ഉയർത്തി. തുടർന്ന് ആസ്ഥാനമന്ദിരം ശിലാഫലകം അനാച്ഛാദനംചെയ്‌ത് നാട മുറിച്ചു. പൊതുസമ്മേളനത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ അധ്യക്ഷനായി. സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ടി എം തോമസ് ഐസക്, മന്ത്രി സജി ചെറിയാൻ, പി പി ചിത്തരഞ്ജൻ എംഎൽഎ, ജി വേണുഗോപാൽ, കെ പ്രസാദ്, കെ എച്ച് ബാബുജാൻ, ടി കെ ദേവകുമാർ, എ മഹേന്ദ്രൻ, കെ ജി രാജേശ്വരി, വി ജി മോഹനൻ, ദലീമ എംഎൽഎ, പ്രഭ മധു, എസ് രാധാകൃഷ്‌ണൻ എന്നിവർ സംസാരിച്ചു. എസ് എൻ കോളേജിന് മുന്നിൽനിന്ന് ചുവപ്പുസേന മാർച്ചും പ്രകടനവും നടന്നു. സമ്മേളന നഗരിയിൽ പിണറായി സല്യൂട്ട് സ്വീകരിച്ചു. പ്രസീത ചാലക്കുടിയുടെ നേതൃത്വത്തിൽ നാടൻപാട്ടും അരങ്ങേറി. Read on deshabhimani.com