വിലങ്ങുമായി ചാടിയിട്ടും പിടിച്ചു: കുറുവ സംഘത്തിലെ 
2 പേർ പിടിയില്‍

എറണാകുളം കുണ്ടന്നൂരിൽ പിടിയിലായ കുറുവ സംഘാംഗം സന്തോഷ്‌ ശെൽവനെ ആലപ്പുഴ പൊലീസ് ട്രെയിനിങ് സെന്ററിൽ എത്തിച്ചപ്പോൾ


സ്വന്തം ലേഖകൻ കൊച്ചി ആലപ്പുഴയിൽ വിവിധ പ്രദേശങ്ങിൽ  ഭീതിപടർത്തി വീടുകളിൽ കവർച്ച നടത്തിയ കുറുവ സംഘത്തിൽ ഉൾപ്പെട്ടതെന്ന് കരുതുന്ന  രണ്ടുപേർ പൊലീസ്‌ പിടിയിൽ. തമിഴ്നാട്ടുകാരായ സന്തോഷ്‌ ശെൽവം, മണികണ്ഠൻ എന്നിവരെയാണ്‌ മണ്ണഞ്ചേരി പൊലീസ് കുണ്ടന്നൂർ തേവര പാലത്തിനുതാഴെനിന്ന്‌ പിടികൂടിയത്‌. ജീപ്പിലേക്ക്‌ കയറ്റുന്നതിനിടെ രക്ഷപ്പെട്ട സന്തോഷിനെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ്‌ പിടികൂടി.   കുണ്ടന്നൂർ–-തേവര പാലത്തിന് താഴെ തമ്പടിച്ചിരുന്ന മീൻപിടിത്തക്കാരായ ഇതരസംസ്ഥാനക്കാർക്കിടയിൽ കുറുവാസംഘമുണ്ടെന്ന് പൊലീസിന്‌ വിവരം ലഭിച്ചിരുന്നു. നിരീക്ഷണം തുടരുന്നതിനിടെയാണ്‌ ശനിയാഴ്ച പൊലീസ്‌ സംഘം സ്ഥലത്തെത്തിയത്‌.  രണ്ടുപേരെ അറസ്റ്റ്‌ചെയ്ത്‌ ജീപ്പിലേക്ക്‌ കയറ്റുന്നതിനിടെ കൂട്ടത്തിൽപ്പെട്ട സ്ത്രീകളും കുട്ടികളുമുൾപ്പെട്ട സംഘം പൊലീസിനെ ആക്രമിച്ച്‌ ജീപ്പിന്റെ ഡോർ തുറന്നുകൊടുത്തു. ഉടനെ സന്തോഷ്, കൈവിലങ്ങോടെ ചാടി രക്ഷപ്പെട്ടു. വൻ പൊലീസ്‌ സന്നാഹം മരട്, നെട്ടൂർ, തേവര ഭാഗങ്ങളിൽ തിരച്ചിൽ ആരംഭിച്ചു. അഗ്നി രക്ഷാസേനയും സ്കൂബ സംഘവും സഹായത്തിനെത്തി. നാലുമണിക്കൂർനീണ്ട തിരച്ചിലിനൊടുവിൽ സമീപത്തെ പൊന്തക്കാട്ടിൽനിന്നാണ്‌ സന്തോഷിനെ പിടികൂടിയത്‌.    ഇവരെ ചോദ്യംചെയ്യലിനായി ആലപ്പുഴയിലേക്ക്‌ കൊണ്ടുപോയി. പാലത്തിനടിയിൽ കുഴികുഴിച്ചാണ്‌ ഇവർ ഒളിവിൽ കഴിഞ്ഞിരുന്നത്‌. മണ്ണഞ്ചേരി ആര്യാട്‌, പുന്നപ്ര, തുക്കുകുളം, ചേർത്തല ഭാഗങ്ങളിലൊണ്‌ കഴിഞ്ഞ ദിവസങ്ങളിൽ കവർച്ച നടന്നത്‌. സന്തോഷിന്റെ ഭാര്യ ജ്യോതി അമ്മ പൊന്നമ്മ എന്നിവർ മരട്‌ പൊലീസിന്റെ കസ്റ്റഡിയിലാണ്. ഇവരാണ്‌ സന്തോഷിന്‌ രക്ഷപ്പെടാൻ പൊലീസ്‌ ജീപ്പിന്റെ ഡോർ തുറന്നുകൊടുത്തത്‌.  ഡിവൈഎസ്‌പി എം ആർ മധുബാബു, എസ്എച്ച്ഒ ടോൾസൺ പി ജോസഫ്, എസ്ഐ കെ ആർ ബിജു എന്നിവരുടെ നേതൃത്വത്തിലാണ് ആലപ്പുഴയിലേക്ക് കൊണ്ടുവന്നത്.   പിടിയിലായ കുറുവ സംഘാംഗത്തെ 
ചോദ്യംചെയ്യുന്നു സ്വന്തം ലേഖകൻ ആലപ്പുഴ കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിലുണ്ടായ മോഷണ സംഭവങ്ങളെ തുടർന്ന്‌ എറണാകുളം കുണ്ടന്നൂരിൽ പിടിയിലായ കുറുവ സംഘാംഗം സന്തോഷ്‌ ശെൽവത്തെ ആലപ്പുഴ ജില്ലാ പൊലീസ്‌ ട്രെയിനിങ്‌ സെന്ററിൽ എത്തിച്ച്‌ ചോദ്യംചെയ്യുന്നു. തമിഴ്നാട്‌ സ്വദേശികളായ സന്തോഷ്‌ ശെൽവം, മണികണ്ഠൻ എന്നിവരെ മണ്ണഞ്ചേരി പൊലീസ് കുണ്ടന്നൂർ തേവര പാലത്തിനുതാഴെനിന്നാണ്‌ പിടികൂടിയത്‌. ജില്ലാ പൊലീസ്‌ മേധാവിയടക്കം  ഉന്നത ഉദ്യോഗസ്ഥരുടെ സംഘമാണ്‌ പ്രതികളെ ചോദ്യംചെയ്യുന്നത്‌. ശനി രാത്രി 11.30 ഓടെയാണ്‌ ആലപ്പുഴയിൽ എത്തിച്ചത്‌. മണ്ണഞ്ചേരി പൊലീസിലെ ഒരു സംഘം കൊച്ചിയിൽ തുടരുകയാണ്‌. കുടുതൽ പ്രതികളെക്കുറിച്ച്‌ ഇവർക്ക്‌ സൂചന ലഭിച്ചിട്ടുണ്ട്‌.    കുണ്ടന്നൂരിൽ പിടിയിലായ പ്രതികളെ ജീപ്പിലേക്ക്‌ കയറ്റുന്നതിനിടെ രക്ഷപ്പെട്ട സന്തോഷിനെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ്‌ വീണ്ടും പിടികൂടുകയായിരുന്നു.  ആലപ്പുഴയിൽ നടന്ന മോഷണങ്ങൾക്ക്‌ പിന്നിൽ കുറുവ സംഘമാണെന്ന്‌ സ്ഥിരീകരിച്ചതിന്‌ പിന്നാലെ സമാനമായ കേസുകളിൽ മുമ്പ്‌ പിടിയിലായവരെ കേന്ദ്രീകരിച്ച്‌ പൊലീസ്‌ അന്വേഷണം ആരംഭിച്ചിരുന്നു.  ഇവരെ കൂടുതൽ ചോദ്യം ചെയ്‌താലേ ജില്ലയിലെ മോഷണങ്ങളുമായി ബന്ധമുണ്ടോ എന്നതിൽ വ്യക്തതവരൂ.   താവളം തേടി പിന്നാലെ പൊലീസ്‌ സ്വന്തം ലേഖകൻ ആലപ്പുഴ  മണ്ണഞ്ചേരി, ആര്യാട്‌,  പുന്നപ്ര, തൂക്കുകുളം, ചേർത്തല എന്നിവിടങ്ങളിലടക്കം സമീപകാലത്തുണ്ടായ മോഷണങ്ങൾക്കുപിന്നിൽ കുറുവ സംഘമെന്ന്‌   സ്ഥിരീകരിച്ചതോടെ നാടെങ്ങും വലവിരിച്ച്‌ പൊലീസ്‌. അന്വേഷണവും പരിശോധനയും ഊർജിതമാക്കിയ പൊലീസ്‌ എറണാകുളം കുണ്ടന്നൂരിലെ താവളത്തിൽനിന്ന്‌ രണ്ടുപേരെ പിടിച്ചു. രക്ഷപ്പെട്ട ഒരാളെ മണ്ണഞ്ചേരി പൊലീസ്‌ സാഹസികമായി പിന്തുടർന്നു പിടിച്ചു. പുന്നപ്രയിൽ നേരത്തെ ഒരാളെ പിടിച്ചെങ്കിലും രക്ഷപ്പെട്ടിരുന്നു.  ദൃശ്യങ്ങൾ വിലയിരുത്തിയാണ്‌ കുറുവ സംഘമെന്ന്‌ തിരിച്ചറിഞ്ഞത്‌. ദൃശ്യങ്ങൾ തമിഴ്‌നാട്‌ പൊലീസിനും നൽകിയിരുന്നു. പുലർച്ചെ മഴയത്താണ്‌ മണ്ണഞ്ചേരിയിൽ മോഷണസംഘം എത്തിയത്‌. മുഖംമറച്ച്‌ അൽപവസ്‌ത്രംമാത്രം ധരിച്ച മോഷ്ടാക്കൾ നടന്നുവരുന്ന ദൃശ്യങ്ങളാണ്‌  ലഭിച്ചത്‌. റെയിൽവെ സ്‌റ്റേഷന്‌ സമീപപ്രദേശങ്ങളാണ്‌ മോഷ്ടാക്കൾ കവർച്ചയ്‌ക്ക്‌ തെരഞ്ഞെടുക്കുന്നതെന്ന്‌ ഡിവൈഎസ്‌പി എം ആർ മധുബാബു പറഞ്ഞു. ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ പ്രത്യേകസംഘമാണ്‌ കേസ്‌ അന്വേഷിക്കുന്നത്‌.  ശബരിമല സീസണായതിനാൽ റെയിൽവെ സ്‌റ്റേഷനിലടക്കം തിരക്കുണ്ട്‌.  ആളുകളെ പരിശോധിക്കാൻ ബുദ്ധിമുട്ടുണ്ട്‌. രാത്രികാലങ്ങളിലെ വാഹനപരിശോധനയും  പ്രയാസമാണ്‌.  മുമ്പും ഇതേകാലത്താണ്‌ ഈ സംഘത്തിന്റെ മോഷണം. മോഷണശ്രമത്തിനിടെ പറവൂരിൽ പിടിയിലായയാളെ ഉപയോഗിച്ച്‌ രേഖാചിത്രം തയ്യാറാക്കാൻ ശ്രമത്തിലാണ്‌ പൊലീസ്‌.  മണ്ണഞ്ചേരിയിൽ കഴിഞ്ഞ ചൊവ്വാഴ്‌ച  12 –-ാം വാർഡിൽ സ്‌പിന്നിങ്‌ മില്ലിന് പടിഞ്ഞാറ്‌ മടയാംതോടിനു സമീപം നായ്ക്കംവെളി അജയകുമാറിന്റെ  ഭാര്യ ജയന്തിയുടെ  മാല പൊട്ടിച്ചെടുത്തു. 11-–-ാം വാർഡിൽ തമ്പകച്ചുവട് എസ്എൻഡിപിക്ക് പടിഞ്ഞാറ് മാളിയേക്കൽ കുഞ്ഞുമോന്റെ ഭാര്യ ഇന്ദുവിന്റെ  മാലയും മുറിച്ചെടുത്തു. പേഴ്‌സിൽനിന്ന്‌ പണവും കവർന്നു.  അയൽവാസി പോട്ടയിൽ രാജന്റെ വീടിന്റെ കതകുതുറക്കാൻ ശ്രമിച്ചു. വാഴച്ചിറ ഷാജിയുടെ വീടിന്റെ ഗേറ്റ് തുറന്നെങ്കിലും അകത്തു കടന്നില്ല. കോമളപുരം ടാറ്റാവെളിക്ക് പടിഞ്ഞാറ് അഭിനവം വീട്ടിൽ വിനയചന്ദ്രന്റെ  വീടിന്റെ അടുക്കളവാതിലും പൊളിച്ചു.  തൂക്കുകുളം മകയിരത്തിൽ നീതുവിന്റെ ഒന്നരപ്പവന്റെയും മൂന്നുമാസം പ്രായമായ മകൻ രാംമാധവിന്റെ അരപ്പവന്റെയും മാലകളുമാണ്  ബുധനാഴ്‌ച കവർന്നത്‌. മുഖം മറച്ചെത്തിയ ആളാണ് മോഷണം നടത്തിയത്. ചേർത്തല ഭാഗത്തും മോഷണവും ശ്രമങ്ങളുമുണ്ടായി. Read on deshabhimani.com

Related News