പാതിരാമണലിലൊരുങ്ങി കുട്ടികൾക്കൊരു പറുദീസ
മുഹമ്മ ലോക വിനോദസഞ്ചാര ഭൂപടത്തിൽ ഇടം നേടിയ പാതിരാമണൽ ദ്വീപിൽ കുട്ടികൾക്കായി പാർക്ക് ഒരുങ്ങി. ഊഞ്ഞാലിലും സീസയിലും മറ്റ് കളി ഉപകരണങ്ങളിലുമൊക്കെയായി കുട്ടികൾക്കിനിയിവിടം പറുദീസയാകും. ശനിയാഴ്‌ച പാർക്ക് തുറന്നുകൊടുക്കും. ദ്വീപിന്റെ കിഴക്കേ അറ്റത്ത് വൃക്ഷങ്ങളുടെ തണലിൽ 25 ലക്ഷം രൂപ വിനിയോഗിച്ചാണ് പാർക്ക് നിർമിച്ചത്. എ എം ആരിഫ് എംപി ആയിരുന്നപ്പോൾ അനുവദിച്ച തുക ഉപയോഗിച്ചാണ് പാർക്ക് നിർമാണം. 2023ൽ മുഹമ്മ പഞ്ചായത്ത് സംഘടിപ്പിച്ച പാതിരാമണൽ ഫെസ്‌റ്റിന്റെ ഉദ്ഘാടനച്ചടങ്ങിൽ ആരിഫ് നൽകിയ വാഗ്‌ദാനമായിരുന്നു പാർക്ക്. ഇതോടൊപ്പം ദ്വീപിൽ കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനുള്ള പദ്ധതിയും ആരിഫ് കേന്ദ്രസർക്കാരിന് സമർപ്പിച്ചിരുന്നു. നിരീക്ഷണ കാമറകൾ, സൗരോർജ വിളക്കുകൾ, ബോട്ടുജെട്ടി നവീകരണം തുടങ്ങിയവയും പദ്ധതിയിൽ വിഭാവനംചെയ്യുന്നു. മുഹമ്മ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പാതിരാമണൽ സംരക്ഷണസമിതി രൂപീകരിച്ചു. 65 ഏക്കർ വരുന്ന ദ്വീപ് ആസ്വദിക്കാൻ നൂറുകണക്കിന് ആളുകളാണ് വരുന്നത്. പാതിരാമണൽ ഫെസ്‌റ്റ് കഴിഞ്ഞതോടെ കൂടുതൽ പേർ ഇവിടേക്കെത്തുന്നു. ചെറിയ ഫീസിലാണ് പ്രവേശനം. കായിപ്പുറം, കുമരകം എന്നിവിടങ്ങളിൽനിന്ന് സ്വകാര്യബോട്ടുകളും ശിക്കാരി വള്ളങ്ങളും സഞ്ചാരികളെ ദ്വീപിലേക്കെത്തിക്കുന്നു. കൂടാതെ ജലഗതാഗതവകുപ്പിന്റെ യാത്രാബോട്ടുകളും കുറഞ്ഞ നിരക്കിൽ സർവീസ് നടത്തുന്നു. ശനി പകൽ 10.30ന് മന്ത്രി പി പ്രസാദ് പാർക്ക് ഉദ്ഘാടനംചെയ്യും. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ഡി മഹീന്ദ്രൻ അധ്യക്ഷനാകും. കെ സി വേണുഗോപാൽ എംപി മുഖ്യാതിഥിയാകും. എ എം ആരിഫ് മുഖ്യപ്രഭാഷണം നടത്തും. Read on deshabhimani.com