കേപ്പിന്‌ കീഴിൽ 4 നഴ്‌സിങ്‌ കോളേജുകൂടി ആരംഭിക്കും: മന്ത്രി വി എൻ വാസവൻ

പുന്നപ്ര കേപ്പ് നഴ്സിങ്ങ് കോളേജ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യുന്നു


അമ്പലപ്പുഴ  സംസ്ഥാന സഹകരണവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കോ–-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷന്റെ (കേപ്പ്) ആഭിമുഖ്യത്തിൽ നാല് നഴ്സിങ് കോളേജുകൾ കൂടി ആരംഭിക്കുമെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. കേപ്പിന്റെ ആദ്യ നഴ്സിങ് കോളേജ് പുന്നപ്ര അക്ഷരനഗരി ക്യാമ്പസിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി.    ഒമ്പത് എൻജിനിയറിങ് കോളേജുകളും രണ്ട് മാനേജ്മെന്റ്‌ ഇൻസ്‌റ്റിറ്റ്യൂട്ടുകളും സാഗര സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയും സ്‌കിൽ ആൻഡ് നോളജ് ഡെവലപ്മെന്റ് സെന്ററും നടത്തുന്ന കേപ്പിന്റെ പുതിയ കാൽവയ്‌പ്പാണ് കോളേജ് ഓഫ് നേഴ്സിങ് ആലപ്പുഴ. എംഎസ്‌സി നഴ്സിങ് കോഴ്സും കേപ്പ് ആരംഭിക്കും. പത്തനംതിട്ടയിലെ പത്തനാപുരം, ആറന്മുള, വടക്കാഞ്ചേരി, കിടങ്ങൂർ എന്നിവിടങ്ങളിലാണ് മറ്റ് നഴ്സിങ് കോളേജുകൾ ആരംഭിക്കുക. ആലപ്പുഴയിൽ എൻജിനിയറിങ് കോളേജിന്റെ ഭാഗമായി ഉണ്ടായിരുന്ന കെട്ടിടം നഴ്സിങ്‌ കൗൺസിലിന്റെ പുനർനിർണയ പ്രകാരം മാറ്റിയെടുക്കുകയും ലാബ്, ഫർണിച്ചർ, ലൈബ്രറി എന്നിവ പുതുതായി ഏർപ്പെടുത്തുകയും ചെയ്‌തു. നഴ്സിങ് കോളേജിനായി 3.5 ഏക്കർ ഭൂമി, ഹോസ്‌റ്റൽ സൗകര്യം എന്നിവയും ഏർപ്പെടുത്തി. പുതിയ ബിഎസ്‌സി നഴ്സിങ്‌ ബാച്ചിൽ 50 വിദ്യാർഥികളെ പ്രവേശിപ്പിക്കാനുള്ള സംവിധാനം ഇവിടെയുണ്ട് –- മന്ത്രി പറഞ്ഞു.    എച്ച് സലാം എംഎൽഎ അധ്യക്ഷനായി. കേപ്പിന്റെ ആദ്യ നഴ്സിങ്‌ കോളേജ് അമ്പലപ്പുഴയിൽ തുടങ്ങണമെന്ന ആവശ്യം അംഗീകരിച്ച മന്ത്രിയെ എംഎൽഎ അഭിനന്ദിച്ചു. കേപ്പ് ജോയിന്റ്‌ ഡയറക്‌ടർ ഡോ. എസ് ജയകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ഡയറക്‌ടർ ഡോ. വി ഐ താജുദ്ദീൻ അഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ഷീബ രാകേഷ്, പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ സജിത സതീശൻ, ജില്ലാ പഞ്ചായത്തംഗം ഗീത ബാബു, പഞ്ചായത്ത് വൈസ്‌പ്രസിഡന്റ്‌ എ പി സരിത, അംഗങ്ങളായ  സാജൻ എബ്രഹാം, സുരേഷ് ബാബു, നഴ്സിങ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. റൂബി ജോൺ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എം എസ് അജിത് പ്രസാദ്, ഡോ. എൻ അരുൺ, ഡോ. റൂബിൻ വി വർഗീസ്, ഡോ. ഇന്ദുലേഖ, സിപിഐ എം ഏരിയ സെക്രട്ടറി എ ഓമനക്കുട്ടൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News