മൂർത്തിട്ട- ‑ മുക്കാത്താരി റോഡ് നിർമാണം ഊരാളുങ്കൽ ഏറ്റെടുക്കും
മാന്നാർ താറുമാറായ റോഡിലെ യാത്രാക്ലേശം പരിഹരിക്കാൻ മന്ത്രി സജി ചെറിയാന്റെ ഇടപെട്ടു, പാവുക്കര മൂർത്തിട്ട – --മുക്കാത്താരി റോഡിന്റെ നിർമാണപ്രവർത്തനങ്ങളിലെ അനിശ്ചിതത്വം വഴിമാറി. മാന്നാർ പഞ്ചായത്തിന്റെ പടിഞ്ഞാറൻ മേഖലയിലെ ഒന്ന്, രണ്ട്, മൂന്ന്, നാല് വാർഡുകളിലെ പാടശേഖരത്തിന്റെ നടുവിലൂടെ പോകുന്ന റോഡിന് 2.5 കിലോമീറ്റർ ദൈർഘ്യവും 3.5 മീറ്റർ വീതിയുമുണ്ട്. നൂറോളം കുടുംബങ്ങളുടെ ഏകസഞ്ചാരപാത തകർന്നിട്ട് വർഷങ്ങളായി. കാൽനടയാത്രപോലും ദുർഘടമാണ്. സിപിഐ എം മാന്നാർ വെസ്‌റ്റ് ലോക്കൽ കമ്മിറ്റിയും നാട്ടുകാരും ആവശ്യപ്പെട്ടതനുസരിച്ച് റോഡ് നിർമാണത്തിന് റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 15 കോടി രൂപ മന്ത്രി സജി ചെറിയാൻ അനുവദിച്ചു. റോഡ് നിർമാണത്തിന് മാന്നാർ പഞ്ചായത്ത് പ്രസിഡന്റ് ടി വി രത്നകുമാരി ചെയർപേഴ്സണായും കെ എം അശോകൻ കൺവീനറായും സംഘാടകസമിതി രൂപീകരിച്ച് കഴിഞ്ഞ മാർച്ച് 12ന് മന്ത്രി സജി ചെറിയാൻ നിർമാണപ്രവർത്തനങ്ങൾ ഉദ്ഘാടനംചെയ്‌തിരുന്നു. എന്നാൽ പ്രവർത്തനങ്ങൾ ഏറ്റെടുത്ത കരാർകമ്പനി നിർമാണം അനിശ്ചിതത്വത്തിലാക്കി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും റോഡ് നിർമാണത്തിന് കാലതാമസം ഉണ്ടാക്കി. റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കണമെന്ന് സിപിഐ എം മാന്നാർ വെസ്‌റ്റ് ലോക്കൽ സമ്മേളനത്തിലും ആവശ്യമുയർന്നിരുന്നു. ഊരാളുങ്കൽ സൊസൈറ്റിയുമായി മന്ത്രിതലത്തിൽ നടന്ന ചർച്ചകൾ ഫലം കണ്ടതോടെ ഊരാളുങ്കൽ കരാർ ഏറ്റെടുത്ത് റോഡ് നിർമാണം വേഗത്തിലാക്കുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. Read on deshabhimani.com