തിരുട്ടുഗ്രാമങ്ങളിലെ 
നരിക്കുറുവകൾ

സന്തോഷ്‌ സെൽവത്തെ പൊലീസ്‌ മണ്ണഞ്ചേരിയിൽ 
കവർച്ചാസ്ഥലത്ത്‌ എത്തിച്ചപ്പോൾ


  ആലപ്പുഴ തിരുട്ട് ഗ്രാമങ്ങളിലെ മോഷണ സംഘങ്ങളിൽ ഏറ്റവും അക്രമകാരികളാണ് കുറുവസംഘം അഥവാ നരികുറുവാ. തമിഴ്‌നാട് ഇന്റലിജൻസാണ് കുറുവസംഘം എന്ന പേര് നൽകിയത്. തിരുച്ചിറപ്പള്ളിക്കടുത്ത റാംജി നഗർ ആണ്‌ മുമ്പ്‌ തിരുട്ടുഗ്രാമമായി അറിയപ്പെട്ടിരുന്നത്. ഏകദേശം 500 കുടുംബങ്ങൾ. 18 മോഷണ സംഘങ്ങളും. എന്നാൽ ഇപ്പോഴത്തെ കുറുവ സംഘം ഒരേ ഗ്രാമക്കാരല്ല. തമിഴ്‌നാടിന്റെ പലഭാ​ഗങ്ങളിലെ കുപ്രസിദ്ധ തിരുട്ടുഗ്രാമങ്ങളിലെ നൂറോളം പേരുടെ കൂട്ടമാണിത്‌.   ഏറ്റവും അപകടകാരികളായ, കൊല്ലാൻപോലും മടിയില്ലാത്തവരുടെ കൂട്ടം. ഇരുമ്പുകമ്പിയോ മറ്റോ കൊണ്ടുനടക്കും. വാതിലിന്റെ കുറ്റി എടുക്കാനും എതിർപ്പുണ്ടായാൽ ആക്രമിക്കാനുമാണിത്. രണ്ടുപേർ വീതമാണു മിക്കയിടത്തും കവർച്ചയ്ക്കെത്തുന്നത്. സുരക്ഷ കുറ‍ഞ്ഞ പിൻവാതിലുകൾ അനായാസംതുറന്ന് അകത്തു കടക്കും.   പാരമ്പര്യമായി കൈമാറിവരുന്ന മോഷണതന്ത്രങ്ങൾക്കും മെയ്‌കരുത്തിനും പുറമെ ആധുനിക സാങ്കേതികവിദ്യകളും ഇവർ ഉപയോ​ഗിക്കുന്നു.  അർധനഗ്നശരീരത്തിലാകെ എണ്ണയും കരിയും പൂശിയിരിക്കും. കണ്ണുകൾ മാത്രം കാണാവുന്നതരത്തിൽ തുണികൊണ്ട് മുഖംമറയ്‌ക്കും. സ്ത്രീകളുൾപ്പടെ പകൽ ചെറിയ ജോലികളുമായി ചുറ്റിക്കറങ്ങും. വീടുകൾ നോക്കിവച്ചശേഷം ആറ് മാസം മുതൽ ഒരുവർഷംവരെ കാത്തിരുന്നാണ് മോഷണം. മോഷണസംഘത്തിലെ  ഒരാൾക്കേ സ്ഥലം പരിചയമുണ്ടാകൂ. രാത്രി വീടിന്റെ പിൻവാതിൽ തകർത്ത്‌ അകത്തുകയറിയാണ്‌ മോഷണം.  വീടിന് പുറത്ത് കുട്ടികളുടെ കരച്ചിൽപോലെ ശബ്ദം ഉണ്ടാക്കുകയോ ടാപ്പുതുറന്ന് വെള്ളം ഒഴുക്കുകയോ ചെയ്യും. ശബ്ദംകേട്ട് വാതിൽ തുറക്കുന്നയാളെ ആക്രമിച്ച് കവർച്ച നടത്തുന്ന രീതിയുമുണ്ട്. സംഘത്തിൽ ഒരാളുടെ കൈയിലാകും മോഷണമുതൽ. പിടിക്കപ്പെടുമെന്ന് ഉറപ്പായാൽ അയാളെ രക്ഷപ്പെടുത്താനാകും ശ്രമിക്കുക. മോഷണശേഷം തിരുട്ട് ​ഗ്രാമത്തിലേക്ക് മടങ്ങും.  കോയമ്പത്തൂർ, മധുര, തഞ്ചാവൂർ, കമ്പം, ബോഡിനായ്ക്കന്നൂർ എന്നിവിടങ്ങളാണ് ഇവരുടെ പ്രധാനകേന്ദ്രങ്ങൾ. സ്ഥിരമേൽവിലാസമോ താമസസൗകര്യമോ സംഘത്തിലുള്ളവർക്കില്ല. Read on deshabhimani.com

Related News