ആവേശക്കൊടി വീശി ജില്ലാ സമ്മേളനത്തിലേക്ക്
സ്വന്തം ലേഖകൻ ആലപ്പുഴ പാർടിയുടെ കരുത്തും ഐക്യവും ഉറപ്പിച്ച് ഏരിയ സമ്മേളനങ്ങൾ പൂർത്തിയാക്കി ആവേശക്കൊടിവീശി നാടാകെ സിപിഐ എം ജില്ലാ സമ്മേളനത്തിലേക്ക്. ജനുവരി 10, 11, 12 തീയതികളിൽ ഹരിപ്പാടാണ് ജില്ലാ സമ്മേളനം. 361 പ്രതിനിധികളും 46 ജില്ലാകമ്മിറ്റി അംഗങ്ങളും പങ്കെടുക്കും. അനുബന്ധ പരിപാടികളും സെമിനാറുകളും കലാ–-കായിക മത്സരങ്ങളുമടക്കം സംഘടിപ്പിക്കും. ജനുവരി ഒന്നിന് ജില്ലയിലെമ്പാടും പതാകദിനമാചരിക്കും. സമ്മേളനനഗരിയിൽ ഉയർത്തുന്ന പതാകകളും കൊടിമരവും ജാഥകളായി എത്തിക്കും. ആയിരങ്ങൾ അണിനിരക്കുന്ന ബഹുജനറാലിയും ചുവപ്പുസേനാമാർച്ചും പൊതുസമ്മേളനവും ഉണ്ടാകും. ചർച്ചനടത്തിയും തീരുമാനങ്ങളെടുത്തും തികഞ്ഞ ഐക്യത്തോടെയാണ് 15 ഏരിയ സമ്മേളനങ്ങളും പൂർത്തിയാക്കിയത്. ഹരിപ്പാട് ഏരിയ സമ്മേളനമാണ് ആദ്യംചേർന്നത്. അവസാനത്തേത് കായംകുളത്തും. അരൂർ, കഞ്ഞിക്കുഴി, അമ്പലപ്പുഴ, കുട്ടനാട്, കാർത്തികപ്പള്ളി, കായംകുളം എന്നീ ആറ് ഏരിയകളിൽ ഏരിയ സെക്രട്ടറിമാർ മൂന്നുടേം കാലാവധി പൂർത്തിയാക്കിയതിനാൽ പുതിയ ഏരിയ സെക്രട്ടറിമാരെ തെരഞ്ഞെടുത്തു. ജില്ലയിലെ 40,000 പാർടി അംഗങ്ങൾ ബ്രാഞ്ച് സമ്മേളനങ്ങളിൽ പങ്കെടുത്ത് സമഗ്രചർച്ചയുടെ ഭാഗമായി. 2826 ബ്രാഞ്ച് സമ്മേളനങ്ങളും 157 ലോക്കൽ സമ്മേളനങ്ങളും ചിട്ടയോടെ സംഘടിപ്പിച്ച് കെട്ടുറപ്പോടെ പാർടി മുന്നേറി. തകഴി ലോക്കൽ കമ്മിറ്റി വിഭജിച്ച് തകഴി നോർത്ത്, സൗത്ത് എന്നിങ്ങനെ രണ്ടു കമ്മിറ്റികൾ രൂപീകരിച്ചു. ലോക്കൽ കമ്മിറ്റികളുടെ എണ്ണം 158 ആയി. 821 ബ്രാഞ്ച് സെക്രട്ടറിമാർ പുതുതായി തെരഞ്ഞെടുത്തവരാണ്. ഇവരിൽ 510 പേർ 40 വയസിൽ താഴെയുള്ളവരാണ്. ബ്രാഞ്ച് സെക്രട്ടറിമാരിൽ 270 പേർ വനിതകളാണ്. ആറാട്ടുപുഴ നോർത്ത് ലോക്കൽ സെക്രട്ടറി വനിതയാണ്. 24–-ാം പാർടി കോൺഗ്രസിനു മുന്നോടിയായി സമ്മേളനങ്ങൾ ആരംഭിച്ചതു മുതൽ വലതുപക്ഷ മാധ്യമങ്ങൾ നടത്തിയ നുണപ്രചാരണങ്ങളുടെയും പാർടിവിരുദ്ധ വാർത്തകളുടെയും മുനയൊടിച്ചാണ് മുൻകൂട്ടി നിശ്‌ചയിച്ചപ്രകാരം സമ്മേളനങ്ങൾ പൂർത്തിയാക്കിയത്. കായംകുളം സമ്മേളനത്തിൽ പൊട്ടിത്തെറി ഉണ്ടാകുമെന്നായിരുന്നു മാധ്യമപ്രചാരണം. എന്നാൽ അതിനെയെല്ലാം തള്ളി ഒത്തൊരുമയോടെയും സംഘടനാമികവോടെയും പുതിയ സെക്രട്ടറിയെയടക്കം തെരഞ്ഞെടുത്തു. സമ്മേളനങ്ങളുടെ ഭാഗമായി വിവിധ വിഷയങ്ങളിൽ സെമിനാറുകളും കലാകായിക മത്സരങ്ങളുമടക്കം സംഘടിപ്പിച്ചു. മൂന്നു ഘട്ടങ്ങളിലായി ചേർന്ന ബ്രാഞ്ച്, ലോക്കൽ, ഏരിയ സമ്മേളനങ്ങളുടെ സംഘാടനത്തിലും പൊതുസമ്മേളനങ്ങളിലും അനുബന്ധ പരിപാടികളിലുമടക്കം പാർടി അംഗങ്ങൾക്കു പുറമെ പതിനായിരങ്ങളാണ് ഭാഗമായത്. Read on deshabhimani.com