സ്വാദേറും കറിക്ക്‌ 
തനിനാടൻ താറാവ്‌

രുചിയുടെ ചിറക് വിരിച്ച്... ആലപ്പുഴ – ചങ്ങനാശേരി റോഡിൽ കളർകോട് ഒന്നാംപാലത്തിന് സമീപം വിൽപ്പനയ‍്ക്ക് എത്തിച്ച താറാവുകളെ വാഹനത്തിൽനിന്ന് തോട്ടിലേക്ക് ഇറക്കിയപ്പോൾ


  നെബിൻ കെ ആസാദ്‌ ആലപ്പുഴ അപ്പത്തിനും ഇടിയപ്പത്തിനുമൊപ്പം നല്ല നാടൻ താറാവ് കറിയും മപ്പാസുമൊന്നുമില്ലാതെ ആലപ്പുഴക്കാർക്ക്‌ എന്ത്‌ ക്രിസ്‌മസ്‌. പക്ഷിപ്പനി ഭീഷണിയായി വർഷങ്ങളായി പിന്തുടരുന്നുണ്ടെങ്കിലും ഈ സീസണിൽ അതൊന്നുമില്ല. ഇത്തവണ തനി കുട്ടനാടൻ താറാവ്‌ മാത്രമേ വിപണിയിലുള്ളൂ എന്ന പ്രത്യേകതയുമുണ്ട്‌. ഒപ്പം വിലയിലും ഇത്‌ പ്രതിഫലിക്കുന്നുണ്ട്‌.  പക്ഷിപ്പനിയെത്തുടർന്ന്‌ താറാവുകളുടെ ഉൽപ്പാദനവും കടത്തും നിരോധിച്ചതോടെ കർഷകർ ശ്രദ്ധയോടെ വളർത്തിയ താറാവുകൾ മാത്രമേ ഇക്കുറിയുള്ളൂ. കുട്ടനാടൻ ഇനങ്ങളായ ചാര, ചെമ്പല്ലി ഇനങ്ങളിൽപ്പെട്ട താറാവുകളാണ്‌ വിൽപ്പനക്കാരുടെ കൈവശമുള്ളത്‌. വാങ്ങാനെത്തുന്നവർക്കും ഈയിനങ്ങളോടാണ്‌ പ്രിയം കൂടുതൽ. മുമ്പ്‌ തമിഴ്‌നാട്ടിൽനിന്നാണ്‌ താറാവുകൾ ഏറെയും എത്തിയിരുന്നത്‌. ഇപ്പോൾ പുറത്തുനിന്ന്‌ താറാവുകളെത്തുന്നില്ല. ജില്ലയിൽ മുട്ടവിരിയിച്ച്‌ ഉൽപ്പാദിപ്പിക്കുന്നുമില്ല. ക്രിസ്‌മസ്‌ സീസണാണ്‌ പ്രധാന കച്ചവടക്കാലം. ഇക്കാലത്തെ പ്രധാന വിഭവങ്ങളുടെ പട്ടികയിൽ മുമ്പനാണ്‌ അപ്പവും കുരുമുളക്‌ അരച്ചുവച്ച താറാവുകറിയും. മപ്പാസും തേങ്ങാപ്പാൽ ഒഴിച്ചു കുറുക്കിയെടുത്ത താറാവ്‌ പാൽക്കറിയും വരട്ടിയതുമൊക്കെയാണ്‌ ക്രിസ്‌മസ്‌ ആഘോഷത്തിന്‌ രുചിപകരുന്നത്‌.  പക്ഷിപ്പനിയെത്തുടർന്ന്‌ പുതിയ താറാവുകളെ വളർത്താനും മുട്ട വിരിയിക്കാനും 31 വരെ നിരോധനമുണ്ട്‌. എന്നാൽ പക്ഷിപ്പനി ബാധിക്കാത്ത മേഖലകളിൽ അവശേഷിച്ച താറാവുകളെയാണ്‌ കുട്ടനാട്ടിലെ കർഷകർ വിപണിയിലെത്തിക്കുന്നത്‌. താറാവിനെ പൊളിച്ചു വൃത്തിയാക്കി നൽകാൻ 380 മുതൽ 400 രൂപയും മുട്ടയ്‌ക്ക്‌ 12 രൂപയുമാണ്‌ ഈടാക്കുന്നത്. പ്രതീക്ഷകൾക്കൊപ്പം ആശങ്കകളും കുട്ടനാട്ടിലെ താറാവ്‌ കർഷകരെ അലട്ടുന്നുണ്ട്‌. കഴിഞ്ഞ സീസണിൽ 20,000 താറാവിന്‌ മേലെ വിൽപ്പന നടത്തിയിരുന്നു. എന്നാൽ ഇത്തവണ 6,000 താറാവ്‌ മാത്രമേ കൈവശമുള്ളൂ എന്നും കച്ചവടക്കാർക്ക്‌ ആവശ്യത്തിനനുസരിച്ച്‌ നൽകാനില്ലെന്നും മൊത്തവിൽപ്പനക്കാരനായ കൈനകരി കളത്തിൽതറയിൽ കെ എ സാബു പറഞ്ഞു. ക്രിസ്‌മസിന്‌ താറാവുകൾ വിറ്റുതീർന്നാൽ ഈസ്‌റ്റർ സമയത്ത്‌ നൽകാൻ എന്തുചെയ്യുമെന്നുള്ള ആശങ്കയും സാബു പങ്കുവച്ചു. കൊയ്‌ത്തൊഴിഞ്ഞ പാടങ്ങളിലിട്ടാണ്‌ താറാവുകളെ വളർത്തുന്നത്‌. രണ്ടാംകൃഷി കഴിഞ്ഞ്‌ ഭൂരിഭാഗം പാടങ്ങളിലും പുഞ്ചയ്‌ക്ക്‌ വിത്തിട്ടതും പ്രശ്‌നമായി.  നിരോധനത്തെത്തുടർന്ന്‌ പുറത്തുനിന്ന്‌ കുഞ്ഞുങ്ങളെയെത്തിക്കാൻ പറ്റാത്തതുമാണ്‌ മൊത്തവിൽപ്പനയെ ബാധിച്ചത്‌. സീസൺ പ്രതീക്ഷിച്ച് താറാവ്‌ വിപണി വീണ്ടും സജീവമാകുമ്പോഴും നാടൻ താറാവുകളുടെ കുറവ്‌ കാര്യമായി ബാധിക്കുന്നുണ്ട്. പുതുവർഷത്തിൽ മുട്ട വിരിയിച്ച്‌ കൂടുതൽ താറാവുകളെ ഉൽപ്പാദിപ്പിച്ച്‌ വിപണി തിരിച്ചുപിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ്‌ കുട്ടനാടൻ താറാവുകർഷകർ. Read on deshabhimani.com

Related News