മണ്ണാറശാല ആയില്യ മഹോത്സവം 24ന്‌ തുടങ്ങും



ഹരിപ്പാട്  മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ ആയില്യ മഹോത്സവം 24 മുതൽ 26 വരെ നടക്കും. ഏഴുവർഷമായി മുടങ്ങിയിരുന്ന ആയില്യം എഴുന്നള്ളത്ത് മുഖ്യ പൂജാരിണി മണ്ണാറശാല അമ്മ സാവിത്രി അന്തർജനത്തിന്റെ നേതൃത്വത്തിൽ ആയില്യം നാളായ ശനിയാഴ്‌ച നടക്കുമെന്ന് ദേവസ്വം ഭാരവാഹികളായ എസ് നാഗദാസ്, ജയദേവൻ എന്നിവർ പറഞ്ഞു. വ്യാഴം വൈകിട്ട്‌ മൂന്നിന്‌ ശ്രീ നാഗരാജ പുരസ്‌കാരദാന സമ്മേളനം നടക്കും. ടി കെ മൂർത്തി (വാദ്യം), മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരി (ഗീതം), കലാമണ്ഡലം കെ ജി വാസുദേവൻ (നാട്യം), കലാമണ്ഡലം പത്മിനി (നൃത്തം) എന്നിവരാണ്‌ പുരസ്‌കാര ജേതാക്കൾ. വൈകിട്ട്‌ അഞ്ചിന് നട തുറക്കും. ഏഴരയ്‌ക്ക് ചലച്ചിത്രതാരം രചന നാരായണൻകുട്ടിയുടെ കുച്ചിപ്പുടി -നടനാഞ്ജലി. വെള്ളി രാവിലെ എട്ടിന് ഓട്ടൻതുള്ളൽ നടക്കും. വൈകിട്ട്‌ അഞ്ചിന്‌ ധന്യ നന്ദകുമാറിന്റെ ഭരതനാട്യം അരങ്ങേറും. രാത്രി 9.30ന് ദേവയാനി വധം, ദുര്യോധന വധം കഥകളി അരങ്ങേറും. ശനി പകൽ 12ന് ആയില്യം എഴുന്നള്ളത്ത് നടക്കും. രാത്രി 9.30ന് ശിവകാമി നൃത്തനാടകം അരങ്ങേറും. തുടർന്ന്‌ നടക്കുന്ന ആയില്യപൂജയ്‌ക്കുശേഷം തട്ടിന്മേൽ നൂറുംപാലും പൂർത്തിയാകുന്നതോടെ ചടങ്ങുകൾ സമാപിക്കും.  ആയില്യ മഹോത്സവത്തിന്റെ ആചാരപരമായ ചടങ്ങുകൾക്ക് തുടക്കം കുറിക്കുന്ന കാവിൽ പൂജകൾ വെള്ളിയാഴ്‌ച ആരംഭിച്ചു. ക്ഷേത്രത്തിന് വടക്കുവശത്തെ നാഗയക്ഷിക്കാവിലാണ് ആദ്യ പൂജ. തുടർന്ന് ആലക്കോട്ട്, എരങ്ങാടിപ്പള്ളി കാവുകളിലാണ് പൂജ. Read on deshabhimani.com

Related News