അർത്തുങ്കൽ ഹാർബർ: പുലിമുട്ട് നിർമാണം ഉടൻ
ആലപ്പുഴ മത്സ്യത്തൊഴിലാളികളുടെ ദീർഘനാളായുള്ള കാത്തിരിപ്പിന് വിരാമമാകുന്നു. അർത്തുങ്കൽ ഹാർബർ പദ്ധതിയുടെ പുലിമുട്ട് നിർമാണ നടപടികൾക്ക് തുടക്കം. ഇതിന്റെ ഭാഗമായി റീടെൻഡർ നടപടികൾ ആരംഭിച്ചു. ജില്ലയിൽ ഏറ്റവും കൂടുതൽ മത്സ്യത്തൊഴിലാളികളും വള്ളങ്ങളുമുള്ളത് അർത്തുങ്കൽ മേഖലയിലാണ്. അർത്തുങ്കൽ മത്സ്യബന്ധന തുറമുഖത്തിന്റെ മൂന്നാഘട്ട പ്രവർത്തനങ്ങൾക്കായി ഫിഷറീസ് അക്വാകൾച്ചർ ഇൻഫ്രാസ്‌ട്രക്‌ചർ ഫണ്ടിൽ നിന്ന് നബാർഡ് വഴി 150 കോടി അനുവദിച്ചിരുന്നു. പുലിമുട്ട് നിർമാണത്തിനായി കഴിഞ്ഞ വർഷം ജൂലൈയിൽ ടെൻഡറും ക്ഷണിച്ചു. ഏഴ് പേർ പങ്കെടുത്തതിൽ വിശദ പരിശോധനയിൽ മൂന്ന് പേർ യോഗ്യത നേടി. തുടർനടപടികളുമായി മുന്നോട്ടുപോകുമ്പോൾ ഒരാൾ ഹൈക്കോടതിയിൽ കേസ് നൽകിയതോടെ നിർമാണം അനിശ്ചിതത്വത്തിലായി . ടെൻഡറിന്റെ കാലാവധി കഴിഞ്ഞതോടെയാണ് വീണ്ടും ടെൻഡർ വിളിച്ചത്. ഇതിൽ അഞ്ചുപേർ പങ്കെടുത്തു. സൂക്ഷ്‌മ പരിശോധന നടക്കുകയാണ്. നടപടികൾ പൂർത്തിയാക്കി പുലിമുട്ട് നിർമാണം മൂന്ന് മാസത്തിനകം ആരംഭിക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. തെക്കേ പുലിമുട്ടിലെ 1250 മീറ്ററിൽ 510 മീറ്റർ പൂർത്തിയായി. വടക്കേ പുലിമുട്ടിൽ 450 മീറ്ററാണ് വേണ്ടത്. ഇത് 260 മീറ്റർ പൂർത്തിയാക്കിയിട്ടുണ്ട്. ‘ഹാർബർ ഇല്ലാത്തതിനാൽ അർത്തുങ്കൽ മേഖലയിലെ മത്സ്യത്തൊഴിലാളികൾ വെളുപ്പിനെ രണ്ടു മണിക്ക് എഴുന്നേറ്റ് കൊച്ചിയിൽ പോവുകയാണ്. ഇതിന്‌മാത്രം 4000 രൂപ യാത്രാ ചിലവുണ്ട്. കൊച്ചിയിൽ മീനില്ലാത്തിനാൽ അവിടെ നിന്ന് അർത്തുങ്കൽ, ചെത്തി എന്നിവിടങ്ങളിൽ തന്നെയെത്തിയാണ് മീൻ പിടിക്കുന്നത്. ഇതിന് ഇൻബോർഡ് വള്ളങ്ങൾക്ക് 30,000 രൂപയും ചെറുവള്ളങ്ങൾക്ക് 10,000 വും ആകും. ഹാർബറുണ്ടായിരുന്നെങ്കിൽ ഇത്രയും വലിയ സാമ്പത്തിക ബാധ്യത വരില്ലായിരുന്നു. കടൽക്ഷോഭം വന്നാൽ പോലും കൊച്ചിയിൽ പോയി കയറേണ്ട അവസ്ഥയാണിപ്പോഴുള്ളത്. ’ –- മത്സ്യത്തൊഴിലാളിയായ രാജേഷ് പറയുന്നു. ഹാർബറിന്റെ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള ഐസ് പ്ലാന്റ്, ലോക്കർ റൂം, ശുചിമുറി ബ്ലോക്ക് എന്നിവയുടെ പ്രവ്യത്തികൾ 75ശതമാനം പൂർത്തിയായി. ഓവർഹെഡ് വാട്ടർ ടാങ്ക്, കോമ്പൗണ്ട് വാൾ, ഗേറ്റ്, ഗേറ്റ് ഹൗസ് എന്നിവയുടെ ടെൻഡർ വിളിച്ചു. വാർഫ് , ലേലഹാൾ, പാർക്കിങ് ഏരിയ, ഇന്റേണൽ റോഡ്, അപ്രോച്ച് റോഡ് എന്നിവ പുലിമുട്ട് നിർമാണത്തിന്റെ 50ശതമാനം പൂർത്തിയായ ശേഷം കടൽ ശാന്തമാകുന്ന മുറയ്ക്കാണ് ചെയ്യാനാവുക. Read on deshabhimani.com