രക്‌തക്കറയുള്ള തലയിണ കണ്ടെടുത്തു
സ്വന്തം ലേഖകൻ കലവൂർ വ്യാഴാഴ്ച ഉച്ച യോടെ മണ്ണഞ്ചേരി സ്റ്റേഷനിൽ എത്തിച്ച പ്രതികളെ രണ്ടരയോടെ മൃതദേഹം കുഴിച്ചിട്ട കോർത്തുശേരിയിലെ വാടകവീട്ടിൽ കൊണ്ടുവന്നു. ഇരുവരെയും ഒന്നിച്ചാണ് എത്തിച്ചതെങ്കിലും തെളിവെടുപ്പ് പ്രത്യേകമായാണ് നടത്തിയത്. സുഭദ്രയെ കുഴിച്ചിട്ടഭാഗത്ത് ആദ്യം മാത്യൂസിനെ എത്തിച്ച് വിവരങ്ങൾ പൊലീസ് ചോദിച്ച് മനസിലാക്കി. തുടർന്ന് വീട്ടിനുള്ളിൽ കൊണ്ടുപോയി കൊലപാതകം പുനരാവിഷ്‌കരിച്ചു. കൊലയ്ക്ക് ശേഷം ഉപേക്ഷിച്ച സുഭദ്രയുടെ രക്തക്കറയുള്ള തലയിണ വീടിന് പടിഞ്ഞാറ് 80 മീറ്ററോളം അകലെയുള്ള ചെറിയ തോട്ടിൽനിന്ന് പൊലീസ് കണ്ടെടുത്തു. മാത്യൂസാണ് ഇത് കാണിച്ചു കൊടുത്തത്. തുടർന്ന്, വീടിന്റെ അടുക്കളയ്ക്ക് പിന്നിൽ മൃതദേഹം കുഴിച്ചിട്ടതിന് ഏതാനും മീറ്റർ അകലെ സുഭദ്രയുടെ വസ്ത്രങ്ങൾ കത്തിച്ചതിന്റെ അവശിഷ്ടങ്ങളും ഇയാൾ കാണിച്ചുകൊടുത്തു. ഇതിനുശേഷം ശർമിളയെ കുഴിക്ക് സമീപം എത്തിച്ച് തെളിവെടുത്തു. കുഴി മൂടിയത് എങ്ങനെയെന്ന് ഇവർ പൊലീസിന് കാണിച്ചുകൊടുത്തു. തുടർന്ന്, തലയിണ ഉപേക്ഷിച്ച സ്‌ഥലവും കാണിച്ചുകൊടുത്തു. ഇവരെ വീടിനുള്ളിൽ തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. ശാസ്ത്രീയതെളിവുകൾ ശേഖരിക്കുന്നതിന് വിദഗ്‌ധരും എത്തിയിരുന്നു. ഒന്നരമണിക്കൂറോളമെടുത്താണ് തെളിവെടുപ്പ് പൂർത്തിയാക്കിയത്. Read on deshabhimani.com