പ്രതികളുമായി പൊലീസ് ഉഡുപ്പിയിലേക്ക്
സ്വന്തം ലേഖകൻ ആലപ്പുഴ കലവൂരിൽ വയോധികയെ കൊന്നുകുഴിച്ചു മൂടിയ സംഭവത്തിൽ തെളിവെടുപ്പിന് പ്രതികളുമായി പൊലീസ് ഉഡുപ്പിയിലേക്ക് തിരിച്ചു. ഒന്നാം പ്രതി എറണാകുളം മുണ്ടംവേലി വട്ടച്ചിറയിൽ ശർമിള (52), രണ്ടാം പ്രതി ആലപ്പുഴ മാരാരിക്കുളം പള്ളിപ്പറമ്പിൽ മാത്യൂസ് (35) എന്നിവരുമായാണ് വ്യാഴം രാത്രി മണ്ണഞ്ചേരി പൊലീസ് ഇവർ ഒളിവിൽ താമസിച്ച ഉഡുപ്പിയിലേക്ക് തിരിച്ചത്. ശർമിള കൊട്ടാരക്കര ജയിലിലും മാത്യൂസ് ആലപ്പുഴ സബ് ജയിലിലുമായിരുന്നു. ഇരുവരെയും രാവിലെ ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിൽ ഹാജരാക്കി. എട്ടുദിവസത്തെ പൊലീസ് കസ്റ്റഡിയാണ് അനുവദിച്ചത്. രാവിലെ കോടതി വളപ്പിലെത്തിച്ചപ്പോൾ ശർമിള മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞു. തുടർന്ന് മണ്ണഞ്ചേരി പൊലീസ് സ്‌റ്റേഷനിൽ എത്തിച്ച് പ്രതികളെ ചോദ്യം ചെയ്‌തു. പകൽ 2.30ന് പ്രതികളെ കൊലപാതകം നടന്ന കാട്ടൂർ കോർത്തുശേരിയിലെ വാടക വീട്ടിലെത്തിച്ച് തെളിവെടുത്തു. മാത്യൂസിന്റെ പിതൃസഹോദരന്റെ മകനും മൂന്നാം പ്രതിയുമായ മാരാരിക്കുളം കാട്ടൂർ പനേഴത്ത് റെയ്നോൾഡിനെ (61) പിന്നീട് കസ്റ്റഡിയിൽ വാങ്ങും. ഇവർ മൂന്ന് പേരും ചേർന്ന് കടവന്ത്ര കരിത്തല റോഡ് ശിവകൃപയിൽ സുഭദ്രയെ (73) കൊന്നുകുഴിച്ചു മൂടിയെന്നാണ് കേസ്. ആഗസ്‌ത് നാലിന് സുഭദ്രയെ കലവൂരിലെ വീട്ടിലെത്തിച്ച ശേഷം ഉറക്കഗുളിക നൽകി മയക്കി ആഭരണങ്ങൾ ഊരിയെടുത്തു. പകരം മുക്കുപണ്ടം അണിയിച്ചു. അബോധാവസ്ഥയിൽനിന്ന് ഉണർന്ന സുഭദ്ര കൈയിലുള്ള വള മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞു. സ്വർണം തിരികെ വേണമെന്നും പൊലീസിൽ അറിയിക്കുമെന്നും ഭീഷണി മുഴക്കിയതോടെ മാത്യൂസും ശർമിളയും ചേർന്ന് കഴുത്തിൽ ഷാൾ മുറുക്കിയാണ് കൊന്നത്. വീട്ടിൽ സൂക്ഷിച്ച മൃതദേഹം രാത്രി കുഴിച്ചുമൂടി. Read on deshabhimani.com