97.23 കോടിയുടെ പുതുക്കിയ 
പദ്ധതിക്ക്‌ അംഗീകാരം

പാതിവഴിയിൽ നിർമാണം മുടങ്ങിയ മാക്കേകടവ്‌–-നേരേകടവ്‌ പാലം


ചേർത്തല ആലപ്പുഴ, കോട്ടയം ജില്ലകളെ ബന്ധിപ്പിച്ച്‌ വേമ്പനാട്‌ കായലിന്‌ കുറുകെ മാക്കേകടവ്‌–-നേരേകടവ്‌ പാലം അടിയന്തരമായി പൂർത്തിയാക്കാൻ സർക്കാർ നടപടി. 97.23 കോടിയുടെ പുതുക്കിയ പദ്ധതിക്ക്‌ ധനവകുപ്പ്‌ അംഗീകാരം നൽകിയെന്ന്‌ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പാതിവഴിയിൽ മുടങ്ങിയ നിർമാണം പുനരാരംഭിക്കുന്നതിലെ അനിശ്‌ചിതാവസ്ഥയാണ്‌ ഇതോടെ നീങ്ങിയത്‌. തുറവൂർ– -പമ്പാ പാത പദ്ധതിയിൽപ്പെടുത്തി 2012ൽ 98.09 കോടിയുടെ ഭരണാനുമതി ലഭിച്ച പാലത്തിന്റെ നിർമാണം കഴിഞ്ഞ എൽഡിഎഫ്‌ സർക്കാരാണ്‌ തുടങ്ങിയത്‌. 78 കോടിയുടേതായിരുന്നു കരാർ. വേഗത്തിൽ പുരോഗമിച്ച പ്രവർത്തനം അപ്രോച്ച്‌ റോഡിന്‌ ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട്‌ ഹൈക്കോടതിയിലെത്തിയ കേസിലൂടെ തടസപ്പെട്ടു. 2021 ഡിസംബറിലാണ്‌ നിയമതടസം നീങ്ങിയത്‌. വർഷങ്ങൾ പിന്നിട്ടതോടെ കരാർ പരിഷ്‌കരിക്കണമെന്ന ആവശ്യം കരാറുകാർ ഉയർത്തിയതോടെ വീണ്ടും താമസമായി. 
 പൊതുമരാമത്ത്‌, ധനവകുപ്പുകളുടെ പരിശോധനകൾ പിന്നിട്ടാണ്‌ തുക ഉയർത്തിയത്‌. ശേഷിക്കുന്ന നിർമാണത്തിനും ഭൂമിയേറ്റെടുക്കലിനും ഉൾപ്പെടെയാണ്‌ പുതുക്കിയ 97.23 കോടിയുടെ പദ്ധതി.  അരൂർ മണ്ഡലത്തിലെ തൈക്കാട്ടുശേരി മാക്കേകടവ്‌ മുതൽ വൈക്കം മണ്ഡലത്തിലെ ഉദയനാപുരം നേരേകടവിലേക്കാണ്‌ പാലം. 800 മീറ്റർ നീളത്തിലെ പാലത്തിൽ 7.5 മീറ്റർ വീതിയിലാണ്‌ വാഹനയാത്രയ്‌ക്കുള്ള പാത. ഇരുവശത്തും ഒന്നരമീറ്റർ വീതിയിൽ നടപ്പാതയുണ്ട്‌.   നിർമാണം പകുതിയിലേറെ പൂർത്തിയായപ്പോഴാണ്‌ തടസപ്പെട്ടത്‌. 100 തൂണുകളിൽ 96 എണ്ണം പൂർത്തിയായി. 23 പൈൽക്യാപ്പുകളിൽ 21 നിർമിച്ചു. ആവശ്യമായ 21 പിയറും ക്യാപ്പും പൂർത്തിയായി. മധ്യഭാഗത്ത്‌ ജലഗതാഗത സൗകര്യത്തിന്‌ ആവശ്യമായ എട്ട്‌ നാവിഗേഷൻ സ്‌പാനും ബീമും നിർമിച്ചു. അപ്രോച്ച്‌ റോഡിന്‌  ഭൂമി ഏറ്റെടുത്ത്‌  കൈമാറി. നേരേകടവ്‌ ഭാഗത്ത്‌ 1.2 കോടിയും മാക്കേകടവ്‌ ഭാഗത്ത്‌ 2.08 കോടിയുമാണ്‌ ഇതിന്‌ ചെലവഴിച്ചത്‌.    ശേഷിക്കുന്ന ബീമും സ്ലാബും നിർമിക്കുകയാണ്‌ പൂർത്തിയാക്കേണ്ട പ്രധാനജോലി. അപ്രോച്ച്‌ റോഡും സർവീസ്‌ റോഡും നിർമിക്കണം. രണ്ടുവർഷത്തിനുള്ളിൽ പാലം പൂർത്തിയാക്കാനാകുമെന്നാണ്‌ അധികൃതരുടെ പ്രതീക്ഷ. Read on deshabhimani.com

Related News