കരൂർ ഭയന്ന പകൽ

വിജയലക്ഷ്മിയുടെ വസ്ത്രങ്ങളെന്ന് 
സംശയിക്കുന്നവ സമീപത്തെ പണി നടക്കുന്ന വീടിന്റെ ശുചിമുറിയിൽ കത്തിച്ച നിലയിൽ


  കരൂർ (ആലപ്പുഴ) അമ്പലപ്പുഴ കരൂർ പ്രദേശം സാധാരണപോലെയാണ്‌ ചൊവ്വാഴ്‌ചയും ഉറങ്ങിയെഴുന്നേറ്റത്‌. എന്നാൽ ആ പകൽ ഒരിക്കലും ഓർമയിൽനിന്ന്‌ മറയാത്തവണ്ണം ഭീതിയിലാണ്ടു. അമ്പലപ്പുഴ പുറക്കാട് പഞ്ചായത്ത് മൂന്നാം വാർഡ്‌ പ്രദേശം അതിരാവിലെമുതൽ പൊലീസിന്റെ നിയന്ത്രണത്തിലായിരുന്നു.    രാവിലെ ഏഴിന്‌ വൻ പൊലീസ്‌ സംഘം കൊലനടന്ന ജയചന്ദ്രന്റെ വീടിന്‌ സമീപമെത്തി. മൃതദേഹം കുഴിച്ചിട്ടതെന്ന്‌ പ്രതി മൊഴി നൽകിയ പുരയിടത്തിന്‌ ചുറ്റും ടേപ്പുകെട്ടി പ്രവേശനം നിരോധിച്ചു. കരുനാഗപ്പള്ളി, അമ്പലപ്പുഴ സ്‌റ്റേഷനുകളിലെ പൊലീസുകാർക്ക്‌ പുറമേ എടത്വ, രാമങ്കരി സ്‌റ്റേഷനുകളിൽനിന്നും പൊലീസെത്തി. വിവരമറിഞ്ഞ്‌ ജനം ഇരച്ചെത്തിയതോടെ കുഴിക്ക്‌ ചുറ്റും ഷീറ്റ്‌ കൊണ്ടുമറിച്ചു.    പകൽ 10.30 ഓടെ കരുനാഗപ്പള്ളി പൊലീസ്‌ പ്രതി ജയചന്ദ്രനുമായി സ്ഥലത്തെത്തി. മണ്ണ്‌ നീക്കി മൃതദേഹം പുറത്തെടുക്കാൻ സഹായികളെയും എത്തിച്ചിരുന്നു. പ്രതിയുടെ സാന്നിധ്യത്തിൽ മൃതദേഹം കണ്ടെടുത്തു. ഒരു മീറ്റർ പോലും ആഴത്തിലായിരുന്നില്ല മൃതദേഹം.  അഴുകി ദുർഗന്ധം വമിക്കുന്നുണ്ടായിരുന്നു. പിന്നീട്‌ പ്രതിയുമായി കൃത്യംനടന്ന വീട്ടിലും തെളിവെടുത്തു. വിജയലക്ഷ്‌മിയെ കൊല്ലാൻ ഉപയോഗിച്ച വെട്ടുകത്തി ഇവിടെനിന്ന്‌ കണ്ടെടുത്തു. പകൽ 2.30 ഓടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക്‌ മാറ്റി. Read on deshabhimani.com

Related News