മാങ്കുഴി വടക്ക് പാടശേഖരത്തിൽ മടവീണു
എടത്വ എടത്വ കൃഷിഭവൻ പരിധിയിൽ മാങ്കുഴി വടക്ക് പാടശേഖരത്തിൽ മടവീണു. വർഷങ്ങളായി തരിശുകിടന്ന പാടത്ത് നിലം ഒരുക്കി ബുധനാഴ്‌ചയാണ് വിത ആരംഭിച്ചത്. വ്യാഴം പുലർച്ചെ നാലോടെ വരിക്കളംഭാഗത്ത് 20 അടിയോളം നീളത്തിലാണ് മടവീണത്. പാടശേഖരത്തിന്റെ പുറംബണ്ടിലുള്ള വർഷങ്ങളുടെ പഴക്കമുള്ള ഒരു തെങ്ങും വൈദ്യുതി പോസ്റ്റും പാടശേഖരത്തേക്ക് പതിച്ചു. മൂന്ന് ജെസിബിയും 20 തൊഴിലാളികളും ചേർന്ന് 46 ദിവസം കൊണ്ടാണ് പാടശേഖരം വൃത്തിയാക്കി കൃഷിക്കായി നിലം ഒരുക്കിയത്. പാടശേഖരത്തിന്റെ മുക്കാൽ ഭാഗവും ബുധനാഴ്‌ച വിതച്ചിരുന്നു. ബാക്കികൂടി വിതയ്‌ക്കാനുള്ള തയ്യാറെടുപ്പിനിടെയാണ് മടവീഴ്‌ച. 16 ലക്ഷത്തോളം രൂപയുടെ നഷ്‌ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. അതിശക്തമായ വേലിയേറ്റമാണ് ഇപ്പോൾ കുട്ടനാട്ടിൽ തുടർച്ചയായി മടവീഴ്‌ചയ്‌ക്ക് കാരണമാവുന്നത്. ഒട്ടുമിക്ക മേഖലയിലും ജലനിരപ്പ് അപകടനിലയ്‌ക്ക് മുകളിലാണ്. ജലനിരപ്പ് ഉയർന്നതോടെ കണിയാംകടവ് ഉൾപ്പെടെ മിക്ക പാടശേഖരങ്ങളും മടവീഴ്‌ച ഭീഷണിയിലാണ്. Read on deshabhimani.com