ഫെഡറലിസം തകർക്കുന്നത് രാജ്യത്തെ ഒറ്റക്കമ്പോളമാക്കാൻ: പുത്തലത്ത് ദിനേശൻ
ആലപ്പുഴ ഫെഡറലിസം തകർക്കുന്നതിന്റെ പിന്നിൽ രാജ്യത്തെ ഒറ്റക്കമ്പോളമാക്കി മാറ്റുകയെന്ന കേന്ദ്രത്തിന്റെ ആഗോളവൽക്കരണ താല്‌പര്യമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പുത്തലത്ത് ദിനേശൻ പറഞ്ഞു. സുശീല ഗോപാലൻ അനുസ്‌മരണത്തിന്റെ ഭാഗമായി മുഹമ്മ ചീരപ്പൻചിറയിൽ സംഘടിപ്പിച്ച സമ്മേളനം ഉദ്‌ഘാടനവും ആലപ്പുഴ പി കൃഷ്‌പിള്ള സ്‌മാരക മന്ദിരത്തിൽ ‘ഭരണഘടനയുടെ ഫെഡറൽ തത്വങ്ങൾ സംരക്ഷിക്കുക’ എന്ന വിഷയത്തിൽ പ്രഭാഷണവും നടത്തുകയായിരുന്നു അദ്ദേഹം. ഫെഡറലിസം സ്വാതന്ത്ര്യസമരകാലം മുതലേ രൂപംകൊണ്ട ആശയമാണ്. വിവിധ പ്രവിശ്യകൾ രൂപംകൊണ്ടതും അവിടെനിന്ന് നാമനിർദേശം ചെയ്യപ്പെട്ടവർ ചേർന്നുള്ള ഭരണഘടനാ നിർമാണസഭയും ഇതിന്റെ ആദ്യരൂപമാണ്. ഇതിനെ തകർക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. ഫെഡറലിസം തകർക്കാനുള്ള ഉപകരണമായി കേന്ദ്രസർക്കാർ ഗവർണറെ ഉപയോഗിക്കുന്നു. ആർഎസ്‌എസും ജമാഅത്തെ ഇസ്ലാമിയും അടക്കമുളള മതരാഷ്ട്ര വാദികളിൽനിന്ന് ഭരണഘടന വെല്ലുവിളി നേരിടുന്നു. ഒരുരാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത് രാജ്യത്തിന്റെ നിലനിൽപ്പിനെ അപകടത്തിലാക്കും. ഇത് ഭരണഘടനാമൂല്യങ്ങൾക്ക് എതിരാണ്. ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ രാഷ്‌ട്രീയ കാഴ്‌ചപ്പാടുകൾ സ്വാംശീകരിച്ചാണ് ഇന്ത്യൻ ഭരണഘടന രൂപപ്പെട്ടത്. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കാതെ മാറിനിന്ന ഹിന്ദുത്വ രാഷ്‌ട്രീയശക്തികൾക്ക് ഇതിന്റെ മൂല്യം ഉൾക്കൊള്ളാനാവില്ല. ഭരണഘടന പ്രകാരം തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകൾക്കാണ് അധികാരം. എന്നാൽ അതിനെ മറികടക്കാനുള്ള ഉപാധിയായി ഗവർണർ പദവിയെ ഉപയോഗിക്കുന്നു. സംസ്ഥാനങ്ങളുടെ അധികാരങ്ങൾ ഒന്നൊന്നായി കവർന്നെടുക്കുകയാണ്. ജിഎസ്‌ടി നടപ്പിലാക്കിയതോടെ രാജ്യത്തിന്റെ നികുതി വരുമാനം കേന്ദ്രനിയന്ത്രണത്തിലായി. ഇത് വീതിച്ചു നൽകുന്നതിൽ രാഷ്‌ട്രീയ വിവേചനം കാട്ടുന്നു. ബദലുകൾ ആവിഷ്‌കരിക്കാനുള്ള സംസ്ഥാനങ്ങളുടെ അവകാശം കവരുന്നു. അനുസരിച്ചില്ലെങ്കിൽ ഫണ്ട് തരില്ലെന്ന് പ്രഖ്യാപിക്കുന്നു. കേരളം ലക്ഷ്യമിടുന്ന വൈജ്ഞാനിക സമൂഹസൃഷ്ടിയെ അട്ടിമറിക്കാൻ സർവകലാശാലകളെ കാവിവൽക്കരിക്കാനാണ് ഗവർണർ ശ്രമിക്കുന്നത്. ബൗദ്ധിക രംഗത്തെ നാടിന്റെ വളർച്ചയെ തടയുകയാണ് ലക്ഷ്യം. വികസനം തടസപ്പെടുത്തി സർക്കാരിനെ അട്ടിമറിക്കാമെന്നാണ് ഇവർ കരുതുന്നത്. ഭരണഘടന മുന്നോട്ടുവയ്‌ക്കുന്ന മൂല്യങ്ങളെല്ലാം സംരക്ഷിക്കാനുള്ള പോരാട്ടം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. Read on deshabhimani.com