സഖി വൺ സ്‍റ്റോപ്പ് സെന്റർ 
ആശ്വാസമേകിയത്‌ 238 പേർക്ക്‌



  ആലപ്പുഴ  അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും താങ്ങാകാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന സഖി വൺ സ്റ്റോപ്പ് സെന്ററിൽ ഈ വർഷം  ലഭിച്ചത്‌ 238 പരാതികൾ. ഡിസംബർ 18 വരെയുള്ള കണക്കാണിത്‌. ലഭിച്ച പരാതികളിലെല്ലാം അടിയന്തര നടപടി സ്വീകരിച്ചു. ഗാർഹിക പീഡനം ഉൾപ്പടെ അതിക്രമങ്ങൾ നേരിടുന്ന സ്ത്രീകൾക്ക് വേണ്ട താമസവും കൗൺസിലിങ്ങും നിയമസഹായങ്ങളും ഉൾപ്പടെയുള്ളവ ഒരുകുടക്കീഴിൽ ഒരുക്കാനാണ്‌  വൺ സ്റ്റോപ്പ് സെന്ററുകൾ ആരംഭിച്ചത്‌. ഇവിടെ എഫ്ഐആർ, എൻസിആർ, ഡിഐആർ എന്നിവ ഫയൽ ചെയ്യുന്നതിനായി പൊലീസ്, വനിത സംരക്ഷണ ഓഫീസർ തുടങ്ങിയവരുടെ സേവനം ലഭിക്കും.  വീഡിയോ കോൺഫറൻസ് മുഖേന മൊഴി കൊടുക്കാനുള്ള സൗകര്യവുമുണ്ട്‌. വനിതാ സംരക്ഷണ ഓഫീസിൽനിന്ന്‌ 89 കേസുകളാണ്‌ സഖിയിലേക്ക്‌ ലഭിച്ചത്‌. ഗാർഹിക പീഡനത്തെ തുടർന്നുള്ള പരാതികളായിരുന്നു ഏറെയും. 72 പേർക്ക്‌ താൽക്കാലിക അഭയം നൽകി.  അഞ്ച്‌ ദിവസത്തേക്കാണ്‌ പാർപ്പിട സൗകര്യമൊരുക്കുന്നതെങ്കിലും അടിയന്തിര സാഹചര്യങ്ങളിൽ കൂടുതൽ ദിവസത്തേക്ക് താമസസൗകര്യം ലഭ്യമാക്കും. തുടർന്നും ആവശ്യം വന്നാൽ സർക്കാർ, സന്നദ്ധ സംഘടനകളുടെ ഷെൽട്ടർ ഹോമുകളിലേക്ക് മാറ്റും. ഒരേ സമയം അഞ്ച് പേരെ താമസിപ്പിക്കാനുള്ള സൗകര്യം ജില്ലയിലെ സഖി സെന്ററിലുണ്ട്‌. സ്‌ത്രീകൾക്ക്‌ എതിരെ ഉണ്ടായ അതിക്രമങ്ങളിൽ 89 പേർക്ക്‌ കൗൺസലിങ്ങും 41 പേർക്ക്‌ നിയമസഹായവും ലഭ്യമാക്കി.  സെന്റർ അഡ്മിനിസ്ട്രേറ്റർ, സൈക്കോ സോഷ്യൽ കൗൺസിലർ, കേസ് വർക്കർമാർ, ഐടി സ്റ്റാഫ്, മൾട്ടി പർപ്പസ് ഹെൽപ്പർമാർ, സുരക്ഷാ ജീവനക്കാർ, പൊലീസ് ഫെലിസിറ്റേഷൻ ഓഫീസർമാർ തുടങ്ങിയവരാണ് സെന്ററിന്റെ  "കൂട്ടുകാർ’. സഹായം തേടാം വൺ സ്റ്റോപ്പ് സെന്ററുകളിൽ സഹായം തേടാനായി കേന്ദ്രത്തിൽ നേരിട്ടെത്തുകയോ ഹെൽപ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യാം. വനിതാ ഹെൽപ് ലൈൻ നമ്പർ 1091, മിത്ര ഹെൽപ് ലൈൻ നമ്പർ 181, ചൈൽഡ് ലൈൻ 1098 തുടങ്ങിയവയിൽ വിവരമറിയിക്കാം. കുട്ടികൾക്കെതിരായ അതിക്രമങ്ങൾക്കും സെന്ററിനെ സമീപിക്കാം. ശൈശവ വിവാഹം, കുട്ടികൾക്കെതിരായ പീഡനങ്ങൾ, പോക്‌സോ കേസുകൾ, ലഹരിമരുന്ന് കേസുകൾ എന്നിവയിലും സഖി നടപടികൾ സ്വീകരിക്കും. Read on deshabhimani.com

Related News