വധശ്രമക്കേസ് പ്രതിക്കൊപ്പം ഉല്ലാസയാത്ര; എഎസ്ഐക്ക് സസ്പെൻഷൻ
ആലപ്പുഴ ഡിവൈഎഫ്‌ഐ നേതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിക്കൊപ്പം ഉല്ലാസയാത്ര നടത്തിയ ആലപ്പുഴ എആർ ക്യാമ്പ് എഎസ്ഐ ശ്രീനിവാസന് സസ്പെൻഷൻ. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഡിവൈഎഫ്‌ഐ നേതാവും സിപിഐ എം കളർകോട് ലോക്കൽ കമ്മിറ്റിയംഗവുമായിരുന്ന ഗിരീഷിനെ വെട്ടി പരിക്കേൽപ്പിച്ച് വധിക്കാൻ ശ്രമിച്ച കേസിൽ ഹൈക്കോടതി ജാമ്യംനേടിയ മൂന്നാം പ്രതി ഉളുക്ക് ഉണ്ണിയെന്ന ഉണ്ണിക്കും (41) സുഹൃത്തുക്കൾക്കുമൊപ്പമാണ് എഎസ്ഐ ശ്രീനിവാസൻ ആഘോഷം നടത്തിയത്. കഴിഞ്ഞ മാർച്ചിലായിരുന്നു ആഘോഷവും യാത്രയും. 2013 ഫെബ്രുവരി 11നാണ് ആലപ്പുഴയിൽവച്ച് ഗിരീഷിനെ മയക്കുമരുന്ന് ഗുണ്ടാസംഘം വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചത്. ലഹരിക്കെതിരെ ഡിവൈഎഫ്‌ഐ നടത്തിയ കാമ്പയിനിലും ലഹരിക്കേസിൽ ഗിരീഷ് സാക്ഷി പറഞ്ഞതുമായിരുന്നു പ്രതികളെ ചൊടിപ്പിച്ചത്. പ്രതികളെ പതിനൊന്നര വർഷത്തേക്ക് ജില്ല സെഷൻസ് കോടതി തടവിന് വിധിച്ചു. എന്നാൽ ഫെബ്രുവരിയിൽ ജാമ്യത്തിനപേക്ഷിച്ച് പ്രതികൾ ജാമ്യത്തിലിറങ്ങുകയായിരുന്നു. പുറത്തിറങ്ങിയ പ്രതികൾക്ക് താമസസ്ഥലത്ത് എല്ലാവിധ സൗകര്യങ്ങളും നൽകിയിരുന്നത് ശ്രീനിവാസൻ ആണെന്ന ആരോപണമുണ്ടായിരുന്നു. പ്രതികൾക്കൊപ്പം ആഘോഷത്തിൽ പങ്കാളിയായ എഎസ്ഐയുടെ ചിത്രവും വീഡിയോയും വൈറലായിരുന്നു. ആലപ്പുഴയിലെ ഒരുവീട്ടിലും ജില്ലക്ക് പുറത്തുള്ള വിനോദസഞ്ചാരകേന്ദ്രത്തിലും പാട്ടും ഡാൻസുമായി അടിച്ചുപൊളിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുണ്ടായിരുന്നത്. വിനോദ സഞ്ചാരസംഘത്തിലുള്ളവരാണ് വീഡിയോപുറത്തുവിട്ടതെന്നാണ് സൂചന. Read on deshabhimani.com