നാല്‌ സ്ഥാപനങ്ങൾ പൂട്ടി; അഞ്ച്‌ കേസ്‌

ഓണക്കാലത്ത്‌ ഭക്ഷ്യസുരക്ഷാവകുപ്പ്‌ നടത്തിയ 
പ്രത്യേക പരിശോധനയിൽനിന്ന്‌


ആലപ്പുഴ ഓണക്കാലത്ത്‌ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ ജില്ലയിൽ നാല്‌ സ്ഥാപനങ്ങൾ അടച്ചുപൂട്ടി. അഞ്ച്‌ സ്ഥാപനങ്ങൾക്കെതിരെ കേസ്‌. 32 സ്ഥാപനങ്ങളിൽനിന്ന്‌ പിഴ ഈടാക്കാൻ നോട്ടീസ്‌ നൽകി. ഈ മാസം ഒമ്പത്‌ മുതൽ 13വരെ അഞ്ചു ദിവസങ്ങളിൽ 15 സ്‌ക്വാഡുകളാണ്‌ ജില്ലയിൽ പരിശോധന നടത്തിയത്‌. രണ്ട്‌ പേരടങ്ങുന്ന സ്‌ക്വാഡുകൾ നടത്തിയ 241 പരിശോധനകളിൽ ചെറിയ ന്യൂനതകൾ കണ്ടെത്തിയ 32 സ്ഥാപനങ്ങൾക്ക്‌ പ്രശ്‌നങ്ങൾ പരിഹരിക്കാൻ നോട്ടീസ്‌ നൽകി.  ഗുരുതരമായ പോരായ്‌മകൾ കണ്ടെത്തിയ നാല്‌ സ്ഥാപനങ്ങൾ ഉടൻ ന്യൂനതകൾ പരിഹരിക്കാനും അല്ലാത്തപക്ഷം അടച്ചുപൂട്ടുമെന്നും നോട്ടീസ്‌ നൽകിയിട്ടുണ്ട്‌. വൃത്തിഹീനമായ അന്തരീക്ഷത്തിൽ ഭക്ഷണം പാകം ചെയ്‌തതടക്കമുള്ള ഗുരുതര വീഴ്‌ചകൾ കണ്ടെത്തിയ അഞ്ച്‌ സ്ഥാപനങ്ങൾക്കെതിരെയാണ്‌ കേസെടുത്തത്‌. ഓണക്കാലത്ത്‌ പൊതുവിപണിയിൽ ലഭ്യമായ ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കുക, ഹോട്ടലുകളിലും മറ്റ് സ്ഥാപനങ്ങളിലും ലഭ്യമാക്കുന്ന സദ്യ, പായസം എന്നിവയുടെ സുരക്ഷിതത്വം ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ടാണ് പരിശോധന നടത്തിയത്‌.  ഇതരസംസ്ഥാനങ്ങളിൽനിന്ന് വരുന്ന പാൽ, ശർക്കര, പച്ചക്കറി എന്നിവയുടെ ഗുണനിലവാരവും പരിശോധിച്ചു. മാർക്കറ്റുകൾ, ഭക്ഷണശാലകൾ, വഴിയോര ഭക്ഷണശാലകൾ, ബേക്കറി ഉൽപ്പന്നങ്ങൾ നിർമിക്കുന്ന ബോർമകൾ, ബേക്കറി, മറ്റ് ചെറുകിട സംരംഭങ്ങൾ, കാറ്ററിങ്‌ യൂണിറ്റുകൾ, ചിപ്സ് നിർമാണ യൂണിറ്റുകൾ എന്നിവ കേന്ദ്രീകരിച്ചും പരിശോധന നടത്തി. 19 സ്‌റ്റാറ്റ്യൂട്ടറി സാമ്പിളുകളും 68 സർവൈലൈൻസ്‌ സാമ്പിളുകളും ശേഖരിച്ച്‌ പരിശോധനയ്‌ക്കായി ലാബിലേക്ക്‌ അയച്ചു. Read on deshabhimani.com

Related News