അറിവിന്‍ മാരിയിലലിഞ്ഞ്
ആലപ്പുഴ സമകാലികവും കലയും സിനിമയും ചരിത്രവും രാഷ്‌ട്രീയവും ശാസ്‌ത്രവുമെല്ലാം സമന്വയിച്ച നാല് റൗണ്ടുകളിലായി 20 ചോദ്യങ്ങൾ. ഒഴുകിപ്പരന്ന ഓർമയിൽനിന്ന് അറിവിന്റെ ഉത്തരങ്ങൾ എണ്ണിയെടുത്ത കുരുന്നുകൾ ഒന്നൊന്നായി ഉത്തരങ്ങളെഴുതി. ഉത്തരങ്ങൾക്കപ്പുറം ചോദ്യപശ്ചാത്തലവും ചരിത്രവും വിശദീകരിച്ച് ക്വിസ് മാസ്‌റ്ററും അധ്യാപകരും അണിനിരന്നു. ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്‌റ്റ് മൂന്നാംഘട്ടം ജില്ലാതല ക്വിസ്‌മത്സരം വിജ്ഞാനകുതുകികളുടെ സംഗമഭൂമിയായി. പോരാട്ടം കടുത്തതോടെ എൽപി, യുപി, എച്ച്‌എസ്‌എസ് വിഭാഗങ്ങളിൽ വിജയികളെ കണ്ടെത്തിയത് ടൈബ്രേക്കറിൽ. എച്ച്‌എസ്‌എസിലും എൽപിയിലും രണ്ടാംസ്ഥാനക്കാർക്കായും എച്ച്‌എസ്‌എസിൽ ഒന്നാംസ്ഥാനക്കാരനുമായുള്ള മത്സരങ്ങളാണ് ടൈബ്രേക്കറിലേക്ക് കടന്നത്. എൽപി വിഭാഗത്തിൽ മത്സരം ടൈബ്രേക്കറും കടന്ന് സഡൻഡെത്തിലേക്ക് നീണ്ടു. 11 സബ്‌ജില്ലാ മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ 88 കുട്ടികളാണ് ജില്ലാ മത്സരത്തിൽ മാറ്റുരച്ചത്. ആലപ്പുഴ എസ്‌ഡിവി സെന്റിനറി ഹാളിൽ പി പി ചിത്തരഞ്‌ജൻ എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. ദേശാഭിമാനി ന്യൂസ് എഡിറ്റർ ലെനി ജോസഫ് അധ്യക്ഷനായി. മാർക്കറ്റിങ് മാനേജർ ഗോപൻ നമ്പാട്ട് ആമുഖപ്രഭാഷണം നടത്തി. കെഎസ്ടിഎ സംസ്ഥാന പ്രഡിഡന്റ് ഡി സുധീഷ്, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം വി അനിത, ജില്ലാ സെക്രട്ടറി പി ഡി ജോഷി, ദേശാഭിമാനി ബ്യൂറോ ചീഫ് ജി അനിൽകുമാർ, അസി. എഡിറ്റർ എം രാജേഷ്, ജില്ലാ കോ– -ഓർഡിനേറ്റർ ജി ശ്യാംകുമാർ എന്നിവർ സംസാരിച്ചു. തെരഞ്ഞെടുക്കപ്പെട്ട 150 ഓളം വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി സംഘടിപ്പിച്ച സയൻസ് പാർലമെന്റിൽ കുസാറ്റിലെ അധ്യാപകൻ ഡോ. എൻ ഷാജി "നമ്മുടെ പ്രപഞ്ചം: പുതിയ കണ്ടെത്തലുകൾ' എന്ന വിഷയത്തിൽ സംവദിച്ചു. കെഎസ്‌ടിഎ ആലപ്പുഴ ഉപജില്ല എക്‌സിക്യൂട്ടീവ് അംഗം റോഷ്‌ന കബീർ മോഡറേറ്ററായി. വി എം മഹേഷ്, വിദ്യാർഥി പ്രതിനിധി ഇന്ദ്രജിത്ത് പി പിള്ള എന്നിവർ സംസാരിച്ചു. മത്സരത്തിലെ ഒന്നും രണ്ടും സ്ഥാനക്കാർ സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കും. 10,000- രൂപ ക്യാഷ് പ്രൈസും മൊമന്റോയും സർട്ടിഫിക്കറ്റുമാണ് ജില്ലാതലത്തിൽ ഒന്നാംസമ്മാനം. 5000- രൂപ ക്യാഷ് പ്രൈസും മൊമന്റോയും സർട്ടിഫിക്കറ്റുമാണ് രണ്ടാംസമ്മാനം. ഡിസംബറിൽ ബീച്ച് ഫെസ്‌റ്റിന്റെ ഭാഗമായി നടക്കുന്ന മെഗാ ഈവന്റിൽ വിജയികൾക്ക് സമ്മാനങ്ങൾ വിതരണംചെയ്യും. ഹൈം ഗൂഗിൾ ടി വി യും കല്യാൺ ജ്വല്ലേഴ്സുമാണ് മുഖ്യപ്രായോജകർ. വൈറ്റ് മാർട്ട്, വെൻകോബ്, ഓക്‌സിജൻ ഡിജിറ്റൽ ഷോപ്പി, കേരള ബാങ്ക്, സിയാൽ, സൂര്യ ഗോൾഡ്. ലോൺ, ജോസ്‌കോ ജ്വല്ലേഴ്‌സ്, ബാങ്ക് ഓഫ് ബറോഡ, ഇമേജ് മൊബൈൽസ് ആൻഡ് കംപ്യൂട്ടേഴ്‌സ്, വള്ളുവനാട് ഈസ്‌റ്റ് മണി, ഗ്ലോബൽ അക്കാദമി എന്നീ സ്ഥാപനങ്ങളാണ് പ്രായോജകർ. Read on deshabhimani.com