കുറുവ സംഘാംഗവുമായി തെളിവെടുപ്പ് നടത്തി
മാരാരിക്കുളം മണ്ണഞ്ചേരിയിലെ മോഷണങ്ങളുമായി ബന്ധപ്പെട്ട് പിടിയിലായ കുറുവ സംഘാംഗം സന്തോഷ് സെൽവത്തെ കൊച്ചി കുണ്ടന്നൂരിൽ താമസിച്ചിരുന്നയിടത്തും മോഷണം നടത്തിയ മണ്ണഞ്ചേരിയിലെ മൂന്ന് വീടുകളിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. കുണ്ടന്നൂർ പാലത്തിന് താഴെ കൂടാരത്തിലാണ് ഇയാളും കുടുംബവും മറ്റും തമ്പടിച്ചിരുന്നത്. പ്രതിയുമായെത്തിയ പൊലീസ് മോഷണസമയത്ത് ഇയാൾ ഉപയോഗിച്ചിരുന്ന വസ്‌ത്രങ്ങൾ കണ്ടെടുത്തു. കഴിഞ്ഞ 12ന് പുലർച്ചെ മോഷണം നടത്തിയ മണ്ണഞ്ചേരി റോഡുമുക്കിന് പടിഞ്ഞാറ് മാളിയേക്കൽ ഇന്ദു കുഞ്ഞുമോൻ, കോമളപുരം നായിക്യംവെളി വി എസ് ജയന്തി എന്നിവരുടെ വീടുകളിലും കഴിഞ്ഞമാസം മോഷണശ്രമം നടത്തിയ മണ്ണഞ്ചേരി മണ്ണേഴത്ത് രേണുക അശോകന്റെ വീട്ടിലുമെത്തിച്ചാണ് തെളിവെടുത്തത്. മോഷണം നടത്തിയ വീടുകൾ ഇതാണെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. വീട്ടുകാരും പ്രതിയുടെ രൂപസാദൃശ്യം തിരിച്ചറിഞ്ഞു. ചോദ്യം ചെയ്യലിൽ കൂടുതൽ വിവരങ്ങളൊന്നും പറയുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. പ്രതിയുടെ ഫോൺവിളികളുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതിയുടെ വീടായ തമിഴ്‌നാട് തേനി കാമാച്ചിപുരം സന്ദനമാരിയമ്മൻ കോവിൽ സ്ട്രീറ്റിലും വ്യാഴാഴ്‌ച കൊണ്ടുപോയേക്കും. പ്രതിയെ കഴിഞ്ഞ ശനിയാഴ്‌ചയാണ് കൊച്ചി കുണ്ടന്നൂരിൽനിന്ന് പൊലീസ് സാഹസികമായി പിടികൂടിയത്. തുടർന്ന് കോടതിയിൽ ഹാജരാക്കുകയും റിമാൻഡിലാകുകയുമായിരുന്നു. പൊലീസിന്റെ അപേക്ഷ അനുവദിച്ച കോടതി ചൊവ്വാഴ്‌ചയാണ് അഞ്ച് ദിവസത്തേക്ക് കസ്‌റ്റഡിയിൽ വിട്ടത്. ശനിയാഴ്‌ച വൈകിട്ടോടെ പ്രതിയെ തിരികെ കോടതിയിൽ എത്തിക്കും. Read on deshabhimani.com