ആവേശപ്പോരിൽ വിജയി വീയപുരം

കൈനകരി ജലോത്സവത്തിൽ വീയപുരം ചുണ്ടൻ ഒന്നാമതായി ഫിനിഷ് ചെയ്യുന്നു


തകഴി ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ (സിബിഎൽ) ഭാഗമായ കൈനകരി ജലോത്സവത്തിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ്( ട്രോപ്പിക്കൽ ടൈറ്റൻസ്) തുഴഞ്ഞ വീയപുരം ചുണ്ടന്‍ ( 4.00.63 മിനിറ്റ്) ജേതാവായി. പമ്പയാറ്റില്‍ നടന്ന ആവേശപ്പോരിൽ യുബിസി കൈനകരി( കോസ്റ്റ് ഡോമിനേറ്റേഴ്‌സ്) തുഴഞ്ഞ നടുഭാഗം ചുണ്ടന്‍ (4.01.62) രണ്ടാം സ്ഥാനവും പൊലീസ് ബോട്ട് ക്ലബ്‌ (റേജിങ് റോവേഴ്സ്) തുഴഞ്ഞ മഹാദേവികാട് കാട്ടിൽതെക്കേതിൽ ചുണ്ടൻ( 4.09.95 മിനിറ്റ്) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഒമ്പത് ചുണ്ടന്‍ വള്ളങ്ങളാണ് മത്സരത്തില്‍ പങ്കെടുത്തത്. ചെറുവള്ളങ്ങൾ ആവേശകരമായ മത്സരമാണ് കാഴ്ചവച്ചത്. വെപ്പ്  എ ഗ്രേഡിൽ അമ്പലക്കടവൻ ഒന്നാം സ്ഥാനവും നവജ്യോതി രണ്ടാം സ്ഥാനവും ഇരുട്ടുകുത്തി എ ഗ്രേഡിൽ തുരുത്തിത്തറ ഒന്നാം സ്ഥാനവും മാമ്മൂടൻ രണ്ടാം സ്ഥാനത്തും എത്തി.  മന്ത്രി സജി ചെറിയാൻ മത്സരം ഉദ്ഘാടനം ചെയ്തു. ആലപ്പുഴയുടെ തനത് സാംസ്‌കാരിക പൈതൃകമാണ് ജലോത്സവങ്ങളെന്നും മതേതര ഉത്സവം കൂടിയാണിതെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി അധ്യക്ഷയായി. ടെക്നിക്കൽ കമ്മിറ്റി അംഗം സി കെ സദാശിവൻ സമ്മാനങ്ങൾ നൽകി. കലക്ടർ ജോൺ വി സാമുവൽ  പതാക ഉയര്‍ത്തി. കൈനകരി പഞ്ചായത്ത് പ്രസിഡന്റ്‌ എം സി പ്രസാദ് മാസ്ഡ്രിൽ ഫ്ലാഗ് ഓഫ്‌ ചെയ്തു. കൊടിക്കുന്നിൽ സുരേഷ് എംപി, പഞ്ചായത്ത് പ്രസിഡന്റുമാരായ മിനി മന്മഥൻ നായർ, ടി ജി  ജലജ കുമാരി, ടെക്നിക്കൽ കമ്മിറ്റി അംഗങ്ങളായ കെ കെ ഷാജു, എസ് എം  ഇക്ബാൽ, സിബിഎൽ കോ–-ഓർഡിനേറ്റർ ജി ശ്രീകുമാർ, പ്രസീത മിനിൽകുമാർ, കെ എ പ്രമോദ്, നോബിൻ പി ജോൺ, സബിത മനു എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News