വാനിലുയർന്നു വീരസ്‌മരണകൾ
സ്വന്തം ലേഖകൻ വയലാർ/മേനാശേരി അനശ്വര രക്തസാക്ഷികളുടെ ചുടുചോരയാൽ ചരിത്രത്തെ ചുവപ്പിച്ച വയലാറിന്റെ മണ്ണിലും മേനാശേരിയിലും വീരസ്‌മരണളുമായി ചെങ്കൊടി ഉയർന്നു. വാരിക്കുന്തമേന്തി സിപിയുടെ കൂലിപ്പട്ടാളത്തിന്റെ നിറതോക്കുകളെ നേരിട്ട രണധീരരുടെ സ്‌മരണകളിരമ്പുന്ന മുദ്രാവാക്യങ്ങളാൽ മുഖരിതമായ അന്തരീക്ഷത്തിലായിരുന്നു ഇരു കേന്ദ്രങ്ങളിലും പതാക ഉയർത്തൽ. നൂറുകണക്കിനാളുകളുടെ മുദ്രാവാക്യങ്ങൾ മുഴങ്ങവെ സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ വയലാറിൽ രക്തപതാക ഉയർത്തി. ഇതോടെ വീരസ്‌മരണ ജ്വലിക്കുന്ന വയലാർ കേന്ദ്രീകരിച്ച് 78–-ാമത് രക്തസാക്ഷി വാരാചരണത്തിന് തുടക്കമായി. മേനാശേരി രക്തസാക്ഷി മണ്ഡപത്തിൽ മുതിർന്ന സിപിഐ നേതാവ് എൻ ജി രാജനും പതാക ഉയർത്തി. ഇരുകേന്ദ്രങ്ങളിലും സമ്മേളനങ്ങളും ചേർന്നു. വയലാറിൽ ഉയർത്താനുള്ള പതാക മേനാശേരിയിൽ നിന്നാണ് എത്തിച്ചത്. ഞായറാഴ്‌ച രാവിലെ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം സി ബി ചന്ദ്രബാബുവാണ് ജാഥാ ക്യാപ്‌റ്റൻ എം കെ ഉത്തമന് കൈമാറിയത്. ആദ്യദിനം ജാഥ പള്ളിപ്പുറം ഒറ്റപ്പുന്നയിൽ സമാപിച്ചു. തിങ്കൾ രാവിലെ 10ന് കോളേജ് കവലയിൽനിന്ന് പുറപ്പെട്ട് പകൽ പതിനൊന്നോടെ വയലാറിലെത്തി. തിരുനെല്ലൂർ, ചെങ്കണ്ട, ഓംങ്കാരേശ്വരം, നെടുമ്പ്രക്കാട്, വിമൻസ് ഹോസ്റ്റൽ, കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, കോടതിക്കവല, നങ്ങേലിക്കവല എന്നിവിടങ്ങളിലെ സ്വീകരണങ്ങളേറ്റുവാങ്ങിയാണ് വയലാർ രക്തസാക്ഷി മണ്ഡപത്തിലെത്തിയത്. വയലാറിൽ ചേർന്ന സമ്മേളനത്തിൽ കേന്ദ്ര വാരാചരണ കമ്മിറ്റി പ്രസിഡന്റ് എം സി സിദ്ധാർഥൻ അധ്യക്ഷനായി. സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം സി എസ് സുജാത, ജില്ലാ സെക്രട്ടറി ആർ നാസർ, സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് എന്നിവർ സംസാരിച്ചു. സെക്രട്ടറി പി കെ സാബു സ്വാഗതം പറഞ്ഞു. വൈകിട്ട് മേനാശേരി രക്തസാക്ഷി നഗറിൽ ചേർന്ന സമ്മേളനത്തിൽ വാരാചരണ കമ്മിറ്റി പ്രസിഡന്റ് സി കെ മോഹനൻ അധ്യക്ഷനായി. ഇരു കമ്യൂണിസ്റ്റ് പാർടികളുടെയും നേതാക്കളായ എ എം ആരിഫ്, ടി ടി ജിസ്‌മോൻ എന്നിവർ സംസാരിച്ചു. വാരാചരണ കമ്മിറ്റി സെക്രട്ടറി ടി കെ രാമനാഥൻ സ്വാഗതം പറഞ്ഞു. ഇരുകമ്യൂണിസ്റ്റ് പാർടികളുടെയും നേതാക്കളായ സി ബി ചന്ദ്രബാബു, ജി വേണുഗോപാൽ, കെ പ്രസാദ്, മനു സി പുളിക്കൽ, ഡി സുരേഷ് ബാബു, പി വി സത്യനേശൻ, എൻ എസ് ശിവപ്രസാദ്, ദലീമ എംഎൽഎ, എൻ ആർ ബാബുരാജ്, ബിമൽ റോയ്, ബി വിനോദ്, എ പി പ്രകാശൻ, കെ സാബു, എൻ പി ഷിബു, പി ഡി ബിജു, എസ് പി സുമേഷ്, ടി എം ഷെറീഫ്, കെ ജി പ്രിയദർശനൻ, വി വി മുരളീധരൻ, വി എ അനീഷ്, സി ബി മോഹൻദാസ്, കെ ആർ വിജയൻ, വി എൻ സുരേഷ് ബാബു, എം ആർ സുരേഷ്, പി വി വിജയപ്പൻ, വി വൈ ഷൈജൻ, മായ സുദർശൻ, ആർ പൊന്നപ്പൻ എന്നിവർ ഇരു കേന്ദ്രങ്ങളിലും സമ്മേളനങ്ങളിൽ പങ്കെടുത്തു. Read on deshabhimani.com