കായലിൽ കുടുങ്ങിയ കക്കാത്തൊഴിലാളികളെ രക്ഷിച്ചു
ചേർത്തല കായലിൽ കക്കാവാരാൻ ഇറങ്ങിയ തൊഴിലാളികൾ പോളപ്പായലിൽ അകപ്പെട്ടു. മണിക്കൂറുകൾനീണ്ട പരിശ്രമത്തിനൊടുവിൽ അഗ്നിരക്ഷാസേനയും നാട്ടുകാരായ ഏതാനുംപേരും ചേർന്ന് രക്ഷിച്ചു. തൈക്കാട്ടുശേരി കറുത്തകക്കാ വ്യവസായ സഹകരണസംഘത്തിലെ തൊഴിലാളികളാണ് ചെങ്ങണ്ട വിളക്കുമരം പാലത്തിന് പടിഞ്ഞാറ് കായലിൽ കുടുങ്ങിയത്. 11 വഞ്ചികളിലെ 12 തൊഴിലാളികളാണ് മണിക്കൂറുകളോളം പോളപ്പായൽ നിറഞ്ഞ കായലിൽപ്പെട്ടത്. അഗ്നിരക്ഷാസേന എത്തിയെങ്കിലും തൊഴിലാളികളുടെ അടുത്ത് എത്താനാകാത്തതായി സാഹചര്യം. കായൽപ്പരപ്പിൽ ഭിത്തിപോലെ പായൽ തിങ്ങിയതാണ് പ്രതിസന്ധിയായത്. ചേർത്തല സ്‌റ്റേഷൻ അസി. ഫയർ ഓഫീസർ ആർ മധുവിന്റെ നേതൃത്വത്തിൽ ഫയർമാൻമാരായ എം കെ രമേഷ്, പി അജി, വി ആർ ലിജുമോൻ, ഫയർമാൻ ഡ്രൈവർ പ്രിസു എസ് ദർശൻ എന്നിവർ കായലിൽ അതിസങ്കീർണ രക്ഷാപ്രവർത്തനത്തിനിറങ്ങി. വടവുമായി ഒരുമണിക്കൂറോളം നീന്തിയാണ് ഇവർ ദൗത്യം സാധ്യമാക്കിയത്. നാട്ടുകാരായ ഹരിയും സൂരജും അഗ്നിരക്ഷാസേനയ്‌ക്കൊപ്പം കായലിൽ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. Read on deshabhimani.com