സിബിഎൽ: നാലാംതവണയും മിന്നിച്ച് പിബിസി
ആലപ്പുഴ അഷ്‌ടമുടിക്കായലിൽ അടിപതറിയിട്ടും തുടർച്ചയായ നാലാംതവണയും ചാമ്പ്യൻസ് ബോട്ട് ലീഗ് കിരീടത്തിൽ മുത്തമിട്ട് പള്ളാത്തുരുത്തി ബോട്ട് ക്ലബ്. 58 പോയിന്റുമായാണ് പിബിസിയും കാരിച്ചാൽ ചുണ്ടനും വിജയികളായത്. കൊല്ലം പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവത്തിലടക്കം വിജയംനേടി 57 പോയിന്റോടെ വില്ലേജ് ബോട്ട് ക്ലബ് കൈനകരി തുഴഞ്ഞ വീയപുരം ചുണ്ടൻ രണ്ടാമതായി. സിബിഎല്ലിൽ ആദ്യമായി മത്സരിക്കുന്ന നിരണം ബോട്ട് ക്ലബിന്റെ നിരണം ചൂണ്ടനാണ് മൂന്നാമത്–- 48 പോയിന്റ്. സീസണിലെ അവസാന മത്സരത്തിനായി അഷ്‌ടമുടിക്കായലിലേക്ക് എത്തുമ്പോൾ വലിയ അത്ഭുതങ്ങൾക്കൊന്നും വകയുണ്ടായിരുന്നില്ല. ഫൈനലുറപ്പിച്ചാൽ സിബിഎൽ വിജയികളാകാം എന്ന നിലയിലാണ് കാരിച്ചാലും പള്ളാത്തുരുത്തിയും മത്സരം തുടങ്ങിയത്. ചുണ്ടൻ വള്ളങ്ങളുടെ ആദ്യഹീറ്റ്‌സിൽ പുന്നമട ബോട്ട് ക്ലബിന്റെ ചമ്പക്കുളത്തെയും കുമരകം ടൗൺ ബോട്ട് ക്ലബിന്റെ നടുഭാഗം ചുണ്ടനെയും വള്ളപ്പാടിന് പിന്നിലാക്കി കാരിച്ചാൽ ഫൈനൽ യോഗ്യത നേടി; സിബിഎൽ ചാമ്പ്യൻ പട്ടവും. തുടർച്ചയായ അഞ്ചാം നെഹ്‌റുട്രോഫി വിജയത്തിന് പിന്നാലെയാണീ മിന്നുംജയം. പിബിസിക്ക് അഭിമാന നിമിഷം. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ 12ൽനിന്ന് ആറ് മത്സരങ്ങളായി ചുരുക്കിയാണ് സിബിഎൽ സംഘടിപ്പിച്ചത്. ആവേശം വാനോളം മൂന്ന് വിജയങ്ങളുമായി കാരിച്ചാലും രണ്ട് മത്സരങ്ങളിൽ ജയിച്ച് വീയപുരവും ഇക്കുറി കാഴ്‌ചവച്ചത് കടുത്ത മത്സരം. പല മത്സരങ്ങളിലും ഫോട്ടോ ഫിനിഷിലാണ് വിജയിയെ കണ്ടെത്തിയത്. നെഹ്‌റുട്രോഫിയിലെ ഫൈനലിലെ തർക്കങ്ങൾക്ക് ശേഷമെത്തിയ സിബിഎൽ നാലാം സീസൺ ആവേശം വാനോളമുയർത്തിയാണ് പൂർത്തിയാകുന്നത്. നെഹ്‌റുട്രോഫിയിൽ കോടതി കയറിയ തർക്കവും ആവേശവും സിബിഎൽ ട്രാക്കിലേക്കും പടർന്നു. നവംബർ 16ന് കോട്ടയം താഴത്തങ്ങാടിയിൽ നടന്ന ആദ്യമത്സരത്തിൽ തർക്കത്തെ തുടർന്ന് ഹീറ്റ്‌സുകൾക്ക് ശേഷം ഉപേക്ഷിച്ചു. ഫൈനലിലെത്തിയ പിബിസിയുടെ കാരിച്ചാലും വില്ലേജ് ബോട്ട് ക്ലബ് കൈനകരിയുടെ വീയപുരവും നിരണം ബോട്ട് ക്ലബിന്റെ നിരണം ചുണ്ടനും പത്ത് പോയിന്റ് വീതംനേടി. തർക്കത്തിന് തുടക്കമിട്ട നെഹ്‌റുട്രോഫിയിലെ മൂന്നാം സ്ഥാനക്കാരായ കുമരകം ടൗൺ ബോട്ട് ക്ലബിന്റെ നടുഭാഗം ചുണ്ടനെ മത്സരത്തിൽ അയോഗ്യരാക്കി. സിബിഎൽ സീസണിന്റെ കഥ നിർണയിക്കുന്നതായിരുന്നു ആദ്യമത്സരത്തിലെ ഹീറ്റ്‌സ് മത്സരങ്ങൾ. കാരിച്ചാലും വീയപുരവും നിരണവും തുടർന്നുള്ള അഞ്ച് നെട്ടായങ്ങളിലും കലാശപ്പോരിൽ ഏറ്റുമുട്ടി. നെഹ്‌റുട്രോഫിയിൽ മിന്നും പ്രകടനത്തോടെയെത്തിയ നടുഭാഗം പാടെ നിറംമങ്ങി. കൈനകരിയിൽ രണ്ടാം മത്സരത്തിൽ ആതിഥേയരായ വീയപുരത്തെയും യുണൈറ്റഡ് ബോട്ട് ക്ലബ് കൈനകരിയുടെ തലവടി ചുണ്ടനെയും പിന്നിലാക്കിയാണ് കാരിച്ചാലിൽ പിബിസി തേരോട്ടം തുടങ്ങുന്നത്. അവസാന അഞ്ചുമീറ്ററിലായിരുന്നു കാരിച്ചാലിന്റെ വിജയക്കുതിപ്പ്. മൂന്നാം മത്സരത്തിൽ പാണ്ടനാട് കാരിച്ചാലിനെ ഫോട്ടോ ഫിനിഷിൽ പിന്നിലാക്കി വീയപുരം തിരിച്ചടിച്ചു. ഒറ്റക്കാഴ്‌ചയിൽ വിജയിയെ തിരിച്ചറിയാനാകാത്തവിധം വാശിയേറിയതായിരുന്നു കലാശപ്പോര്. കരുവാറ്റയിൽ ജയിച്ചുകയറി കാരിച്ചാൽ വീണ്ടും പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. കായംകുളത്ത് പിന്നിൽനിന്ന ശേഷമായിരുന്നു കാരിച്ചാലിന്റെ വിജയക്കുതിപ്പ്. Read on deshabhimani.com