അറിയിപ്പില്ലാതെ കെപിസിസിയുടെ ബസ്‌



ആലപ്പുഴ  കെഎസ്ആർടിസി സ്‌റ്റാൻഡിൽ അറിയിപ്പില്ലാതെ കർണാടകയിൽനിന്ന് ആളുകളുമായി‌ കെപിസിസിയുടെ നേതൃത്വത്തിൽ ബസ്‌എത്തി.  വെള്ളിയാഴ്‌ച 12ഓടെയാണ്‌ സ്‌റ്റാൻഡിലെത്തിയത്‌. മുന്നറിയിപ്പ്‌ ഇല്ലാതെ എത്തിയ ബസിൽനിന്ന്‌ യാത്രക്കാരെ സ്‌റ്റാൻഡിൽ ഇറക്കുകയായിരുന്നു. കെഎസ്ആർടിസി അധികൃതർ ആരോഗ്യ പ്രവർത്തകർ എത്താതെ ആരെയും ഇറക്കരുതെന്ന്‌ നിർദേശിച്ചു. എന്നാൽ ഇതിനിടെ ഒരു പെൺകുട്ടി കാറിൽകയറി പോയതായി സ്ഥലത്തുള്ളവർ പറഞ്ഞു. വ്യാഴാഴ്‌ച രാത്രി ഒമ്പതിന് ബംഗളൂരുവിൽനിന്ന്‌ 32 പേരുമായി പുറപ്പെട്ട ബസ് തൃശൂർ, എറണാകുളം എന്നിവിടങ്ങളിൽ യാത്രക്കാരെ ഇറക്കിയ ശേഷമാണ് ആലപ്പുഴയിൽ എത്തിയത്.  ജില്ലയിൽ ഉളളവരും കോട്ടയം, കൊല്ലം എന്നിവിടങ്ങളിലേക്കുള്ളവരുമാണ് ഉണ്ടായിരുന്നത്. ബസ് എത്തുമെന്ന അറിയിപ്പ് ഉണ്ടായിരുന്നില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. 10 പേരാണ്‌ ബസിലുണ്ടായിരുന്നത്‌. മൂന്നുപേർ ജില്ലക്കാരാണ്‌. ഒരാൾ ഹരിപ്പാട് മുതുകുളത്തുള്ള വ്യക്തിയും രണ്ടുപേർ കായംകുളം സ്വദേശികളുമാണ്.  മുതുകുളം സ്വദേശി എത്തുമെന്ന വിവരം മാത്രമാണ് ലഭിച്ചിരുന്നത്. ഇയാളെ ഡൽഹിയിൽനിന്നും എത്തിയവർക്കൊപ്പം നാട്ടിലേക്ക് അയച്ചു. കായംകുളത്തുള്ളവരെ നഗരസഭയുടെ നേതൃത്വത്തിലും വീട്ടിലേക്ക് അയച്ചു.  കൊല്ലത്തുള്ളവരുടെ വീടുകളിൽ നിന്ന്‌ ആരും എത്താത്തതിനെ തുടർന്ന് പഞ്ചായത്തിൽ വിവരം അറിയിച്ച്‌ വീട്ടിലേക്ക് എത്തിച്ചു. കോട്ടയത്തുള്ളവരെ ബന്ധുക്കളെത്തി കൂട്ടിക്കൊണ്ട് പോയതായും അധികൃതർ അറിയിച്ചു. Read on deshabhimani.com

Related News