കോഴി–താറാവ് കൃഷി 
നിരോധനം പിൻവലിക്കണം: കർഷകസംഘം



ആലപ്പുഴ പക്ഷിപ്പനിയുടെ പേരിൽ ജില്ലയിൽ കോഴി–- താറാവ് കൃഷി നിരോധനം പിൻവലിക്കണമെന്ന്‌ കേരള കർഷകസംഘം ജില്ലാ പ്രസിഡന്റ്‌ ജി ഹരിശങ്കറും സെക്രട്ടറി സി ശ്രീകുമാർ ഉണ്ണിത്താനും ആവശ്യപ്പെട്ടു. ജില്ലയിൽ ആറ്‌ മാസത്തേക്ക് കോഴി–-താറാവ്‌ വളർത്തൽ നിരോധിക്കണമെന്ന വിദഗ്‌ധസമിതി റിപ്പോർട്ട് അപ്രായോഗികവും അശാസ്‌ത്രീയവുമാണ്.    പലയിടത്തും കോഴികളും താറാവുകളും ചത്തത്‌ പക്ഷിപ്പനിമൂലം മാത്രമല്ലെന്ന് പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടുകളിൽനിന്ന്‌ വ്യക്തമാണ്‌. രോഗമുള്ളതും ഇല്ലാത്തതുമായ കോഴികളെയും താറാവുകളെയും കൊന്നൊടുക്കിയതുമൂലം കർഷകർ നിത്യച്ചെലവിനുപോലും ബുദ്ധിമുട്ടുകയാണ്. അതേസമയം ജില്ലയിൽ എല്ലായിടത്തും തമിഴ്നാട്ടിൽനിന്ന്‌ കോഴി സുലഭവുമാണ്. വെറ്ററിനറി ഡോക്‌ടർമാർ നിർവഹണ ഉദ്യോഗസ്ഥരായി പഞ്ചായത്ത് സമിതികൾവഴി കോഴിയും കൂടും മറ്റും നൽകുന്നുണ്ട്‌. എന്നിട്ടും നിരോധനം ഏർപ്പെടുത്തുമെന്ന്‌ പറയുന്നത്‌ വിരോധാഭാസമാണ്. ഇത് ഇതര സംസ്ഥാന മാഫിയകളെ സഹായിക്കാനാണ്.    കോഴികളെയും താറാവുകളെയും കൂട്ടത്തോടെ കൊന്നൊടുക്കുന്ന രീതി അശാസ്‌ത്രീയമാണ്. പക്ഷികളുടെ രോഗം നിർണയിച്ച് ചികിത്സയും പ്രതിരോധ വാക്‌സിനേഷനും നൽകാൻ മൃഗസംരക്ഷണവകുപ്പ് തയ്യാറാകണം. കർഷകർക്ക്‌ നഷ്‌ടപരിഹാരം അടിയന്തരമായി നൽകണം. ചേർത്തല താലൂക്കിലെ ബ്രോയിലർകോഴി കർഷകരുടെ ഫാമുകൾക്ക്‌ ഫീസും ടാക്‌സും വൈദ്യുതി ചാർജും ഒഴിവാക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരമാരംഭിക്കുമെന്നും നേതാക്കൾ പ്രസ്‌താവനയിൽ പറഞ്ഞു.  Read on deshabhimani.com

Related News