വാരിയ മല്ലികക്ക തിരികെയിട്ടു
മുഹമ്മ വേമ്പനാട്ട് കായലിൽനിന്ന് 18 വള്ളത്തിൽ അനധികൃതമായി വാരിയെടുത്ത 12,000 കിലോ മല്ലികക്ക (വളർച്ച എത്താത്തവ) ഫിഷറീസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ഇവ വാരിയെടുത്തവരെക്കൊണ്ട് തന്നെ തിരികെ കായലിൽ നിക്ഷേപിപ്പിച്ചു. തൊഴിലാളികൾക്കെതിരെ തുടർനടപടിയും സ്വീകരിച്ചു. മല്ലികക്ക വാരൽ തടയുന്നതുമായി ബന്ധപ്പെട്ട് തിങ്കൾ പുലർച്ചെ അഞ്ചുമുതൽ നടത്തിയ പട്രോളിങ്ങിൽ മുഹമ്മയ്‌ക്കും തണ്ണീർമുക്കത്തിനുമിടയിൽനിന്നാണ് മല്ലികക്ക വാരിയ 18 വള്ളം പിടിച്ചെടുത്തത് . കുറ്റക്കാർക്കെതിരെ കേരളാ ഉൾനാടൻ ഫിഷറീസ്, അക്വാകൾച്ചർ നിയമപ്രകാരം നടപടി സ്വീകരിച്ചു. മാന്നാർ ഫിഷറീസ് ഓഫീസർ എം ദീപുവിന്റെ നേതൃത്വത്തിൽ ആലപ്പുഴ ഫിഷറീസ് ഓഫീസർ സി ടി അമൽ, ഫിഷറീസ് ഉദ്യോഗസ്ഥരായ അഗ്നസ് സാലി, ധനേഷ് എന്നിവർ പട്രോളിങ്ങിൽ പങ്കെടുത്തു. മല്ലി കക്ക വാരുന്നതിനെതിരെ മുഹമ്മ കറുത്ത കക്ക വ്യവസായ സഹകരണസംഘം പരാതി നൽകിയിരുന്നു. സംഘം ഭരണസമിതി ഭാരവാഹികളും പട്രോളിങ്ങിൽ ഉദ്യോഗസ്ഥരെ സഹായിക്കാനുണ്ടായിരുന്നു. Read on deshabhimani.com