വയോധികമാരുടെ മാല പൊട്ടിക്കുന്നയാള്‍ അറസ്‌റ്റില്‍

പ്രതി ബിജു


ചാരുംമൂട് സ്‌കൂട്ടറിലെത്തി വയോധികമാരുടെ മാല പൊട്ടിച്ചെടുക്കുന്നയാളെ നൂറനാട് പൊലീസ് അറസ്‌റ്റ്‌ ചെയ്‌തു. കരുനാഗപ്പള്ളി തൊടിയൂർ വടക്ക് പൈതൃകം വീട്ടിൽ ബിജു (48) ആണ് പിടിയിലായത്. മൂന്ന്‌ മാസത്തിനുള്ളിൽ നൂറനാട് സ്‌റ്റേഷൻ പരിധിയിൽ മൂന്ന്‌ സ്‌ത്രീകളുടെ മാലയാണ് പറിച്ചെടുത്തത്.  ജൂൺ ആറിന് രാത്രി ഏഴിന് പടനിലം പരബ്രഹ്‌മ ക്ഷേത്രത്തിൽ പോയി മടങ്ങിയ നൂറനാട് നടുവിലേമുറി സൂര്യാലയത്തിൽ കൃഷ്‌ണൻകുട്ടിയുടെ ഭാര്യ ചന്ദ്രികദേവിയുടെ രണ്ടരപ്പവൻ സ്വർണമാലയും ആഗസ്‌ത്‌ 26ന് രാത്രി ഏഴിന് കടയിൽനിന്ന്‌ സാധനങ്ങൾ വാങ്ങി മടങ്ങിയ നൂറനാട് പുലിമേൽ ലളിതാഭവനം ഗോപാലൻ ആചാരിയുടെ ഭാര്യ ലളിതയുടെ (68) രണ്ട്‌ പവൻ  മാലയും 21ന് പകൽ മൂന്നിന് വീടിന് സമീപത്തെ റോഡിൽ നിൽക്കുകയായിരുന്ന പാലമേൽ ചാത്തോത്ത് വീട്ടിൽ സരോജിനിയുടെ (90) ആറ്‌ ഗ്രാമിന്റെ  മാലയുമാണ് പ്രതി പൊട്ടിച്ചെടുത്തത്. മാലപറിക്കാനെത്തിയ വാഹനത്തെക്കുറിച്ച്‌ ലഭിച്ച സൂചനകൾ പിന്തുടർന്നാണ് പൊലീസ് പ്രതിയെ പിടികൂടിയത്.  അഞ്ചുമാസം മുമ്പ് രണ്ട്‌ സ്‌ത്രീകളുടെ മാല പൊട്ടിച്ചെടുത്തതിന്‌ ഇയാൾക്കെതിരെ ശൂരനാട് പൊലീസിൽ കേസുണ്ട്. പ്രതിയെ മാവേലിക്കര ജുഡീഷ്യൽ ഫസ്‌റ്റ്‌ ക്ലാസ് മജിസ്‌ട്രേട്ട്‌ കോടതി രണ്ട് റിമാൻഡ് ചെയ്‌തു. Read on deshabhimani.com

Related News