സമരപ്രഖ്യാപന കൺവൻഷൻ സംഘടിപ്പിച്ചു
ആലപ്പുഴ കെഎസ്എഫ്ഇ ജീവനക്കാരുടെ സംയുക്ത സമരപ്രഖ്യാപന കൺവൻഷൻ ആലപ്പുഴ എൻജിഒ യൂണിയൻ ഹാളിൽ നടന്നു. കെഎസ്‌എഫ്‌ഇ സ്‌റ്റാഫ് അസോസിയേഷന്റെയും (സിഐടിയു), കെഎസ്എഫ്ഇ ഓഫീസേഴ്സ് യൂണിയന്റെയും നേതൃത്വത്തിലായിരുന്നു പരിപാടി. കെഎസ്‌എഫ്‌ഇയെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ശമ്പള ഏകീകരണ ഉത്തരവിൽനിന്ന് ഒഴിവാക്കുക, പെൻഷൻ പദ്ധതിയും ശമ്പള പരിഷ്‌കരണവും നടപ്പാക്കുക, തൊഴിലാളി സംഘടനകളുമായി ചർച്ചചെയ്‌ത് ഇടക്കാല ആശ്വാസം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കൺവൻഷൻ സംഘടിപ്പിച്ചത്. യൂണിയൻ ജനറൽ സെക്രട്ടറി എസ് അരുൺ ബോസ് ഉദ്‌ഘാടനംചെയ്‌തു. സംസ്ഥാന വൈസ്‌പ്രസിഡന്റ് എ മുഹമ്മദ് ഇക്‌ബാൽ അധ്യക്ഷനായി. അസോസിയേഷൻ ജനറൽ സെക്രട്ടറി മുരളീകൃഷ്‌ണപിള്ള, സംസ്ഥാന വൈസ്‌പ്രസിഡന്റ് ആർ ഷീജ, ജില്ലാ സെക്രട്ടറി എസ് ഉല്ലാസ്, ലാലിച്ചൻ ജോസഫ്, പി വിനീതൻ, ജി സനൽകുമാർ, എ കൃഷ്‌ണൻ, രശ്‌മി എസ് ബാലൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com