സമൂഹവിവാഹം: വാഗ്‌ദാനം പാലിച്ചില്ല സംഘാടകർക്കെതിരെ കേസ്‌

ചേർത്തലയിൽ സമൂഹവിവാഹ വേദിയിൽ ഉയർന്ന പ്രതിഷേധം നിയന്ത്രിക്കാൻ ഡിവൈഎസ്‌പി എം ആർ മധുബാബുവിന്റെ നേതൃത്വത്തിൽ പൊലീസ്‌ ഇടപെടുന്നു


  ചേർത്തല സമൂഹവിവാഹ സംഘാടകർ വാഗ്‌ദാനം പാലിച്ചില്ല. വിവാഹവേദിയിൽ വധൂവരന്മാരുടെയും കുടുംബാംഗങ്ങളുടെയും പ്രതിഷേധം നാടകീയ രംഗങ്ങൾ സൃഷ്‌ടിച്ചു. 35 പേരുടെ സമൂഹവിവാഹം നടത്തുമെന്ന്‌ പ്രഖ്യാപിച്ച വേദിയിൽ നടന്നത് ഒമ്പത്‌ വിവാഹം മാത്രം. രൂക്ഷമായ പ്രതിഷേധം ഉയർത്തിയാണ്‌ 26 പേർ വിവാഹത്തിൽനിന്ന്‌ പിന്മാറിയത്‌.  ഞായറാഴ്‌ച ചേർത്തല അഖിലാഞ്‌ജലി ഓഡിറ്റോറിയത്തിലായിരുന്നു വിവാഹം. തർക്കവും പ്രതിഷേധവുമായതോടെ ചേർത്തല ഡിവൈഎസ്‌പിയുടെ ചുമതലയുള്ള ആലപ്പുഴ ഡിവൈഎസ്‌പി എം ആർ മധുബാബുവിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം എത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്. വിവാഹത്തിൽനിന്ന് പിന്മാറിയ 22 പേരുടെയും വിവാഹിതരായ രണ്ട് നവദമ്പതികളുടെയും പരാതിയിൽ സംഘാടകർക്കെതിരെ ചേർത്തല പൊലീസ് കേസെടുത്തു. വിശ്വാസവഞ്ചനയ്‌ക്കും തട്ടിപ്പിനുമാണ് കേസെന്ന് പൊലീസ് പറഞ്ഞു. ചേർത്തല കോക്കോതമംഗലം കേന്ദ്രമായി പ്രവർത്തിക്കുന്ന സൽസ്‌നേഹഭവൻ ചാരിറ്റബിൾ സൊസൈറ്റിയാണ് സമൂഹവിവാഹം സംഘടിപ്പിച്ചത്. സംഘാടകർ തെരഞ്ഞെടുത്ത വധൂവരന്മാർ തിരുവനന്തപുരം, ഇടുക്കി, കോട്ടയം, തൃശൂർ, എറണാകുളം ജില്ലകളിലുള്ളവരായിരുന്നു. ഇടുക്കിയിലെ മുതുവാൻ, മണ്ണാൻ, പുലയ സമുദായത്തിൽനിന്ന് മാത്രം 22 വധൂവരന്മാരെത്തി.  രണ്ട് പവൻ താലിമാലയും ഒരുലക്ഷം രൂപയും വിവാഹവസ്‌ത്രവും നൽകാമെന്നായിരുന്നു സംഘാടകരുടെ വാഗ്‌ദാനമെന്ന്‌ മുതുവാൻ സമുദായനേതാവ് തങ്കൻ പറഞ്ഞു. വിവാഹപൂർവ കൗൺസലിങ്ങിലും ഇക്കാര്യം ആവർത്തിച്ചു. തലേന്നുതന്നെ വിവാഹത്തിനെത്തിയ വധുവരന്മാരെയും ബന്ധുക്കളെയും വെള്ളിയാകുളത്തെ എൻഎസ്എസ് കരയോഗം ഹാളിലാണ് പാർപ്പിച്ചത്. ഭക്ഷണവും വെള്ളവും കിട്ടാത്തതിനാൽ രാത്രിയുറങ്ങാൻ സാധിച്ചില്ലെന്നും വധുവരന്മാർ പറഞ്ഞു.  വിവാഹത്തിന്‌ എത്തിയപ്പോഴാണ് ഒരുഗ്രാം താലിയും വധൂവരന്മാർക്ക്‌ വസ്‌ത്രവും മാത്രമാണ്‌ നൽകുകയെന്ന്‌ സംഘാടകർ അറിയിച്ചതെന്ന് തങ്കൻ പറഞ്ഞു. ഇടുക്കിയിൽ നിന്നുള്ളവരും മറ്റും വിവാഹവേദിയിൽ പ്രതിഷേധ മുദ്രാവാക്യം മുഴക്കി. കൂടുതൽ പൊലീസെത്തി രംഗം ശാന്തമാക്കിയാണ് ഒമ്പതുപേരുടെ വിവാഹം നടത്തിയത്.   Read on deshabhimani.com

Related News