ഇന്ന് താപസക്കോലം എഴുന്നള്ളും
ചങ്ങനാശേരി അഗ്നിയും നിറങ്ങളും എത്തിയ നീലംപേരൂർ പൂരം പടയണിക്കളത്തിലേക്ക് ചൊവ്വാഴ്‌ച മുതൽ പ്ലാവിലക്കോലങ്ങൾ എഴുന്നള്ളും. മൂന്നാംഘട്ടമായ പ്ലാവിലക്കോലങ്ങളിൽ ആദ്യത്തേതായി താപസക്കോലം പടയണിക്കളത്തിൽ എത്തും. ചൊവ്വാ രാത്രി 10നാണ് താപസക്കോലം എത്തുന്നത്. പടയണിയുടെ 9–--ാം ദിവസം മുതൽ 12–--ാം ദിവസം വരെ പ്ലാവിലക്കോലങ്ങളാണ് അടിയന്തരകോലങ്ങൾ. പ്ലാവിലയുടെ പച്ച നിറമാണ് ഈ ഘട്ടത്തിലെ കോലങ്ങളുടെ നിറം. കുടംപൂജ കളിയുടെയും തോത്താകളിയുടെയും പ്രത്യേക മേളത്തിന്റെയും അകമ്പടിയോടെ കുടനീർത്ത് ചടങ്ങുകൾ നടത്തിയാണ് പടയണിയുടെ രണ്ടാംഘട്ടം അവസാനിപ്പിച്ചത്. പടയണി പകുതിയിലെത്തിയപ്പോൾ പൂരം പടയണിയിലേക്കുള്ള ഒരുക്കങ്ങളും ക്ഷേത്രപരിസരത്ത് പുരോഗമിക്കുന്നു. വലിയ അന്നങ്ങളുടെ കച്ചി വരിച്ചിൽ ഏകദേശം പൂർത്തിയായി. മൂന്നാംഘട്ടത്തിൽ പ്ലാവിലക്കോലങ്ങളിൽ, താപസക്കോലം, ആന, ഹനുമാൻ, ഭീമസേനൻ എന്നീ പ്ലാവിലക്കോലങ്ങൾ എത്തും. നാലാംഘട്ടത്തിൽ പിണ്ടിയും കുരുത്തോലയും കൊടിക്കൂറ, കാവൽ പിശാച്, അമ്പലക്കോട്ട, സിംഹം എന്നിവ പടയണികളത്തിലെത്തും. അരിയും തിരിയും വക്കുന്നതോടെ ചടങ്ങുകൾ പൂർത്തിയാകും. സെപ്തംബർ 30ന് മകം പടയണിയും ഒക്ടോബർ ഒന്നിന് പ്രശസ്തമായ പൂരം പടയണിയും നടക്കും. Read on deshabhimani.com