സ്വീകരിക്കാൻനിന്ന എംപി പിണങ്ങിപ്പോയി



  ചെങ്ങന്നൂർ ചെറിയനാട് റെയിൽവേ സ്‌റ്റേഷനിൽ സ്‌റ്റോപ്പ്‌ അനുവദിച്ച കൊല്ലം–- എറണാകുളം മെമു ട്രെയിൻ നിർത്താതെ പോയി. സ്വീകരിക്കാൻ കാത്തുനിന്ന കൊടിക്കുന്നിൽ സുരേഷ്‌ എംപി ഉൾപ്പെടെ നിരാശരായി മടങ്ങി. മെമു ട്രെയിനിന് തിങ്കൾമുതൽ സ്‌റ്റോപ്പ് അനുവദിക്കാൻ റെയിൽവേ തീരുമാനിച്ചിരുന്നു. രാവിലെ 7.15ന് എംപിയും കോൺഗ്രസ് നേതാക്കളും യാത്രക്കാരും സ്വീകരണം നൽകാൻ കാത്തുനിന്നെങ്കിലും ട്രെയിൻ നിർത്താതെ പോയി.  ചെറിയനാട് റെയിൽവേ സ്‌റ്റേഷനിൽ സിഗ്നൽ സംവിധാനങ്ങളോ ആവശ്യത്തിന്‌ ജീവനക്കാരോ നിലവിലില്ല. പുതിയതായി ആരംഭിച്ച സ്‌റ്റോപ്പ്‌ അനുവദിച്ചത്‌ സംബന്ധിച്ച് ലോക്കോ പൈലറ്റിന് ലഭിച്ച നിർദേശം കൃത്യമായി പാലിക്കാൻ കഴിഞ്ഞില്ലെന്നും റെയിൽവേ അധികൃതർ പറഞ്ഞു. എംപി റെയിൽവേ ഉദ്യോഗസ്ഥരെ വിളിച്ച് പ്രതിഷേധം അറിയിച്ചു. എറണാകുളത്തുനിന്ന്‌ ട്രെയിൻ തിരികെ എത്തുമ്പോൾ സ്വീകരിക്കാമെന്ന് നിർദേശമുയർന്നു. 11.50ന് മടക്കയാത്രയിൽ ട്രെയിൻ സ്‌റ്റേഷനിൽ നിറുത്തിയതോടെ നാട്ടുകാർ സ്വീകരിച്ചെങ്കിലും അവഹേളനത്തിൽ പ്രതിഷേധിച്ച് എംപി എത്തിയില്ല. Read on deshabhimani.com

Related News