അമരസ്മരണയിൽ മേനാശേരി
ആലപ്പുഴ> അമേരിക്കൻ മോഡൽ ഭരണക്രമത്തിനും ദിവാൻഭരണത്തിനും എതിരെയും പ്രായപൂർത്തി വോട്ടവകാശം നേടാനുമായി പൊരുതി ജീവൻ ബലിയർപ്പിച്ച മേനാശേരി രണധീരർക്ക് വെള്ളിയാഴ്ച നാട് സ്മരണാഞ്ജലി അർപ്പിക്കും.പുന്നപ്ര‐വയലാർ സമരത്തിലെ ഉജ്വലമായ ഏടാണ് മേനാശേരി. സർ സിപിയുടെ ചോറ്റുപട്ടാളത്തോടേറ്റുമുട്ടി ഇവിടെ വീരമൃത്യു വരിച്ചത് നൂറുകണക്കിനു പേർ. രക്തസാക്ഷിത്വം വരിച്ചവരിൽ സമരാവേശത്തിന്റെയും യുവതയുടെയും പ്രതീകമായ 13കാരൻ അനഘാശയനും. 1946 ഒക്ടോബർ 25ന് പറപ്പള്ളി തോടുവഴി സർ സിപി രാമസ്വാമി അയ്യരുടെ പട്ടാളം കെട്ടുവള്ളങ്ങളിലും ബോട്ടുകളിലുമാണ് മേനാശേരിയിൽ എത്തിയത്. മേനാശേരി ക്ഷേത്രത്തിന് പടിഞ്ഞാറുഭാഗത്ത് പ്രവർത്തിച്ച തൊഴിലാളി ക്യാമ്പ് ലക്ഷ്യമാക്കിയാണ് പട്ടാളം എത്തിയത്. ഈ സമയം ആയിരക്കണക്കിന് തൊഴിലാളികൾ ക്യാമ്പിലുണ്ടായിരുന്നു. പട്ടാളമെത്തിയ വിവരമറിഞ്ഞതോടെ കൈയിൽകിട്ടിയ ആയുധങ്ങളുമായി ഇവർ മൂന്നുവഴികളിലൂടെ പട്ടാളത്തെ നേരിടാൻ മുന്നോട്ടുനീങ്ങി. ഇതിനിടെ പട്ടാളത്തിന് സർ സിപിയുടെ നിർദേശങ്ങളടങ്ങിയ നോട്ടീസ് ഹെലികോപ്ടറിൽ വിതരണം ചെയ്യുന്നുണ്ടായിരുന്നു. ജന്മി മാടമ്പിമാരുടെ അകമഴിഞ്ഞ സഹായവും പട്ടാളത്തിനു ലഭിച്ചു. തുടർന്നായിരുന്നു വെടിവയ്പ്. ഏറ്റുമുട്ടലിനിടെ പട്ടാളക്കാരന്റെ കൈ വെട്ടിവീഴ്ത്തിയ വേലായുധൻ സമരത്തിലെ ജ്വലിക്കുന്ന ഓർമയാണ്. മേനാശേരി സമരത്തിന്റെ ഉജ്വല അധ്യായമാണ് 13കാരൻ അനഘാശയന്റെ രക്തസാക്ഷിത്വം. രക്ഷപ്പെട്ട സമരഭടന്മാർ ഒളിച്ചിരുന്ന അയ്യങ്കാട്ട് വീടിന്റെ നിലവറയും പട്ടാളക്കാർ തീവച്ചുനശിപ്പിച്ചു. ഇവിടെനിന്ന് അനേകം തലയോട്ടികൾ പിന്നീട് കണ്ടെടുത്തു. 78ാം മേനാശേരി രക്തസാക്ഷി വാരാചരണം വെള്ളിയാഴ്‌ച നടക്കും. പട്ടണക്കാട് പഞ്ചായത്തിലെ 21 വാർഡുകളിൽനിന്ന് ചെറുപ്രകടനങ്ങൾ മേനാശേരി രക്തസാക്ഷി മണ്ഡപത്തിൽ വൈകിട്ട് അഞ്ചിന് സംഗമിക്കും. തുടർന്ന് പുഷ്പചക്ര സമർപ്പണവും പുഷ്പാർച്ചനയും. ഇതിനുശേഷം പൊതുപ്രകടനമായി പൊന്നാംവെളിയിൽ എത്തും. വൈകിട്ട് ആറിന് പൊതുസമ്മേളനത്തിൽ വാരാചരണ കമ്മിറ്റി പ്രസിഡന്റ് സി കെ മോഹനൻ അധ്യക്ഷനാകും. ഇരുകമ്യൂണിസ്റ്റ് പാർട്ടികളുടെയും നേതാക്കളായ വി എൻ വാസവൻ, പന്ന്യൻ രവീന്ദ്രൻ, ആർ നാസർ, പി പ്രസാദ്, എ എം ആരിഫ്, ടി ടി ജിസ്‌മോൻ, പി കെ സാബു, എൻ എസ് ശിവപ്രസാദ്, എൻ പി ഷിബു, എം സി സിദ്ധാർഥൻ, എസ് പി സുമേഷ്, പി ഡി ബിജു, ടി എം ഷെറീഫ്, ടി കെ രാമനാഥൻ, ആർ പൊന്നപ്പൻ, കെ ജി പ്രിയദർശനൻ എന്നിവർ സംസാരിക്കും. Read on deshabhimani.com