പൊലീസിന്‌ ക്രിസ്‌മസ്‌ 
സല്യൂട്ടുമായി സാന്റയെത്തി

ക്രിസ്‌മസ്‌ പപ്പായായെത്തിയ ബാബു ആന്റണി മണ്ണഞ്ചേരി പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ടോൾസൺ ജോസഫിന്‌ മധുരം നൽകുന്നു


മാരാരിക്കുളം  കുറുവാ സംഘത്തിന്റെ ഭയംനിറഞ്ഞ രാത്രികളിൽനിന്ന്‌ സമാധാനം പകർന്ന മണ്ണഞ്ചേരി പൊലീസിനെ അനുമോദിക്കാൻ  ക്രിസ്‌മസ്‌ പാപ്പയെത്തി. കഴിഞ്ഞ എട്ട് വർഷമായി ആലപ്പുഴയുടെ തെരുവിലെങ്ങും ക്രിസ്മസ്‌ സന്ദേശവുമായി നാട്‌ ചുറ്റുന്ന സിനിമാ നാടകപ്രവർത്തകനായ ബാബു ആന്റണി ഇത്തവണ മണ്ണഞ്ചേരിയിലെ പൊലീസ് ടീമിനെ അനുമോദിക്കാനാണ്‌ എത്തിയത്. ഇൻസ്‌പെക്ടർ ടോൾസൺ ജോസഫ്, പ്രിൻസിപ്പൽ എസ്ഐ കെ ആർ ബിജു, പിആർഒ ബിനു ജോസഫ് എന്നിവർ ചേർന്ന് ക്രിസ് പപ്പായെ സ്വീകരിച്ചു. ആലപ്പുഴ കലക്ടറേറ്റിലെത്തി കലക്ടർ അലക്സ് വർഗീസിനും മുൻ മന്ത്രി ടി എം തോമസ് ഐസക്കിനുമെല്ലാം ക്രിസ്മസ് മധുരം നൽകിയതിന്‌ ശേഷമാണ്‌ മണ്ണഞ്ചേരി സ്‌റ്റേഷനിലെത്തിയത് പഞ്ഞിക്കെട്ടുപോലുള്ള മുടിയും താടിരോമങ്ങളുമുണ്ടാകുമ്പോൾ ക്രിസ് പപ്പായാകാൻ മുഖംമൂടിയോ മേക്കപ്പോ തനിക്ക്‌ ആവശ്യമില്ലെന്ന്‌ ബാബു ആന്റണി പറയുന്നു. ക്രിസ്മസ് ദിനങ്ങളിൽ കുട്ടികൾക്ക് മധുരം വിതരണംചെയ്തും ദരിദ്ര കുടുംബങ്ങളിൽ ഭക്ഷണ സാധനങ്ങളെത്തിച്ചും നാടുചുറ്റുന്നത്‌ പതിവാണ്‌. "ഭരത് കമ്യൂണിക്കേഷൻ' എന്ന പ്രൊഫഷണൽ നാടകസമിതി നടത്തുന്നു. നിരവധി ടെലിവിഷൻ സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. "ജീവിതത്തിശന്റ ഒരു ഇത്’ എന്ന ഹ്രസ്വചിത്രത്തിലെ അഭിനയത്തിന് 2023ലെ ശാരംഗപാണി പുരസ്‌കാരം നേടി. കൊച്ചുത്രേസ്യയാണ് ഭാര്യ. മക്കൾ ഭരത്ത് ബാബു (ജർമനി), പ്രതാപ്‌ ബാബു (കാനഡ). Read on deshabhimani.com

Related News