വ്യാജ അഭിഭാഷക സെസി സേവ്യർ കോടതിയിൽ കീഴടങ്ങി

സെസി സേവ്യർ


ആലപ്പുഴ ചീഫ്‌ ജുഡീഷ്യൽ മജിസ്‌ട്രേട്ട്‌ കോടതിയിൽ കീഴടങ്ങിയ വ്യാജ അഭിഭാഷക സെസി സേവ്യർ മെയ് എട്ടുവരെ റിമാൻഡിൽ. വ്യാജരേഖ ഹാജരാക്കി 2018 മുതൽ ആലപ്പുഴ കോടതികളിൽ പ്രാക്ടീസ് ചെയ്യുകയായിരുന്നു കുട്ടനാട്‌ രാമങ്കരി നീണ്ടശേരി സ്വദേശിനിയായ സെസി. 2018ൽ ഇവർ ആലപ്പുഴ ബാർ അസോസിയേഷൻ അംഗമായി.  അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗമായും തെരഞ്ഞെടുക്കപ്പെട്ടു. അസോസിയേഷൻ  ലൈബ്രേറിയനായി വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചു. അഞ്ച്‌  അഭിഭാഷക കമ്മീഷനായും പ്രവർത്തിച്ചു.  ഒരു മരണ വീട്ടിൽവച്ച്‌ 2021 ജൂലൈയിൽ  സെസി സേവ്യറെ കണ്ട സഹപാഠിയാണ് ഇവർ നിയമ ബിരുദമെടുത്തിട്ടില്ലെന്ന്‌ മറ്റ് അഭിഭാഷകരുടെ ശ്രദ്ധയിൽപ്പെടുത്തിയത്.  ഇക്കാര്യത്തിൽ ബാർ അസോസിയേഷന് ഊമക്കത്തും ലഭിച്ചു. തുടർന്ന് രേഖകൾ ഹാജരാക്കാൻ 2021ൽ ബാർ അസോസിയേഷൻ സെസി സേവ്യറോട് ആവശ്യപ്പെട്ടെങ്കിലും ഹാജരാക്കിയില്ല. സെസി സേവ്യർ ബാർ കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടില്ലന്നും ബാർ അസോസിയേഷനിൽ ഇവർ നൽകിയിരുന്ന രേഖ മുഴുവൻ മാറ്റിയതായും കണ്ടെത്തി. പൊലീസ് കേസെടുത്തതോടെ സെസി ഒളിവിൽ പോയി. പിന്നീട്‌ ആലപ്പുഴ കോടതിയിൽ കീഴടങ്ങാൻ എത്തിയെങ്കിലും ജാമ്യമില്ലാ വകുപ്പുകൾ ചേർത്താണ് കേസെടുത്തിട്ടുള്ളതെന്നറിഞ്ഞ്  സ്ഥലം വിട്ടു. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെ ഇവരെക്കുറിച്ച് ഒരു വിവരവുമില്ലായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ്‌ നാടകീയമായി കോടതിയിൽ എത്തിയത്‌. അഭിഭാഷകനും ഒപ്പമുണ്ടായിരുന്നു. Read on deshabhimani.com

Related News