സ്‌നേഹത്തോടെ കണ്ണീർമുത്തം

മാത്യൂസ് വർഗീസിനും കുടുംബത്തിനും മന്ത്രി സജി ചെറിയാൻ അന്ത്യോപചാരം അർപ്പിക്കുന്നു


 അഞ്ജലി ഗംഗ ആലപ്പുഴ പത്തുവയസുകാരനായ ചെറുമകൻ ഐസക് മാത്യൂസ് മുളയ്‌ക്കലിന് അവസാനമായി മുത്തം നൽകാൻ വന്ന റേച്ചലിന്റെ സങ്കടം കണ്ടതോടെ ചുറ്റും നിന്നവരെല്ലാം കണ്ണീരിലായി. കുവൈത്ത് ദുരന്തത്തിൽ മരിച്ച ഓരോരുത്തരുടെയും അന്ത്യയാത്ര ഹൃദയം പിളർക്കുന്ന കാഴ്‌ചയായി. തലവടി നീരേറ്റുപുറം മുളയ്‌ക്കൽ വീടും പടിഞ്ഞാറേക്കര മാർത്തോമ പള്ളിയും കണ്ണീർസാഗരത്തിൽ മുങ്ങി. റേച്ചൽ, സഹോദരങ്ങളായ ജീമോൻ, ഷീജ, ഷീബ, സഹോദര ഭാര്യ സൈറ, ലിനിയുടെ അമ്മ ഡില്ലി, അച്ഛൻ എബ്രഹാം, സഹോദരൻ ലിജോ, സഹോദരഭാര്യ സുജി എന്നിവർ തങ്ങളുടെ പ്രിയപ്പെട്ടവർക്കായി ഊണും ഉറക്കവുമൊഴിച്ച്‌ കാവലിരുന്നു. മൃതദേഹങ്ങൾ വീട്ടിലെത്തിച്ചപ്പോൾ മാത്യൂസ് വർഗീസിനെയും കുടുംബത്തിനെയും ഒരുനോക്ക് കാണാൻ എത്തിയവരുടെ ഒഴുക്കായിരുന്നു രാവിലെമുതൽ.  ലിജോയുടെ മക്കളായ എമിലിൻ, ഇയാൻ, മെർലിൻ എന്നിവരുടെ എങ്ങലടിച്ചുള്ള കരച്ചിൽ ആരുടെയും ഉള്ളുലയ്‌ക്കുന്നതായിരുന്നു. ഒരുമിച്ച്‌ കളിച്ചുവളർന്നവരുടെ വേർപാട് ആ കുരുന്നുകൾക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. കണ്ടുനിന്ന ആർക്കും വിതുമ്പൽ അടക്കാനായില്ല. സാരിത്തുമ്പിൽ മുഖം അമർത്തി ചിലർ കരഞ്ഞു. അന്യോന്യം എന്തുപറഞ്ഞ് ആശ്വസിപ്പിക്കണമെന്നറിയാതെ കുഴങ്ങിനിൽക്കുന്നവരായിരുന്നു അധികവും. കരഞ്ഞുതളർന്നവർ തലചായ്‌ക്കാൻ ഇടം തേടി. തൊണ്ട ഇടറിയാണ് ആശ്വാസവാക്കുകൾ പോലും പുറത്തുവന്നത്.  തലവടിയെ കരയിപ്പിച്ച ദുഃഖവാർത്ത അറിഞ്ഞെത്തിയവരും ഈ കൂട്ടത്തിലുണ്ടായിരുന്നു. മൃതദേഹങ്ങൾ പള്ളിയിലേക്ക് കൊണ്ടുവന്നപ്പോൾ മാത്യൂസിന്റെ അമ്മ റേച്ചലിനെ എന്തുപറഞ്ഞ്‌ ആശ്വസിപ്പിക്കുമെന്ന്‌ അറിയാത്ത അവസ്ഥയിലായിരുന്നു ബന്ധുക്കൾ. നാടിന്റെ പ്രിയപ്പെട്ടവരെ അനുസ്‌മരിച്ചവരും വിതുമ്പലോടെയാണ് മടങ്ങിയത്. കുവൈത്തിൽ മാത്യൂസും ലിനിയും ജോലി ചെയ്‌തിരുന്ന സ്ഥാപനങ്ങളിലെ പ്രതിനിധികളുമെത്തിയിരുന്നു. ഐറിനും ഐസക്കും പഠിച്ചിരുന്ന ഭവൻസ് സ്‌കൂൾ പ്രതിനിധിയും പള്ളിയിൽ അന്തിമോപചാരം അർപ്പിക്കാനെത്തി. മൂന്ന്‌ മണിക്കൂർ നീണ്ട പൊതുദർശനത്തിൽ ആയിരങ്ങൾ അന്ത്യാഞ്‌ജലിയർപ്പിച്ചു. പള്ളിയിലേക്കുള്ള ചെറിയ ഇടവഴികളിൽ പോലും ജനം നിറഞ്ഞു. ദൂരെയായിരുന്നെങ്കിലും വിളിപ്പാടകലെ ഓടിയെത്തുന്ന മാത്യൂസി നോടും കുടുംബത്തിനോടുമുള്ള സ്‌നേഹമാണ്‌ പടിഞ്ഞാറേക്കര മാർത്തോമാ പള്ളിയിൽ അലയടിച്ചത്. Read on deshabhimani.com

Related News