സ്‌റ്റാർട്ട്‌ പെർഫെക്‌ട്‌ ഒകെ

ചമ്പക്കുളം ചുണ്ടനിൽ ഫിനിഷിങ് പോയിന്റിൽ പുന്നമട ബോട്ട് ക്ലബ് പരിശീലനം നടത്തുന്നു


 ആലപ്പുഴ സെപ്റ്റംബർ 28-ന് പുന്നമടക്കായലിൽ നടക്കുന്ന നെഹ്റുട്രോഫി വള്ളംകളി മത്സരത്തിന്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്. സ്‌റ്റാർട്ടിങ് ഡിവൈസിന്റെ പ്രാരംഭ പരിശോധന ബുധനാഴ്‌ച വൈകിട്ട് നടന്നു. റേസ് കമ്മിറ്റി ചീഫ് കോ–- ഓർഡിനേറ്റർ സി കെ സദാശിവൻ, ചീഫ് സ്‌റ്റാർട്ടർ കെ കെ ഷാജു, ആർ കെ കുറുപ്പ്, എസ് എം ഇക്ബാൽ, എം സി സജീവ്‌കുമാർ തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.   ശനി പകൽ രണ്ടിന്‌ ചുണ്ടൻവള്ളങ്ങളുടെ മത്സരം ആരംഭിക്കും. വൈകിട്ട് 5.30ന് പൂർത്തിയാകും. ട്രാക്കിന്റെയും പവിലിയന്റെയും 90 ശതമാനം പ്രവൃത്തികളും പൂർത്തിയായി. വിവിഐപി, വിഐപി പവിലിയൻ, പ്ലാറ്റിനം കോർണർ, ടൂറിസ്‌റ്റ്‌ ഗോൾഡ്, റോസ് പവിലിയൻ എന്നിങ്ങനെ പവിലിയനുകൾ സജ്ജീകരിച്ചിട്ടുണ്ട്. മത്സരം ആരംഭിക്കുമ്പോൾ വെടിപൊട്ടൽ ശബ്‌ദത്തോടൊപ്പം റിമോട്ട് കൺട്രോൾ ഉപയോഗിച്ച് സ്‌റ്റാർട്ടിങ് പോയിന്റിലെ നാല് വള്ളങ്ങൾ ഒരേസമയം റിലീസ്‌ചെയ്യും. ഫിനിഷിങ്‌ പോയിന്റിൽ ഓരോ ട്രാക്കിലും സ്ഥാപിച്ചിട്ടുള്ള  ഇൻഫ്രാറെഡ് രശ്‌മികൾ ഉപയോഗിച്ച്‌ ഫിനിഷ്ചെയ്യുന്ന സമയം രേഖപ്പെടുത്തും.  സ്‌റ്റാർട്ടിങ് ഡിവൈസിന്റെയും സമയത്തിന്റെയും കൃത്യത പരിശോധിക്കാൻ വെള്ളിയാഴ്‌ച ട്രയൽറൺ നടത്തും. 1150 മീറ്റർ ട്രാക്കിൽ കുറ്റിയടിച്ചുകഴിഞ്ഞു.  മത്സരഫലം തത്സമയം അറിയാൻ പവിലിയനിലും ഫിനിഷിങ്‌ പോയിന്റിലും എൽഇഡി വാൾ ഒരുക്കും. ഹരിതകർമ സേന ഫിനിഷിങ്‌ പോയിന്റിലും പവിലിയനിലും മാലിന്യങ്ങൾ നീക്കംചെയ്യുകയാണ്‌. വള്ളംകളി കാണാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് സഞ്ചാരികളും വള്ളംകളി പ്രേമികളും ആലപ്പുഴയിൽ എത്തിക്കഴിഞ്ഞു. ടിക്കറ്റ് വിൽപ്പനയും മികച്ച രീതിയിൽ പുരോഗമിക്കുന്നു. Read on deshabhimani.com

Related News