കായല്‍രത്ന കുട്ടനാടന്‍ കുത്തരി; സമഗ്ര പദ്ധതി റിപ്പോര്‍ട്ട് പ്രകാശിപ്പിച്ചു
ആലപ്പുഴ ചങ്ങനാശേരി എസ് ബി കോളേജിലെ കൺസൾട്ടൻസി സെല്ലിന്റെ സഹായത്തോടെ ജില്ലാ ഭരണകൂടം തയ്യാറാക്കിയ കായൽരത്‌ന കുട്ടനാടൻ കുത്തരിയുടെ സമഗ്ര പദ്ധതി റിപ്പോർട്ട് മന്ത്രി പി പ്രസാദ് പ്രകാശിപ്പിച്ചു. ജില്ലയിലെ തെരഞ്ഞെടുത്ത പാടശേഖരങ്ങളിൽ നിന്ന് സംഭരിക്കുന്ന നെല്ല് കുടുംബശ്രി മിഷൻ മുഖേന സംസ്‌കരിച്ച് കായൽ രത്‌ന എന്ന ബ്രാൻഡിൽ അരിയാക്കി വിപണിയിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ 135ഹെക്ടറിൽ നിന്നുള്ള നെല്ലാണ് സംഭരിക്കുക. ജ്യോതി ഇനം നെല്ല് കൃഷി ചെയ്യുന്ന പാടശേഖരങ്ങളിൽ നിന്നാണ് നെല്ല് സംഭരിക്കുക. കർഷകർക്ക് സംഭരണം നടത്തുന്ന മുറയ്ക്ക് തന്നെ നെല്ലിന്റെ വില ലഭ്യമാക്കുന്നതിനും ഒപ്പം നിശ്ചിത അളവിൽ തവിട് നിലനിർത്തി കൊണ്ട് ഗുണമേന്മയുള്ള അരി വിപണിയിൽ എത്തിക്കാനുമാണ് ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്. കലക്ടർ അലക്‌സ് വർഗീസ് ആമുഖ പ്രഭാഷണം നടത്തി. പദ്ധതിയുടെ വിവിധ വശങ്ങൾ സമഗ്രമായി പഠിച്ച് മൂന്നുമാസത്തിനുള്ളിൽ വിശദമായ റിപ്പോർട്ട് തയ്യാറാക്കിയ എസ് ബി കോളേജിലെ കൺസൾട്ടൻസി സെല്ലിനെ ചടങ്ങിൽ ആദരിച്ചു. പി പി ചിത്തരഞ്ജൻ എംഎൽഎ നേരിട്ടും എംഎൽഎമാരായ ദലീമ , എം എസ് അരുൺ കുമാർ എന്നിവർ ഓൺലൈനായും യോഗത്തിൽ പങ്കെടുത്തു. എസ് ബി കോളേജ് ഹ്യുമാനിറ്റീസ് വകുപ്പ് ഡീൻ പ്രൊഫ. ഡോ. മാത്യു ജോസഫ് സംസാരിച്ചു. Read on deshabhimani.com