മാരാരിക്കുളം 
രക്തസാക്ഷി സ്‌മരണ ഇന്ന്‌



ആലപ്പുഴ പിറന്ന നാടിന്റെ മോചനത്തിന് ജീവൻ ബലികൊടുത്ത മാരാരിക്കുളം രക്തസാക്ഷികളുടെ ഓർമ ശനിയാഴ്ച പുതുക്കും. രക്തസാക്ഷി കുടുംബാംഗങ്ങളടക്കം ആയിരങ്ങൾ രക്തസാക്ഷിമണ്ഡപത്തിൽ രണധീരർക്ക് പ്രണാമം അർപ്പിക്കും. ജനമനസുകളിൽ എന്നും നിലനിൽക്കുന്ന വീറുറ്റ പോരാട്ടമാണ് മാരാരിക്കുളം രക്തസാക്ഷിത്വം. പുന്നപ്രയിലെ വെടിവയ്‌പിനുശേഷം പട്ടാളം മാരാരിക്കുളം പാലംകടന്ന്‌ വയലാറിലേക്കു റോഡുമാർഗം നീങ്ങാൻ തീരുമാനിച്ചു. പട്ടാളത്തെ തടയാൻ സമരഭടന്മാർ മാരാരിക്കുളം പാലം പൊളിച്ചുമാറ്റി. ഇതറിഞ്ഞ പട്ടാളം പാലം പുനർനിർമിച്ചു. പുതിയ പാലം തകർക്കാനും വളന്റിയർമാർ പദ്ധതി ആസൂത്രണംചെയ്തു. ഇത് മനസിലാക്കിയ പട്ടാളം തോക്കുമേന്തി വളന്റിയർമാരെ നേരിടാൻ ഒളിച്ചിരുന്നു. ഇതറിയാതെ വീണ്ടും പാലം പൊളിക്കാനായി വളന്റിയർമാർ മാർച്ചു ചെയ്തെത്തി. തുടർന്ന് സമരഭടന്മാർക്കു നേരെ വെടിവയ്ക്കുകയായിരുന്നു. വെടിവയ്‌പിൽ ആറുപേർ രക്തസാക്ഷികളായി. നിരവധി പേർക്ക് പരിക്കേറ്റു. പലർക്കും അംഗഭംഗം നേരിട്ടു. വെടിയേറ്റ് വീണവരെ പട്ടാളം പാലത്തിനു സമീപം കുഴിച്ചുമൂടി.  രക്തസാക്ഷി അനുസ്‌മരണത്തിന്റെ ഭാഗമായി വാർഡ്‌ വാരാചരണ കമ്മിറ്റികളുടെ പ്രകടനം വൈകിട്ട്‌ അഞ്ചിന്‌ ആരംഭിച്ച്‌ രക്തസാക്ഷിമണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തും. വൈകിട്ട്‌ ആറിന്‌ എസ്‌ എൽ പുരത്ത്‌ പൊതുസമ്മേളനം സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി ഉദ്‌ഘാടനംചെയ്യും. വാരാചരണ കമ്മിറ്റി പ്രസിഡന്റ്‌ ബിമൽ റോയ്‌ അധ്യക്ഷനാകും. മന്ത്രി ജി ആർ അനിൽ മുഖ്യപ്രഭാഷണം നടത്തും. വാരാചരണ കമ്മിറ്റി സെക്രട്ടറി എസ്‌ രാധാകൃഷ്‌ണൻ സ്വാഗതം പറയും. നേതാക്കളായ ആർ നാസർ, സി ബി ചന്ദ്രബാബു, ജി വേണുഗോപാൽ, പി പ്രസാദ്‌, ടി ടി ജിസ്‌മോൻ, ടി ജെ ആഞ്ചലോസ്‌, പി പി ചിത്തരഞ്ജൻ, പി വി സത്യനേശൻ, വി ജി മോഹനൻ, ജി കൃഷ്‌ണപ്രസാദ്‌, പ്രഭാമധു, ദീപ്‌തി അജയകുമാർ എന്നിവർ സംസാരിക്കും.   Read on deshabhimani.com

Related News