പട്ടണക്കാട് മിൽമ ഫാക്‌ടറിയിലെ തൊഴിലാളി സമരം അവസാനിപ്പിച്ചു
തുറവൂർ പട്ടണക്കാട് മിൽമ കാലിത്തീറ്റ ഫാക്‌ടറിയിലെ തൊഴിലാളി സമരം അവസാനിപ്പിച്ചു. മന്ത്രി ജെ ചിഞ്ചുറാണിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലെ ഉറപ്പിന്റെയടിസ്ഥാനത്തിലാണ് 25 ദിവസം പിന്നിട്ട സമരം താൽക്കാലികമായി നിർത്തിവച്ചതെന്ന് നേതാക്കൾ പറഞ്ഞു. സിഐടിയു, ഐഎൻടിയുസി, എഐടിയുസി, ബിഎംഎസ്, ടിയുസിഐ യൂണിയനുകളുടെ സംയുക്ത സമരസമിതി നേതൃത്വത്തിലായിരുന്നു സമരം. ജോലിചെയ്‌താണ് 115 അറ്റാച്ച് വിഭാഗം ചുമട്ടുതൊഴിലാളികൾ പ്രതിഷേധിച്ചത്. ദിവസം 350 മെട്രിക് ടൺ ഉൽപ്പാദനശേഷിയുള്ള പൊതുമേഖലാ സ്ഥാപനമാണ് പട്ടണക്കാട് മിൽമ. ദിവസം 4000 ചാക്ക് കാലിത്തീറ്റ വിതരണംചെയ്‌ത സ്ഥാപനം ഇപ്പോൾ ശരാശരി 1000 ചാക്ക് പോലും വിതരണംചെയ്യുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സമരം. ദലീമ എംഎൽഎ വിഷയം നിയമസഭയിൽ സബ്മിഷനായി ഉന്നയിച്ചു. മന്ത്രി പി പ്രസാദിന്റെ ആവശ്യപ്രകാരമാണ് ജെ ചിഞ്ചുറാണി തിരുവനന്തപുരത്ത് യോഗം വിളിച്ചത്. ഒരു മാസത്തിനകം പ്രശ്‌നപരിഹാരമുണ്ടാക്കാൻ മൃഗസംരക്ഷണ സെക്രട്ടറിക്ക് മന്ത്രി നിർദേശം നൽകി. ഇതേത്തുടർന്നാണ് സമരം നിർത്തിയത്. സിഐടിയു ഏരിയ സെക്രട്ടറി പി ഡി രമേശൻ, എഐടിയുസി ജില്ലാ കമ്മിറ്റിയംഗം എ പി പ്രകാശൻ, ഐഎൻടിയുസി കൺവീനർ കെ പി രമേശ് ബാബു, സിഐടിയു കൺവീനർ വി പി രാജേഷ്, ടിയുസിഐ ജില്ലാ സെക്രട്ടറി കെ വി ഉദയഭാനു, ബിഎംഎസ് കൺവീനർ വിമൽ എന്നിവർ സംസാരിച്ചു. Read on deshabhimani.com