ആയുഷ് സ്ഥാപനങ്ങളെ ശാക്തീകരിക്കും: മന്ത്രി വീണാ ജോർജ്
ആലപ്പുഴ ജില്ലാ ഹോമിയോ ആശുപത്രിയിൽ നിർമിച്ച പുതിയ ഒ പി ബ്ലോക്ക് ആരോഗ്യമന്ത്രി വീണാ ജോർജ് ഉദ്‌ഘാടനം ചെയ്‌തു. അഞ്ച് ഒപി കൺസൾട്ടേഷൻ മുറികൾ, രോഗികൾക്കുള്ള കാത്തിരിപ്പ് കേന്ദ്രം, ശുചിമുറികൾ, യൂട്ടിലിറ്റി ഏരിയ, പേ വാർഡ്, സ്യൂട്ട് റൂം എന്നിവയാണ് പുതിയ ഒപി ബ്ലോക്കിൽ ഒരുക്കിയിരിക്കുന്നത്. ഡോ. സാമുവൽ ഹാനിമാന്റെ ഛായാചിത്രം മന്ത്രി ചടങ്ങിൽ അനാച്ഛാദനം ചെയ്തു. ആയുഷ് മേഖലയിൽ 2024- –-25 കാലയളവിൽ 39 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തിയെന്ന് മന്ത്രി പറഞ്ഞു. പുന്നപ്ര സർക്കാർ ആയുർവേദ ആശുപത്രിക്ക് ഒരു കോടിയും തകഴി ഹോമിയോപ്പതി ഡിസ്പെൻസറിക്ക് 30 ലക്ഷവും അനുവദിച്ചു. തൈക്കാട്ടുശേരി, അരൂർ എന്നിവിടങ്ങളിലും പുതിയ കെട്ടിടങ്ങളുടെ നിർമാണം പുരോഗമിക്കുകയാണ്. ആയുഷ് സ്ഥാപനങ്ങളെ ശാക്തീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. രാജ്യത്ത് ആയുഷ് വിഭാഗത്തിലെ സ്ഥാപനങ്ങൾക്ക് എൻഎബിഎച്ച് അംഗീകാരം ആദ്യം ലഭിച്ചത് കേരളത്തിലാണെന്നും മന്ത്രി പറഞ്ഞു. എച്ച് സലാം എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, ആലപ്പുഴ നഗരസഭാധ്യക്ഷ കെ കെ ജയമ്മ, ഹോമിയോപ്പതി ഡയറക്ടർ ഡോ. എം പി ബീന, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ എം വി പ്രിയ, കൗൺസിലർ പ്രഭാ ശശികുമാർ, ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. പ്രിൻസി സെബാസ്റ്റ്യൻ, ഡിപിഎം ഡോ. കെ ജി ശ്രീജിനൻ, ഹോംകോ എംഡി ഡോ. ശോഭാചന്ദ്രൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com