വികസനക്കുതിപ്പിൽ മെഡി. കോളേജ്

ആലപ്പുഴ ടി ഡി മെഡിക്കൽ കോളേജിലെ പുതിയ ഗൈനക് ബ്ലോക്ക്, കൂട്ടിരിപ്പുകാരുടെ വിശ്രമകേന്ദ്രം കാന്റീൻ കം ഗസ്റ്റ് റൂം എന്നിവ മന്ത്രി വീണാ ജോർജ് ഉദ്ഘാടനംചെയ്യുന്നു


വണ്ടാനം  ആലപ്പുഴ ഗവ. മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലെ ഓക്സിജന്‍ ബെഡുകളുടെ എണ്ണം 93ല്‍ നിന്ന് 923 ആയി ഉയര്‍ത്താന്‍ സാധിച്ചതായി മന്ത്രി വീണാ ജോര്‍ജ്. സര്‍ക്കാരിന് ഈ മെഡിക്കല്‍ കോളേജിനോടുള്ള സമീപനം ഇതില്‍ നിന്ന് മനസിലാക്കാമെന്നും മന്ത്രി പറഞ്ഞു. മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി ബ്ലോക്ക്, കൂട്ടിരുപ്പുകാരുടെ വിശ്രമകേന്ദ്രം, കാന്റീന്‍ കം ഗസ്റ്റ് റൂം, 12 കോടിയിലേറെ രൂപ ചെലവഴിച്ച്‌ സ്ഥാപിച്ച വിവിധ ചികിത്സാ ഉപകരണങ്ങള്‍ എന്നിവ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഈ സര്‍ക്കാരിന്റെ തുടക്ക കാലത്ത് 1200 ആയിരുന്ന ഇവിടത്തെ ഒപി ഇന്ന് 3095 പേരിലേക്കെത്തി. 35ലേറെ വൃക്ക മാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയ നടത്തി. 2022 മുതല്‍ സര്‍ക്കാര്‍ മേഖലയില്‍ കരള്‍ മാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയ ആരംഭിക്കാനായി. രണ്ടുമെഡിക്കല്‍ കോളേജുകളില്‍ ഇത് വിജയകരമായി തുടരുന്നു. സംസ്ഥാനത്ത് ഒരു ട്രാന്‍സ്‌പ്ലാന്റേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കും. ആലപ്പുഴയില്‍ 14 പുതിയ മെഡിക്കല്‍ സീറ്റുകളാണ് അനുവദിച്ചത്. 95 ശതമാനത്തിലേറെ വിജയം നേടിയാണ് അക്കാദമിക്‌ രംഗത്ത് മികവ് തുടരുന്നത്. പ്ലാസ്റ്റിക് സര്‍ജറി, എമര്‍ജന്‍സി മെഡിസിന്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ തസ്തികകളും സൃഷ്ടിച്ചു–-മന്ത്രി പറഞ്ഞു.    ആശുപത്രി അങ്കണത്തിൽ ചേർന്ന സമ്മേളനത്തിൽ എച്ച് സലാം എംഎല്‍എ അധ്യക്ഷനായി. ഡയറക്ടർ ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ഡോ. തോമസ് മാത്യു, കലക്ടര്‍ അലക്‌സ് വര്‍ഗീസ്, ജോയിന്റ് ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ ഡോ. കെ വി വിശ്വനാഥന്‍, ടി ഡി എം സി പ്രിൻസിപ്പൽ ഡോ. മിറിയം വർക്കി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബാ രാകേഷ്, എൻ എച്ച് എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. കോശിപണിക്കർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പി എം ദീപ, ബ്ലോക്ക് പഞ്ചായത്തംഗം പ്രദീപ്തി സജിത്ത്, പഞ്ചായത്തംഗങ്ങളായ സുനിതാ പ്രദീപ്, ടി ജയപ്രകാശ്, ആശുപത്രി സൂപ്രണ്ട് ഡോ. എ അബ്ദുല്‍ സലാം, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയർ ഐ റംലാബീവി, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ ആർ നാസർ, ഇ കെ ജയൻ, ടി എ ഹാമിദ്, പ്രദീപ് കൂട്ടാല, മുജീബ് റഹ്മാൻ, സാദിക് ഉലഹൻ, സഫീർ പീഡിയേക്കൽ, ജലാൽ അമ്പനാകുളങ്ങര എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച മെഡിക്കൽ വിദ്യാർഥികളെ മന്ത്രി അനുമോദിച്ചു. മെഡിക്കല്‍ കോളേജിന് എതിരെയുള്ള 
ആക്ഷേപങ്ങള്‍ക്കെതിരെ കാമ്പയിന്‍ വണ്ടാനം  ആലപ്പുഴ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിക്കുനേരെ ഉയരുന്ന ആക്ഷേപങ്ങള്‍ക്കെതിരെ കാമ്പയിന്‍ സംഘടിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. ആശുപത്രി അവലോകന യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. മെഡിക്കല്‍ കോളേജ് സാധാരണ ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്. ഇവിടെ ഒ പി യുടെ കാര്യത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായിട്ടുണ്ട്. അനാവശ്യമായി ഉണ്ടാകുന്ന ചില ആക്ഷേപങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.  ആശുപത്രിയെ സംരക്ഷിക്കാനും പ്രവര്‍ത്തനം സംബന്ധിച്ചും കാമ്പയിൻ നടത്താൻ അവലോകന യോഗം തീരുമാനിച്ചു. ഇവിടെയെത്തുന്ന ഓരോ രോഗികള്‍ക്കും കൃത്യമായ ചികിത്സ നല്‍കും. അനുഭവപരിചയമുള്ള ഡോക്ടര്‍മാര്‍ തന്നെ രോഗികളെ കാണുന്നുവെന്ന്‌  ഉറപ്പാക്കും. അതിനായി വിട്ടുവീഴ്ചയില്ലാത്ത സമീപനം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. യോഗത്തില്‍ എച്ച് സലാം എം എല്‍ എ,  ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന്‍ ഡോ. തോമസ് മാത്യു, പ്രിൻസിപ്പൽ ഡോ. മിറിയം വർക്കി, ആശുപത്രി സൂപ്രണ്ട് ഡോ.എ അബ്ദുള്‍ സലാം എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News