കേരളം ശക്തമായ വർഗീയ ആക്രമണത്തിന്‌ 
വിധേയം: എം സ്വരാജ്‌

ശിവരാമൻ ചെറിയനാട് സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ ശിവരാമൻ ചെറിയനാട് അവാർഡ് മാവേലിക്കര ടൗൺ ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം 
എം സ്വരാജിൽനിന്ന് എം വി ജനാർദനൻ ഏറ്റുവാങ്ങുന്നു


മാവേലിക്കര പ്രബുദ്ധതയുടെ നാടായ കേരളം ശക്‌തമായ വർഗീയ ആക്രമണത്തിന്‌ വിധേയമായിരിക്കുകയാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്‌ പറഞ്ഞു. വർഗീയമായി ജനങ്ങളെ ചേരിതിരിക്കാനുള്ള ശ്രമം ശക്തിപ്പെട്ടതാണ്‌ കേരളം നേരിടുന്ന ഏറ്റവും വലിയ ഭീഷണി. ശിവരാമൻ ചെറിയനാട്‌ പുരസ്‌കാരദാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതീയതക്കെതിരായ സമരത്തിന്റെ അഗ്‌നിസ്‌പർശമേറ്റ നാട്ടിൽ ജനങ്ങളെ വർഗീയമായി ചേരിതിരിക്കാനുള്ള ശ്രമം ശക്തമാണ്‌. ഉള്ളിന്റെയുള്ളിൽ അൽപം വർഗീയ ചിന്ത ഉള്ളവർ പോലും അത്‌ പുറത്തുപറയാൻ മടിച്ചിരുന്നു. എന്നാൽ കലർപ്പില്ലാതെ വർഗീയത പറയാൻ മടിയില്ലാത്തവരായി ഗണ്യമായ ഒരു വിഭാഗം മാറി. സമൂഹമാധ്യമങ്ങളെയാണ്‌ ഇതിനായി ഉപയോഗിക്കുന്നത്‌. പച്ചയായ വർഗീയ പ്രചാരണമാണ്‌ നടക്കുന്നത്‌. വംശീയതയും വർഗീയതയും ഉള്ളിലേക്ക്‌ നുഴഞ്ഞുകയറാൻ സദാശ്രമിക്കുന്നു, അതിപ്പോഴും തൊലിപ്പുറത്തുതന്നെയുണ്ട്‌ എന്ന എം മുകുന്ദന്റെ നോവലിലെ പരാമർശം പ്രഹരശേഷിയുള്ളതാണ്‌. കേരളത്തിലെ മഹാഭൂരിപക്ഷംപേരുംഅതിന്‌ വഴങ്ങിയിട്ടില്ല.  രാജ്യത്ത്‌ ബിജെപി ആഗ്രഹിച്ച വിജയം നേടാനായില്ല. എന്നാൽ ദക്ഷിണേന്ത്യയിൽ വർഗീയ രാഷ്‌ട്രീയം വ്യാപിക്കുന്നതിന്റെ ലക്ഷണങ്ങളാണ്‌ ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ ഫലം കാണിക്കുന്നത്‌. വിശ്വാസത്തെ വർഗീയമായി വികസിപ്പിക്കുക എന്ന ഗൂഢപദ്ധതിയാണ്‌ അരങ്ങേറുന്നത്‌. രാജ്യവ്യാപകമായി പരീക്ഷിച്ച ഇക്കാര്യം ഇപ്പോൾ കേരളത്തിലും നടപ്പാക്കുന്നു. ജാതിയും മതവുമൊക്കെ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുന്ന ഘടകങ്ങളാക്കി മാറ്റുന്നു. മതങ്ങൾക്കിടയിൽ വിദ്വേഷം ശക്തിപ്പെടുത്താനുള്ള ആസൂത്രിതമായ പദ്ധതി ആവിഷ്‌കരിക്കുന്നു. പൗരത്വ ഭേദഗതി നിയമങ്ങളും പശുഹത്യയുമെല്ലാം മനുഷ്യരെ മതപരമായി ചേരിതിരിക്കാനും വർഗീയമായി ചിന്തിക്കാനും പ്രേരിപ്പിക്കുന്ന പദ്ധതികളുടെ ഭാഗമാണ്‌.  പുരോഗമന കാഴ്‌ചപ്പാടുകൾ വളർത്തിയും ശരിയായ ചരിത്രബോധം പകർന്നും മാത്രമേ ഈ വെല്ലുവിളിയെ നേരിടാനാകൂ. വർഗീയവാദികളെ സംബന്ധിച്ചിടത്തോളംചരിത്രം മായ്‌ച്ചുകളയേണ്ട ഒന്നാണ്‌. രാജ്യമാകെ അതിനുള്ള ശ്രം നടക്കുന്നു. മാനവികതയുടെ രാഷ്‌ട്രീയം കേരളത്തിൽ രൂപപ്പെട്ടത്‌ ശക്തമായ പോരാട്ടങ്ങളിലൂടെയാണ്‌ എന്ന ചരിത്രം ആവർത്തിച്ചു പറയേണ്ട ഘട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു.  Read on deshabhimani.com

Related News