കേന്ദ്രത്തിന് താക്കീതായി തൊഴിലാളി – കർഷക പ്രതിഷേധം

കേന്ദ്രസര്‍ക്കാരിനെതിരെ ആലപ്പുഴ ബിഎസ്എന്‍എല്‍ ഓഫീസിന് മുന്നില്‍ സംയുക്ത കിസാന്‍ മോര്‍ച്ച– ട്രേഡ് യൂണിയന്‍ ഐക്യസമിതി സംഘടിപ്പിച്ച ധര്‍ണ ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് ജി ബൈജു ഉദ്ഘാടനംചെയ്യുന്നു


തിരുവനന്തപുരം കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ, കർഷക–- കർഷകത്തൊഴിലാളി ദ്രോഹ നടപടികൾക്കെതിരെ ജനലക്ഷങ്ങളുടെ ഉശിരൻ പ്രതിഷേധം. തൊഴിലാളി വിരുദ്ധ ലോബർ കോഡുകൾക്കെതിരെയും കർഷക ദ്രോഹ നിയമ ഭേദഗതികൾക്കുമെതിരെയും ട്രേഡ്‌ യൂണിയൻ–-കർഷക–- കർഷകത്തൊഴിലാളികളുടെ സംയുക്ത സമിതിയുടെ നേതൃത്വത്തിലാണ്‌ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചത്‌. സംയുക്ത കിസാൻ മോർച്ചയും കേന്ദ്ര ട്രേഡ്‌ യൂണിയനുകളും  രാജ്യവ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധത്തിന്റെ ഭാഗമായാണ്‌ സംസ്ഥാനത്ത്‌ ജില്ലാ കേന്ദ്രങ്ങളിലെ കേന്ദ്ര സർക്കാർ ഓഫീസുകൾക്കു മുന്നിലും തലസ്ഥാനത്ത്‌ രാജ്‌ഭവനു മുന്നിലും പ്രതിഷേധം സംഘടിപ്പിച്ചത്‌.  കർഷകസമരത്തിലെ ഒത്തുതീർപ്പ് വ്യവസ്ഥകൾ നടപ്പാക്കുക, ഉൽപ്പാദനച്ചെലവിനോട് അതിന്റെ പകുതിയുംകൂടി കൂട്ടിയ താങ്ങുവില ഉറപ്പാക്കി എല്ലാ കാർഷികോൽപ്പന്നങ്ങളും സംഭരിക്കുക,  നാല്‌ ലേബർ കോഡുകളും 2022ലെ ഇലക്ട്രിസിറ്റി ഭേദഗതി ബില്ലും റദ്ദാക്കുക,  തൊഴിലുറപ്പ് പദ്ധതി വിപുലപ്പെടുത്തി ദിവസക്കൂലി 600 രൂപയാക്കി വർഷം 200 പ്രവൃത്തി ദിനമാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചായിരുന്നു പ്രതിഷേധം. തലസ്ഥാനത്ത്‌ മാനവീയം വീഥിയിൽനിന്ന്‌ ആരംഭിച്ച മാർച്ചിൽ ആയിരങ്ങൾ അണിനിരന്നു. രാജ്‌ഭവന്‌ മുന്നിലെ ധർണ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്‌ഘാടനം ചെയ്‌തു. കർഷകസംഘം സംസ്ഥാന പ്രസിഡന്റ്‌ എം വിജയകുമാർ അധ്യക്ഷനായി. ആലപ്പുഴ ബിഎസ്എൻഎൽ ഓഫീസിലേയ്ക്ക് മാർച്ചും ധർണയും നടത്തി. ഇ എം എസ് സ്റ്റേഡിയത്തിൽ നിന്ന് ആരംഭിച്ച മാർച്ചിൽ വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിലും കർഷക തൊഴിലാളി സംഘടനകളുടെയും നേതൃത്വത്തിലും നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. ബിഎസ്എൻഎൽ ഓഫീസ് പടിക്കൽ നടത്തിയ ധർണ ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് ജി ബൈജു ഉദ്ഘാടനംചെയ്തു. ബികെഎംയു ജില്ലാ സെക്രട്ടറി ആർ അനിൽകുമാർ അധ്യക്ഷനായി. കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി എം സത്യപാലൻ സ്വാഗതം പറഞ്ഞു. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ, കെഎസ്‌കെടിയു ദേശീയ സമിതിയംഗം എ ഡി കുഞ്ഞച്ചൻ, കേരള കർഷക സംഘം ജില്ലാ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ,  എഐടിയുസി ജില്ലാ പ്രസിഡന്റ് വി മോഹൻദാസ്, കിസാൻസഭ ജില്ലാ പ്രസിഡന്റ് ജി കൃഷ്ണപ്രസാദ്, സെക്രട്ടറി ആർ സുഖലാൽ,  കളത്തിൽ വിജയൻ, അനിൽ പ്രസാദ്, കെ വി ഉദയഭാനു, ബി ലാലി, സലിം ബാബു, ടി കെ ഗോപിനാഥ്, എൻ കെ വിദ്യാധരൻ എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News